ടെൽ അവീവ്: ഇസ്രയേലിനെ നടുക്കിയ 2023 ഒക്ടോബർ ഏഴ് ഭീകരാക്രമണത്തെക്കുറിച്ച് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് യുഎഇ പ്രസിഡന്റിൽനിന്നു മുന്നറിയിപ്പ് ലഭിച്ചിരുന്നുവെന്നും എന്നാൽ അദ്ദേഹം അത് അവഗണിക്കുകയായിരുന്നുവെന്നും റിപ്പോർട്ട്. പൊതുതെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ ഇസ്രേലി രാഷ്ട്രീയത്തിൽ വലിയ വിവാദത്തിനാണ് ഈ ആരോപണം തിരി കൊളുത്തിയിരിക്കുന്നത്.
ഹമാസ് ആക്രമണത്തിനു പത്തു ദിവസം മുന്പ് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നെതന്യാഹുവിനെ ഫോണിൽ വിളിച്ച് ഹമാസും യഹിയ സിൻവറും വലിയൊരു ആക്രമണത്തിനു പദ്ധതിയിടുന്നുണ്ടെന്നു മുന്നറിയിപ്പ് നൽകിയിരുന്നുവെന്നാണ് ഇസ്രേലി പത്രമായ ‘ഹാരെറ്റ്സ്’ റിപ്പോർട്ട് ചെയ്തത്. എന്നാൽ, ഈ വിവരങ്ങൾ പ്രധാനമന്ത്രി രാജ്യത്തെ സുരക്ഷാസേനകൾക്കു കൈമാറിയില്ലെന്നും വാർത്തയിൽ ആരോപിക്കുന്നു.
അതേസമയം, വാർത്ത തികച്ചും വ്യാജവും രാഷ്ട്രീയലക്ഷ്യത്തോടെയുള്ളതുമാണെന്ന് നെതന്യാഹുവിന്റെ ഓഫീസ് വ്യക്തമാക്കി. യുഎഇ പ്രസിഡന്റുമായി ഇത്തരമൊരു സംഭാഷണം നടന്നിട്ടില്ലെന്നും റിപ്പോർട്ട് നൽകിയ പത്രത്തിനും മാധ്യമപ്രവർത്തകനുമെതിരേ മാനനഷ്ടക്കേസ് ഫയൽ ചെയ്യാൻ അഭിഭാഷകർക്കു നിർദേശം നൽകിയതായും നെതന്യാഹു അറിയിച്ചു. എന്നാൽ, തങ്ങൾ പ്രസിദ്ധീകരിച്ച വാർത്തയിൽ ഉറച്ചുനിൽക്കുന്നതായി ‘ഹാരെറ്റ്സ്’ വ്യക്തമാക്കി.
ഇസ്രയേലും യുഎഇയും തമ്മിൽ തുറന്ന നയതന്ത്രബന്ധങ്ങൾ നിലനിൽക്കുന്നുണ്ടെന്നും ആവശ്യമായ വിവരങ്ങൾ കൈമാറാറുണ്ടെന്നും വ്യക്തമാക്കിയ യുഎഇ വിദേശകാര്യ മന്ത്രാലയം, ഫോൺ സംഭാഷണത്തെക്കുറിച്ചുള്ള വാർത്ത ശരിവയ്ക്കാനോ നിഷേധിക്കാനോ തയാറായില്ല.
അടുത്തമാസം 27ന് ഇസ്രയേലിൽ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, പ്രതിപക്ഷം ഈ വിഷയം നെതന്യാഹുവിനെതിരേ വലിയ ആയുധമാക്കിയിരിക്കുകയാണ്.
മുൻ പ്രധാനമന്ത്രി നഫ്താലി ബെനറ്റ്, പ്രതിപക്ഷനേതാവ് ഗാഡി ഐസൻകോട്ട് തുടങ്ങിയവർ നെതന്യാഹുവിനെതിരേ ഗുരുതരമായ വീഴ്ച ആരോപിക്കുകയും ആക്രമണത്തെക്കുറിച്ച് ഔദ്യോഗിക അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
1,200ഓളം പേർ കൊല്ലപ്പെടുകയും നൂറുകണക്കിനു പേർ ബന്ദികളാക്കപ്പെടുകയും ചെയ്ത ഒക്ടോബർ ഏഴിലെ ആക്രമണത്തെ പ്രതിരോധിക്കുന്നതിൽ നെതന്യാഹു ഭരണകൂടത്തിനു വലിയ വീഴ്ച സംഭവിച്ചെന്ന ആരോപണം ഇതോടെ വീണ്ടും ശക്തമായിരിക്കുകയാണ്.