ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാമിൽ സിആർപിഎഫ് പോസ്റ്റിനുനേരെ ആക്രമണം നടത്തിയ ലഷ്കർ-ഇ-ത്വയ്ബ കമാൻഡർ മുഹമ്മദ് ലത്തീഫ് ഭട്ടിനെ സുരക്ഷാ സേന വധിച്ചതിന് പിന്നാലെ ശക്തമായ പ്രതികരണവുമായി സിആർപിഎഫ് ജനറൽ ജ്ഞാനേന്ദ്ര പ്രതാപ് സിംഗ്.
"അഭിനന്ദനങ്ങൾ സുഹൃത്തുക്കളെ, തണുപ്പുകാലമായാൽക്കൂടി ചില വിഭവങ്ങൾ തണുപ്പിച്ചുകഴിക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. ഏറ്റുമുട്ടലിനെക്കുറിച്ച് നേരിട്ട് പരാമർശിക്കാതെയായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്. ഭീകരവാദികൾക്കെതിരെയുള്ള സുരക്ഷാ സേനയുടെ കണക്കുകൂട്ടിയുള്ള ശക്തമായ തിരിച്ചടിയെയാണ് ഈ വാക്കുകൾ സൂചിപ്പിക്കുന്നതെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ ബുധനാഴ്ച കുൽഗാമിലെ സിആർപിഎഫ് ചെക്ക് പോസ്റ്റിന് നേരെ ലത്തീഫ് ഭട്ടും സംഘവും നടത്തിയ ആക്രമണത്തിൽ മൂന്ന് ജവാന്മാർക്ക് പരിക്കേറ്റിരുന്നു. ഈ ആക്രമണത്തിന് പിന്നിലെ മുഖ്യസൂത്രധാരനായിരുന്നു ഇയാൾ.
തിങ്കളാഴ്ച നടന്ന ഏറ്റുമുട്ടലിൽ ഒപ്പമുണ്ടായിരുന്ന മറ്റൊരു ഭീകരൻ ഉമർ നിസാർ ദാർ കൊല്ലപ്പെട്ടിരുന്നെങ്കിലും ലത്തീഫ് അന്ന് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ ശക്തമായ തിരച്ചിലിനൊടുവിൽ ബുധനാഴ്ച പുലർച്ചെ സങ്കൽപോറയിലെ ഒരു മസ്ജിദിനുള്ളിൽ ഒളിഞ്ഞിരിക്കുകയായിരുന്ന ലത്തീഫ് ഭട്ടിനെ സൈന്യം വളയുകയായിരുന്നു.
ജീവനോടെ പിടികൂടാനായി മുതിർന്ന ഉദ്യോഗസ്ഥർ വീഡിയോ കോളിലൂടെ ബന്ധപ്പെട്ട് കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ അത് നിരസിച്ചു. തുടർന്ന് സേനയ്ക്ക് നേരെ വെടിയുതിർത്തതോടെ സുരക്ഷാ സേന നടത്തിയ തിരിച്ചടിയിലാണ് ഇയാളെ വധിച്ചത്.