ദുബായ് / ടെൽ അവീവ്: ദുബായിൽനിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്കു പറന്ന ഫ്ലൈ ദുബായ് വിമാനത്തിൽ ഇന്ത്യൻ ക്യാപ്റ്റനെ കുത്തിപ്പരിക്കേൽപ്പിച്ചു വിമാനം തകർക്കാൻ ശ്രമിച്ച സംഭവം ആസൂത്രിതമായ ഭീകരാക്രമണനീക്കം തന്നെയായിരുന്നുവെന്ന് യുഎഇ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
വിമാനത്തിന്റെ നിയന്ത്രണം പിടിച്ചെടുത്ത് ഇസ്രയേലിൽവച്ച് തകർത്തുകളയുകയായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന് യുഎഇ ഫെഡറൽ പ്രോസിക്യൂട്ടർ കൗൺസിലർ ഡോ. ഹമദ് സൈഫ് അൽ ഷംസി വ്യക്തമാക്കി. നിലവിൽ യുഎഇ കസ്റ്റഡിയിലുള്ള പ്രതിക്കെതിരേ ഭീകരവാദ വിരുദ്ധ നിയമപ്രകാരമാണു കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സംഭവം നടന്ന് മണിക്കൂറുകൾക്കകം ഇയാളുടെ ലിങ്ക്ഡ്ഇൻ, ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റുകൾ അന്വേഷണ ഉദ്യോഗസ്ഥരെ ഞെട്ടിച്ചിരിക്കുകയാണ്. വീഡിയോയുടെ അവസാന ഭാഗങ്ങളിൽ അൽക്വയ്ദ മുൻ മേധാവി അയ്മൻ അൽ സവാഹിരിയുടെയും 2009ൽ സിഐഎ ഉദ്യോഗസ്ഥർക്കു നേരേ ബോംബാക്രമണം നടത്തിയ ഹുമാം ഖലീൽ അബു മുലാൽ അൽ ബലാവിയുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
കോക്പിറ്റിൽനിന്നു ചിത്രീകരിച്ച വീഡിയോകളിൽ ഇസ്രേലി വിമാനക്കമ്പനികളായ എൽ അൽ, അർക്കിയ എന്നിവയുടെ വിമാനങ്ങൾ സൂം ചെയ്തു കാണിക്കുന്നുണ്ട്.
ഇയാളുടെ പഴയ ട്വിറ്റർ പ്രൊഫൈലുകളിൽ അതിതീവ്ര മതനിലപാടുകളും സ്ത്രീവിരുദ്ധ ആശയങ്ങളും പങ്കുവച്ചിരുന്നതായും വ്യക്തമായിട്ടുണ്ട്.
കഴിഞ്ഞ 30നാണ് 174 യാത്രക്കാരും ആറു ജീവനക്കാരുമായി എഫ്ഇസെഡ് 1073 ഫ്ലൈ ദുബായ് വിമാനം പറന്നുയർന്നത്. യാത്രയ്ക്കിടെ കോക്പിറ്റിലുണ്ടായിരുന്ന ക്രാഷ് കോടാലി ഉപയോഗിച്ച് ഒമാൻ സ്വദേശിയായ സഹപൈലറ്റ് ഹമാം അൽ ഹമ്മാമി (29) ഇന്ത്യൻ ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റിട്ടും രക്തത്തിൽ കുളിച്ച അവസ്ഥയിൽ ക്യാപ്റ്റൻ സ്മിത് മച്ചാർ കോക്പിറ്റിന്റെ വാതിൽ തുറന്നുകൊടുത്തതോടെ വിമാനത്തിലുണ്ടായിരുന്ന ഇസ്രേലി യാത്രക്കാരും കാബിൻ ക്രൂവും കോക്പിറ്റിലേക്ക് ഇരച്ചുകയറി പ്രതിയെ കീഴ്പ്പെടുത്തുകയും കയറുകൊണ്ട് കെട്ടിയിടുകയുമായിരുന്നു.
ഇതിനിടെ സൗദി അറേബ്യക്കു മുകളിൽവച്ച് വിമാനം 17,000 അടി താഴേക്കു പതിച്ചെങ്കിലും വിമാനത്തിലുണ്ടായിരുന്ന രണ്ട് ഓഫ് ഡ്യൂട്ടി പൈലറ്റുമാരുടെ സഹായത്തോടെ സൗദിയിലെ തബൂക്ക് വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്യിച്ചു.