ന്യൂഡല്‍ഹി: പാക്കിസ്ഥാന് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ‘ഷഹ്സാദ് ഭട്ടി നെറ്റ്വര്‍ക്ക്’ (എസ്ബിഎന്‍) എന്ന സംഘടനയെ കേന്ദ്രസര്‍ക്കാര്‍ ഭീകരസംഘടനയായി പ്രഖ്യാപിച്ചു.
ഭീകരതയോടു സഹിഷ്ണുതയില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണു നടപടിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി.
അതിര്‍ത്തി കടന്ന് ആയുധങ്ങളും സ്ഫോടകവസ്തുക്കളും ലഹരിമരുന്നുകളും കടത്തുന്നതിനായി നിഷ്കളങ്കരായ യുവാക്കളെയും പ്രാദേശിക കുറ്റവാളികളെയും ഉപയോഗിക്കുകയും, തീവ്രവാദ പ്രവര്‍ത്തനങ്ങളിലൂടെ രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥയ്ക്കും സമാധാനത്തിനും ആഭ്യന്തര സുരക്ഷയ്ക്കും കടുത്ത ഭീഷണി ഉയര്‍ത്തുകയുമാണ് എസ്ബിഎന്നിന്റെ ലക്ഷ്യമെന്ന് വിജ്ഞാപനത്തില്‍ പറയുന്നു.
യുഎപിഎ, ഭാരതീയ ന്യായസംഹിത, ആയുധ നിയമം, സ്ഫോടകവസ്തു നിയമം, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമം, പ്രോപ്പര്‍ട്ടി വിരൂപണം തടയല്‍ നിയമം തുടങ്ങിയ വിവിധ നിയമപ്രകാരമുള്ള ക്രിമിനല്‍ കേസുകള്‍ എസ്ബിഎന്‍ അംഗങ്ങള്‍ക്കെതിരേ നിലവിലുണ്ട്.