സെപ്റ്റംബർ 25 മുതൽ 28 വരെ ലെയോ പതിനാലാമൻ മാർപാപ്പ ഫ്രാൻസിൽ നടത്തിയ സന്ദർശനം ആ രാജ്യത്തെയും യൂറോപ്പിനെയും കടന്നു ലോകശ്രദ്ധ നേടിയ വലിയ ഒരു ആത്മീയസംഭവമായിരുന്നു. പാരീസിൽനിന്നു ലൂർദിലേക്കും അവിടെനിന്ന് മെറ്റ്സിലേക്കും നീണ്ട യാത്രയിൽ മാർപാപ്പയെ കാണാനും കേൾക്കാനും ഒഴുകിയെത്തിയ ജനലക്ഷങ്ങളിലൂടെ വെളിവായത് തങ്ങളുടെ വിശ്വാസം പൊതുസമൂഹത്തിൽ ലളിതമായും സ്വതന്ത്രമായും സന്തോഷത്തോടെയും ഏറ്റുപറയുന്ന ഒരു സഭയുടെ ജീവസുറ്റ മുഖമായിരുന്നു. ഈ യാത്രയിൽ മാർപാപ്പ സംസാരിച്ചതു സഭയെക്കുറിച്ചു മാത്രമല്ല; സഭയും സമൂഹവും തമ്മിലുള്ള ബന്ധം, യുവജനങ്ങളുടെ പ്രതീക്ഷകൾ, മനുഷ്യജീവന്റെ അമൂല്യത, യൂറോപ്പിന്റെ ഭാവി എന്നിങ്ങനെ നിരവധി വിഷയങ്ങൾ ഉൾക്കൊണ്ടായിരുന്നു. മാർപാപ്പയുടെ പ്രഭാഷണങ്ങൾ യാത്രയ്ക്ക് വിശാലമായ സാമൂഹികമാനം നൽകി.
മാർപാപ്പയുടെ ആദ്യ ഔദ്യോഗിക പരിപാടി പ്രസിഡന്റ് എമ്മാനുവൽ മക്രോണുമായി നടത്തിയ സംഭാഷണമായിരുന്നു. ഫ്രാൻസിന്റെ ചരിത്രവും സംസ്കാരവും ക്രൈസ്തവ പാരന്പര്യവുമായി ആഴത്തിൽ ബന്ധപ്പെട്ടാണിരിക്കുന്നതെങ്കിലും തീവ്ര മതനിരപേക്ഷത ഫ്രഞ്ച് റിപ്പബ്ലിക്കിന്റെ മുഖമുദ്രയാണ്. “സഭ അധികാരം ആഗ്രഹിക്കുന്നില്ല; എന്നാൽ, സമൂഹത്തിൽ നടത്തുന്ന ശുശ്രൂഷയിലൂടെ പൊതുനന്മയിൽ പങ്കാളിയാകാൻ മാത്രമാണാഗ്രഹിക്കുന്നത്” എന്ന മാർപാപ്പയുടെ പ്രഖ്യാപനവും “ഫ്രഞ്ച് മതനിരപേക്ഷത ഒരിക്കലും മതവിശ്വാസത്തിന്റെ നിഷേധമല്ല” എന്ന മക്രോണിന്റെ മറുപടിയും ഭരണകൂടവും സഭയും തമ്മിൽ പരസ്പരബഹുമാനത്തോടെ സംഭാഷിക്കുന്നതിന്റെ നല്ലൊരു ദൃഷ്ടാന്തമായി മാറി.
ഈ സന്ദർശനത്തിന്റെ ഭാഗമായി മക്രോണ് നിർദേശിച്ച ഔദ്യോഗിക വിരുന്ന്, ലീജിയൻ ഓഫ് ഓണർ, സൈനിക സ്വീകരണം എന്നിവയെല്ലാം മാർപാപ്പ സ്നേഹപൂർവം നിരസിച്ചിരുന്നു. ഈ തീരുമാനത്തെക്കുറിച്ച് പാപ്പാ തന്നെ പറയുന്നത് ഇപ്രകാരമാണ്: “ക്രിസ്തുവിന്റെ അനുയായി എന്ന നിലയിൽ അവന്റെ സമാധാനം പ്രഘോഷിക്കാനാണ് ഞാൻ ഫ്രാൻസിലേക്കു പോകുന്നത്”. ഈ ദൗത്യത്തിന്റെ ഭാഗംതന്നെയായിരുന്നു യുനെസ്കോയിലെ മാർപാപ്പയുടെ സമാധാന പ്രഭാഷണവും. നിർമിതബുദ്ധിയും ആണവായുധ മത്സരവും ജീവന്റെ നിലനിൽപിനെത്തന്നെ ചോദ്യംചെയ്യുന്ന കാലത്ത് “മനുഷ്യൻ എന്നാൽ എന്ത്?” എന്ന അടിസ്ഥാന ചോദ്യം ലോകത്തിനു മുന്പിൽ വീണ്ടുമുയർത്താനുള്ള വേദിയായി മാർപാപ്പ യുനെസ്കോയെ കണ്ടു. ശാസ്ത്ര പുരോഗതി മനുഷ്യന് നൂതനസാധ്യതകൾ തുറന്നുനൽകുന്നുണ്ടെങ്കിലും അതു മനുഷ്യന്റെ മഹത്വത്തെ കവച്ചുവയ്ക്കുന്ന ‘യന്ത്രങ്ങളുടെ പറുദീസ’യായി മാറരുതെന്ന് അദ്ദേഹം മുന്നറിയിപ്പു നൽകി.
കോണ്കോർദിലെ ചരിത്രസാക്ഷ്യം
ഫ്രഞ്ച് വിപ്ലവചിന്തകളും റിപ്പബ്ലിക്കൻ ആശയങ്ങളും തീവ്ര മതനിരപേക്ഷ ചിഹ്നങ്ങളും ആഴത്തിൽ പതിഞ്ഞ ചരിത്രപ്രസിദ്ധമായ ‘പ്ലാസ് ദെ ലാ കോണ്കോർദി’ൽ മാർപാപ്പ അർപ്പിച്ച വിശുദ്ധ കുർബാന ഫ്രഞ്ച് കത്തോലിക്കാ വിശ്വാസത്തിന്റെ വലിയ പൊതുസാക്ഷ്യമായി മാറി. മനുഷ്യന്റെ ആന്തരിക ദാഹത്തെക്കുറിച്ചായിരുന്നു അവിടെ പാപ്പായുടെ വചന സന്ദേശം.
“ആർക്കെങ്കിലും ദാഹിക്കുന്നുവെങ്കിൽ അവൻ എന്റെ അടുക്കൽ വന്നു കുടിക്കട്ടെ” (യോഹ 7: 37-39) എന്ന വചനത്തിന്റെ വ്യാഖ്യാനത്തിലൂടെ ജീവന്റെ യഥാർഥ ഉറവിടത്തിലേക്കു ജനസഞ്ചയത്തെ ക്ഷണിക്കുകയായിരുന്നു. “ക്രിസ്തുവിൽനിന്നു ലഭിക്കുന്ന ജീവജലം നമ്മിൽ മാത്രം സൂക്ഷിക്കാനുള്ളതല്ല- നാംതന്നെ മറ്റുള്ളവർക്കായി ഉറവകളും കിണറുകളും നദികളുമായി മാറണം” എന്ന ആഹ്വാനം പാപ്പായുടെ സന്ദേശത്തിന്റെ കേന്ദ്രബിന്ദുവായി. “വിശ്വാസം മറച്ചുവയ്ക്കരുത്. അത് ജീവിതമായി മാറട്ടെ, സ്നേഹമായി ഒഴുകട്ടെ, പ്രത്യാശയായി പകരട്ടെ” -മാർപാപ്പ കൂട്ടിച്ചേർത്തു.
ശ്രദ്ധേയമായ യുവജന സായാഹ്നം
സ്റ്റാഡ് ദ് ഫ്രാൻസിലെ (സ്റ്റേഡിയം ഓഫ് ഫ്രാൻസ്) യുവജന സായാഹ്നത്തിലെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്നായിരുന്നു ഫ്രാൻസിന്റെ ഇരുപത് നൂറ്റാണ്ട് ദീർഘിച്ച വിശുദ്ധ ചരിത്രത്തെ അരങ്ങിലെത്തിച്ച അതിമനോഹരമായ ദൃശ്യാവിഷ്കാരം. ബെഥനിയായിലെ ലാസറും മറിയവും ഫ്രാൻസിന്റെ ആദ്യ സുവിശേഷകരാണെന്ന വലിയ പാരന്പര്യത്തിൽ ആരംഭിച്ച് 2020ൽ നാമകരണം ചെയ്യപ്പെട്ട വിശുദ്ധ ചാൾസ് ദ് ഫുക്കോയിൽ എത്തിനിൽക്കുന്ന ഫ്രാൻസിന്റെ വിശുദ്ധ ചരിത്രത്തിലെ നിരവധി മുഖങ്ങൾ അവിടെ ആവിഷ്കരിക്കപ്പെട്ടു.
ലോകത്തിന് ഏറ്റവുമധികം വിശുദ്ധരെ നൽകിയ രണ്ടാമത്തെ രാജ്യമായ ഫ്രാൻസിന്റെ ആത്മാവ് മരിച്ചിട്ടില്ലെന്ന ശബ്ദമാണ് അവിടെ മുഴങ്ങിക്കേട്ടത്. നിങ്ങളാണ് ഫ്രാൻസിന്റെ ഇന്നത്തെ വിശുദ്ധർ എന്ന മാർപാപ്പയുടെ വാക്കുകൾ ആ രാത്രിയുടെ ചൈതന്യമായി മാറി. സോഷ്യൽ മീഡിയ ലൈക്കുകളുടെയും താത്കാലിക അംഗീകാരത്തിന്റെയും പിന്നാലെ പോകാതെ യഥാർഥ സൗഹൃദവും സ്നേഹവും സമർപ്പണവും അന്വേഷിക്കുന്നവരാകാൻ മാർപാപ്പ യുവജനങ്ങളെ ഉദ്ബോധിപ്പിച്ചു. ഫ്രാൻസിന്റെ വിശുദ്ധ പാരന്പര്യത്തെ പുതിയ കൈകളിൽ ഏല്പിക്കുന്ന ഒരു പ്രതീകാത്മക ദൗത്യത്തിനാണ് യഥാർഥത്തിൽ മാർപാപ്പ സ്റ്റാഡ് ദ് ഫ്രാൻസിൽ തുടക്കം കുറിച്ചത്.
മെറ്റ്സിലെ സന്ദേശം:യൂറോപ്പിന്റെ വേരുകളിലേക്ക്
നാലു ദിവസത്തെ ഫ്രാൻസ് സന്ദർശനത്തിന്റെ സമാപനം കിഴക്കൻ ഫ്രാൻസിലെ മെറ്റ്സിലായിരുന്നു. അവിടത്തെ റോബർട്ട് ഷൂമാൻ കോണ്ഫറൻസ് സെന്ററിലായിരുന്നു യൂറോപ്യൻ സമാധാനത്തെ സംബന്ധിച്ച മാർപാപ്പയുടെ പ്രഭാഷണം. യൂറോപ്യൻ ഐക്യത്തിന്റെ ശില്പികളിൽ ഒരാളായ കത്തോലിക്ക രാഷ്ട്രതന്ത്രജ്ഞനാണ് ഷൂമാൻ. 2021ൽ സഭ അദ്ദേഹത്തെ ധന്യനായി പ്രഖ്യാപിക്കുകയുണ്ടായി.
യൂറോപ്പിനെ കേവലം ഭൂപടത്തിന്റെ വെളിച്ചത്തിൽ മാത്രം കാണാതെ അതൊരു സാംസ്കാരികചരിത്ര യാഥാർഥ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഗ്രേക്കോ-റോമൻ നാഗരികത, ക്രിസ്തുമതത്തിന്റെ വ്യാപനം, ജർമാനിക്-സ്ലാവിക് സംസ്കാരം എന്നിവയെല്ലാമാണ് അതിനെ രൂപപ്പെടുത്തിയത്. മറ്റു സംസ്കാരങ്ങളുമായുള്ള സന്പർക്കത്തിലൂടെയാണ് യൂറോപ്പ് വളർന്നതെന്നും അദ്ദേഹം വ്യക്തമാക്കി. യൂറോപ്പിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ ബനഡിക്ടൈൻ സന്യാസപ്രസ്ഥാനത്തിന്റെ പങ്കും നിസ്തുലമാണെന്നു പാപ്പാ അനുസ്മരിച്ചു.
യുദ്ധത്തിലും പീഡനത്തിലും ദാരിദ്ര്യത്തിലുംനിന്നു രക്ഷപ്പെട്ട് യൂറോപ്പിലെത്തുന്ന മനുഷ്യർ ഇന്നു പുതിയൊരു ഘട്ടത്തിലേക്ക് അതിനെ നയിക്കുകയാണ്. നിയമാനുസൃതമായി എത്തുന്നവരെ സ്വന്തമായി സ്വീകരിക്കുകയും അവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുകയും വേണമെന്ന് പാപ്പാ യൂറോപ്യൻ സമൂഹത്തോട് ആവശ്യപ്പെട്ടു. യൂറോപ്യൻ രാജ്യങ്ങളിൽ തീവ്ര വലതുപക്ഷ ആശയങ്ങൾ ശക്തിപ്പെടുന്നതിന്റെ പശ്ചാത്തലത്തിൽ പാപ്പായുടെ ഈ നിലപാടിന് രാഷ്ട്രീയ പ്രാധാന്യമുള്ളതായി വിലയിരുത്തപ്പെടുന്നു.
റോമിൽ തിരിച്ചെത്തിയ മാർപാപ്പ തന്റെ ഫ്രഞ്ച് യാത്രയുടെ ആന്തരിക സന്ദേശത്തെ വിശേഷിപ്പിച്ചത് ‘പുനർജനനം’ എന്ന വാക്കുകൊണ്ടാണ്. നോത്ര്ദാം കത്തീഡ്രലിന്റെ പുനരുദ്ധാരണത്തിന്റെ പശ്ചാത്തലത്തിലാണ് മാർപാപ്പ ഈ വിശേഷണം ഉപയോഗിക്കുന്നത്.
നോത്ര്ദാം ഇന്ന് ഒരു കമനീയ കത്തീഡ്രൽ മാത്രമല്ല, തകർച്ചയ്ക്കുശേഷമുള്ള ഒരു വലിയ പുനർജനനത്തിന്റെ പ്രതീകമാണ്. തീയിൽ തകർന്ന ദേവാലയം വീണ്ടും ഉയർന്നുവന്നതുപോലെ ക്രൈസ്തവ വിശ്വാസത്തിനും അതുൾക്കൊള്ളുന്ന സന്ദേശത്തിനും ഫ്രാൻസിലും മറ്റേതു നാട്ടിലും ഉയർത്തെഴുന്നേൽക്കാൻ കഴിയുമെന്ന പ്രത്യാശയാണ് മാർപാപ്പ ഇതുവഴി സൂചിപ്പിച്ചത്.