മാഹി: ബസിലിക്ക തീർഥാടന കേന്ദ്രത്തിൽ തിരുനാൾ ദിനമായ ഇന്നലെ വിശുദ്ധ അമ്മത്രേസ്യയുടെ സന്നിധിയിൽ വിശ്വാസികൾ ഉരുളൽ നേർച്ച (ശയന പ്രദക്ഷിണം)നടത്തി.
പുലർച്ചെ ഒന്നിന് തുടങ്ങിയ നേർച്ച വഴിപാട് രാവിലെ വരെ നീണ്ടുനിന്നു. സ്ത്രീകളടക്കം നൂറുകണക്കിന് വിശ്വാസികൾ നേർച്ച നടത്തി അമ്മയുടെ അനുഗ്രഹങ്ങൾക്ക് നന്ദിയർപ്പിച്ചു. തുടർന്ന് നടന്ന തിരുനാൾ ബലിക്ക് കോഴിക്കോട് ആർച്ച് ബിഷപ് ഡോ.വർഗീസ് ചക്കാലക്കൽ മുഖ്യകാർമികത്വം വഹിച്ചു.
വിശുദ്ധ അമ്മത്രേസ്യയുടെ തിരുനാൾ ആഘോഷം നമ്മെ ഒരു ഡിഗ്രി കൂടി ദൈവത്തോട് അടുപ്പിക്കലാണെന്ന് ആർച്ച്ബിഷപ് വചനസന്ദേശത്തിൽ പറഞ്ഞു. ഇത്തരം ആഘോഷ ങ്ങൾ ദൈവത്തോടും മറ്റുള്ളവരോടുമുള്ള അടുക്കലാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ രാവിലെ ബസിലിക്കയിൽ തിരുനാൾ ദിവ്യബലി അർപ്പിക്കാനെത്തിയ ആർച്ച് ബിഷപ്പിനെ റെയിൽവേ സ്റ്റേഷൻ റോഡ് ജംഗ്ഷനിൽനിന്ന് സ്വീകരിച്ച് പള്ളിയിലേക്ക് ആനയിച്ചു. ബസിലിക്ക റെക്ടർ ഫാ. സെബാസ്റ്റ്യൻ കാരക്കാട്ട്, സഹവികാരി ഫാ. ബിനോയി ഏബ്രഹാം, പാരിഷ് കൗൺസിൽ, തിരുനാൾ ആഘോഷക്കമ്മിറ്റി ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.