ന്യൂഡൽഹി: ജുഡീഷ്യറിയെക്കുറിച്ചുള്ള വിവാദ പരാമർശങ്ങൾ ഉൾപ്പെട്ടതിനെ തുടർന്ന് പിൻവലിച്ച എട്ടാം ക്ലാസിലെ എൻസിഇആർടി സാമൂഹികശാസ്ത്ര പാഠപുസ്തകം തിരുത്തലുകൾക്ക് ശേഷം ജൂൺ അവസാനത്തോടെ വീണ്ടും വിതരണത്തിനെത്തും. ജുഡീഷ്യറിയിലെ അഴിമതിയെക്കുറിച്ചുള്ള ഭാഗങ്ങൾ ഉൾപ്പെടുത്തിയതിനെതിരെ സുപ്രീംകോടതി ശക്തമായ വിമർശനം ഉന്നയിച്ചതിനെ തുടർന്നാണ് ഈ വർഷം ഫെബ്രുവരിയിൽ പുസ്തകം താത്കാലികമായി നിരോധിച്ചതും പിൻവലിച്ചതും.
'എക്സ്പ്ലോറിംഗ് സൊസൈറ്റി: ഇന്ത്യ ആൻഡ് ബിയോണ്ട്' എന്ന പുസ്തകത്തിലെ നാലാം അധ്യായത്തിലാണ് വിവാദ പരാമർശങ്ങൾ ഉണ്ടായിരുന്നത്. ജുഡീഷ്യറിയിലെ അഴിമതി, കേസുകൾ കെട്ടിക്കിടക്കൽ തുടങ്ങിയ വിഷയങ്ങൾ പുസ്തകത്തിൽ ഉൾപ്പെടുത്തിയത് കോടതിയെ ഏകപക്ഷീയമായി ചിത്രീകരിക്കുന്നതാണെന്ന് സുപ്രീംകോടതി വിലയിരുത്തി. തുടർന്ന് സ്വമേധയാ കേസ് പരിഗണിച്ച കോടതി പുസ്തകത്തിന്റെ വിതരണം തടയുകയും വിപണിയിലെത്തിയ കോപ്പികൾ തിരിച്ചുവിളിക്കാൻ ഉത്തരവിടുകയുമായിരുന്നു.
അച്ചടിച്ച 2.25 ലക്ഷം കോപ്പികളിൽ 38 എണ്ണം മാത്രമാണ് അന്ന് വിറ്റുപോയിരുന്നത്. വിവാദത്തെ തുടർന്ന് കേന്ദ്ര സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശിപാർശ പ്രകാരം അധ്യായം പൂർണമായി പുനഃപരിശോധിച്ചു. പുതിയ പരിഷ്കരിച്ച പതിപ്പിൽ നിന്ന് ജുഡീഷ്യൽ അഴിമതിയെക്കുറിച്ചുള്ള എല്ലാ പരാമർശങ്ങളും പൂർണമായും നീക്കം ചെയ്തിട്ടുണ്ട്.
പുസ്തകം തയ്യാറാക്കിയ സമിതിയിലെ വിദഗ്ധരായ പ്രൊഫ. മിഷേൽ ഡാനിനോ, സുപർണ ദിവാകർ, അലോക് പ്രസന്ന കുമാർ എന്നിവരെ കരിമ്പട്ടികയിൽ പെടുത്താനും സർക്കാർ-സർവകലാശാലാ പ്രോജക്ടുകളിൽ നിന്ന് മാറ്റിനിർത്താനുമുള്ള മുൻ ഉത്തരവ് സുപ്രീംകോടതി പിന്നീട് പരിഷ്കരിച്ചു. ഇവരുമായി സഹകരിക്കുന്ന കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് സ്വതന്ത്രമായ തീരുമാനമെടുക്കാമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.
സാമൂഹിക ശാസ്ത്ര പുസ്തകം ഒഴികെ മറ്റ് എട്ടാം ക്ലാസ് പാഠപുസ്തകങ്ങളുടെ വിതരണം നേരത്തെ തന്നെ പൂർത്തിയായിരുന്നു. പുതുക്കിയ സാമൂഹ്യശാസ്ത്ര പുസ്തകം ജൂൺ മൂന്നാം വാരത്തോടെ സ്കൂളുകളിൽ എത്തിത്തുടങ്ങുമെന്നും ഈ മാസം അവസാനത്തോടെ വിദ്യാർത്ഥികൾക്ക് പൂർണമായി ലഭ്യമാകുമെന്നും അധികൃതർ അറിയിച്ചു.