തലയാഴം: കാർഷിക മേഖലയിൽ യന്ത്രവത്കരണത്തിന്റെ ഭാഗമായി വളം, മരുന്ന് മുതലായവ തളിക്കുന്നതിന് തലയാഴത്ത് ഡ്രോൺ ഉപയോഗിച്ചു തുടക്കം കുറിച്ച് കർഷകൻ. തലയാഴം കൂവം സ്വദേശി സുകുവാണ് 10 ലക്ഷത്തോളം രൂപ വിനിയോഗിച്ച് ഡ്രോൺ വാങ്ങി പരീക്ഷണാർഥം ഇന്നലെ വീടിന് സമീപത്തെ 68 ഏക്കർ വിസ്തൃതിയുള്ള മണ്ണാറംകണ്ടം പാടശേഖരത്തിലെ തുരുത്തേൽ ഭാഗത്ത് മരുന്നടി ആരംഭിച്ചു. ഡ്രോണിന്റെ പ്രവർത്തനോദ്ഘാടനം കെ. ബിനിമോൻ എംഎൽഎ നിർവഹിച്ചു.
തലയാഴത്തും വെച്ചൂരുമായി 10 ഏക്കറോളം നെൽകൃഷി ചെയ്യുന്ന സുകു സ്വന്തം കൃഷിയുടെ മരുന്നടിക്കും വളമിടുന്നതിനും ഉപകരിക്കുന്നതിനാണ് ഡ്രോൺ വാങ്ങിയത്. 20 മിനിട്ടിനകം മൂന്ന് ഏക്കറിൽ ഡ്രോണിന്റെ സഹായത്താൽ മരുന്നടിക്കാനാകും. 30 ലിറ്റർ മരുന്ന് ലായനിയാണ് ഡ്രോൺ വഹിക്കുന്നത്.ബാറ്ററിയുടെ പവറിലാണ് ഡ്രോൺ പ്രവർത്തിക്കുന്നത്. ഒരു ബാറ്ററി അരമണിക്കൂറിനകം ചാർജ് ചെയ്യാനാകും.
മറ്റു കർഷകർ ആവശ്യപ്പെട്ടാൽ ഡ്രോൺ ഉപയോഗിച്ച് മരുന്നും വളവും തളിച്ചു കൊടുക്കാനെത്തുമെന്ന് സുകു പറയുന്നു. ഒരു ഏക്കറിൽ ഡ്രോൺ ഉപയോഗിച്ച് മരുന്നും വളവും തളിക്കാൻ 600 രൂപയാണ് ഇടാക്കുന്നത്. വിതയ്ക്കാനും കക്കാ വിതറാനും ഡ്രോൺ ഉപകരിക്കും.
സമീപ പഞ്ചായത്തായ കല്ലറയിൽ നെൽകൃഷി വ്യാപകമായുണ്ട്. ഇവിടെയൊന്നും ഡ്രോൺ ഉപയോഗം കാര്യമായി നടക്കാത്തതിനാൽ സുകുവിന്റെ ഡ്രോണിന്റെ സഹായത്താൽ മിതമായ നിരക്കിൽ കർഷകർക്ക് മരുന്നടിയും വളമിടലും നടത്താനാകും.
കർഷർക്ക് സമയവും സാമ്പത്തിക ലാഭവുമുണ്ട്
മരുന്നടിക്കാനും വളമിടാനും ആളെ കിട്ടാത്ത സാഹചര്യത്തിലാണ് ഡ്രോൺ വാങ്ങിയത്. ഇതുകൊണ്ട് കർഷകന് സമയലാഭവും സാമ്പത്തിക ലാഭവുമുണ്ട്.
സുകു
കർഷകൻ, കൂവം തലയാഴം