വടക്കഞ്ചേരി: പൊന്തക്കാട് മൂടിയ ഈ വഴിയിലൂടെ നടന്നുചെന്നാൽ സർക്കാർ ഖജനാവിൽനിന്ന് എട്ടുകോടിയിലേറെ രൂപ ചെലവഴിച്ച് നിർമിച്ച വലിയ രണ്ട് കെട്ടിടങ്ങൾ കാണാം.
സംസ്ഥാനത്തെ ഏക സർക്കാർ കമ്യൂണിറ്റി കോളജിനും സംസ്ഥാന ടൂറിസം വകുപ്പിന്റെയും പട്ടികജാതി- വർഗ വകുപ്പിന്റെയും സംയുക്ത സംരഭമായ ഗവ. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിനുമായി നിർമിച്ച കെട്ടിടങ്ങളാണിത്.
രണ്ട് സ്ഥാപനങ്ങളും വടക്കഞ്ചേരി ടൗണിലെ വാടകക്കെട്ടിടങ്ങളിലാണ് പ്രവർത്തിച്ചിരുന്നത്. കമ്യൂണിറ്റി കോളജ് രണ്ടുവർഷമായി പ്രവർത്തിച്ചിട്ടുമില്ല. സാങ്കേതികത്വത്തിന്റെ ഊരാകുടുക്കുകളാണ് പുതിയ കെട്ടിടങ്ങളിലേക്ക് സ്ഥാപനങ്ങൾ മാറാൻ തടസമെന്നാണ് പറയുന്നത്. ബില്ലുകൾ അടക്കാനാകാതെ കെട്ടിടങ്ങളിലേക്കുള്ള വൈദ്യുതി കണക്്ഷനും ഇപ്പോൾ വിച്ഛേദിച്ചു. പൊന്തക്കാടായി മാറിയ കെട്ടിടത്തിനുചുറ്റും കുറുക്കൻപടയും പന്നിക്കൂട്ടങ്ങളുമാണ്. ഇത് സമീപ വാസികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. വടക്കഞ്ചേരി ടൗണിൽനിന്ന് രണ്ടുകിലോമീറ്റർ മാറി കണക്കൻതുരുത്തി റോഡിൽ മണ്ണാംപറമ്പിലാണ് റവന്യു വകുപ്പ് കൈമാറിയ മുക്കാൽ ഏക്കർ സ്ഥലത്ത് രണ്ടു സ്ഥാപനങ്ങളും പ്രവർത്തിക്കുന്നതിനുള്ള കെട്ടിടങ്ങൾ നിർമിച്ചിട്ടുള്ളത്.
2025 സെപ്റ്റംബറിലായിരുന്നു കെട്ടിടങ്ങളുടെ ഉദ്ഘാടനം. മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ സ്ഥലത്തെത്തിയാണ് ഉദ്ഘാടനം നിർവഹിച്ചത്.
വാടക കെട്ടിടങ്ങളിൽ നിന്നും സ്ഥാപനങ്ങളുടെ പ്രവർത്തനം ഉടൻ പുതിയ കെട്ടിടങ്ങളിലേക്ക് മാറ്റുമെന്നായിരുന്നു അന്നത്തെ പ്രഖ്യാപനം. 2018 ജൂണിൽ ശിലാ സ്ഥാപനം നടത്തി ഏഴ് വർഷമെടുത്തു കെട്ടിടങ്ങൾ ഉയർന്നുവരാൻ.