ചങ്ങരംകുളം: പ്രതിഷേധവും വാർത്തകളും ഫലം കണ്ടതോടെ അപകടാവസ്ഥയിലായ കാഞ്ഞിയൂർ-തെങ്ങിൽ റോഡിലെ പാലം പുതുക്കിപ്പണിയാൻ തീരുമാനമായി. ജില്ലാ പഞ്ചായത്ത് അംഗം അഷ്ഹർ പെരുമുക്കിന്റെ നേതൃത്വത്തിൽ പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനിയറും ജനപ്രതിനിധികളുമടങ്ങുന്ന സംഘം പാലം സന്ദർശിച്ചു.
റോഡ് നിർമാണത്തിനൊപ്പം പാലവും പൊളിച്ചുപണിയാനാണ് തീരുമാനം.
50 വർഷത്തോളം പഴക്കമുള്ള പാലത്തിന്റെ അടിഭാഗത്തെ കോൺക്രീറ്റ് ദ്രവിച്ച് കമ്പികൾ പുറത്തായ നിലയിലാണ്. ചങ്ങരംകുളം-എരമംഗലം, ചങ്ങരംകുളം-ചെറവല്ലൂർ, ചങ്ങരംകുളം-എടപ്പാൾ റോഡുകളെ ബന്ധിപ്പിക്കുന്ന പ്രധാന ബൈപാസ് റോഡിലൂടെ നൂറുകണക്കിന് വാഹനങ്ങളാണ് ദിനംപ്രതി കടന്നുപോകുന്നത്. സമീപത്തെ കൃഷിയിടങ്ങളിലേക്ക് ട്രാക്ടറും കൊയ്ത്തുമെതി യന്ത്രങ്ങളും ഇറക്കുന്നതും ഇതുവഴിയാണ്.
റോഡ് പുനർനിർമാണ പ്രവൃത്തികൾക്ക് ഫണ്ട് അനുവദിച്ച് പണി തുടങ്ങിയിട്ടുണ്ട്. ഇതിനൊപ്പം പാലവും വീതി കൂട്ടി നിർമിക്കണമെന്ന നാട്ടുകാരുടെ ആവശ്യം പരിഗണിച്ചാണ് നടപടി.