എന്താണ് താങ്കൾ കലയിലൂടെ കണ്ടെത്തുന്നതെന്ന ചോദ്യത്തിന് വിഖ്യാത സാഹിത്യകാരനായ ഏണസ്റ്റ് ഹെമിംഗ്വേ (Ernst Hemingway) പറഞ്ഞ ഉത്തരം ഇതാണ്: അത്ര ആശയക്കുഴപ്പത്തിലാകാൻ എന്തുണ്ട്? സംഭവിച്ച കാര്യങ്ങളിൽനിന്നും നിലവിലുള്ള കാര്യങ്ങളിൽനിന്നും നിങ്ങൾക്കറിയാവുന്ന എല്ലാ കാര്യങ്ങളിൽ നിന്നും നിങ്ങൾക്ക് അറിയാൻ കഴിയാത്തവയിൽനിന്നും, നിങ്ങളുടെ ഭാവനയിലൂടെ നിങ്ങൾ ഒരു പുതിയ കാര്യം ഉണ്ടാക്കുന്നു - അത് വെറുമൊരു പകർത്തലല്ല, മറിച്ച് യഥാർഥവും ജീവനുള്ളതുമായ ഏതിനേക്കാളും സത്യമുള്ള ഒരു പുതിയ സംഗതിയാണ്.
നിങ്ങൾ അതിന് ജീവൻ നൽകുന്നു, അത്യാവശ്യം നന്നായി ചെയ്താൽ നിങ്ങൾ അതിന് അനശ്വരതയും നൽകുന്നു. അതുകൊണ്ടാണ് നിങ്ങൾ എഴുതുന്നത്, നിങ്ങൾക്ക് അറിയാവുന്ന വേറെ ഒരു കാരണത്താലുമല്ല. എന്നാൽ ആർക്കും അറിയാത്ത എല്ലാ കാരണങ്ങളെപ്പറ്റിയോ?
തലമുറകളെ വായിപ്പിച്ച ഹെമിംഗ്വേയുടെ ഇതുവരെ പ്രസിദ്ധീകരിക്കാത്ത ഒരു കഥ ഏതാനും വർഷങ്ങൾക്കു മുമ്പ് "ദ് ന്യൂയോര്ക്കറി'ല് വന്നു. "പഴ്സ്യൂട്ട് ആസ് ഹാപ്പിനസ്' (Pursuit as Happiness)എന്നാണ് കഥയുടെ പേര്: സന്തോഷമായി പിന്തുടരുക.1956 ല് ഹെമിംഗ്വേ എഴുതിയ "വൃദ്ധനും കടലും' (The old man and the sea) പ്രസിദ്ധമാണല്ലോ. ഒരു കൂറ്റന് മത്സ്യത്തെ വേട്ടയാടിപ്പിടിക്കുന്നതും ഒടുവില് അത് ഉപയോഗശൂന്യമാകുന്നതുമാണ് പ്രമേയം.
പുറത്തുവന്നിരിക്കുന്ന ചെറുകഥയിലും ഒരു മത്സ്യത്തെ വേട്ടയാടുന്ന ഹെമിംഗ്വേയെയും സുഹൃത്തുക്കളെയും കാണാം. ഇത് ആത്മകഥാപരമായ ഒരു വിവരണമാണ്. ആത്മകഥയും "കഥ' തന്നെയാണല്ലോ. ഹെമിംഗ്വേയുടെ ചെറുമകന് സീന് ഹെമിംഗ്വേ ബോസ്റ്റണിലെ ജോണ് എഫ്. കെന്നഡി ലൈബ്രറി ആന്ഡ് മ്യൂസിയത്തിലെ ഹെമിംഗ്വേ ഗ്രന്ഥശേഖരത്തില്നിന്നാണ് ടൈപ്പ് ചെയ്ത് ഉപേക്ഷിച്ചതായി കാണപ്പെട്ട ഈ കഥ കണ്ടെടുത്തത്. അദ്ദേഹം പറയുന്നു: എന്തുകൊണ്ടാണ് ഈ കഥ ശ്രദ്ധിക്കപ്പെടാതെ പോയതെന്ന് മനസിലാകുന്നില്ല. ഇത് അസാധാരണമായ ഒരു മുത്താണ്, വൃദ്ധനും കടലും പോലെ.
ഈ കഥയെ "വൃദ്ധനും കടലും' എഴുതുന്നതിനുമുമ്പുള്ള ഒരു പരിശീലനമായി കാണാമെന്നാണ് സീനിന്റെ അഭിപ്രായം. രണ്ടു രചനകള്ക്കും തമ്മില് നല്ല സാമ്യമുണ്ട്. രണ്ടിലും ഒരു മത്സ്യത്തെ വേട്ടയാടുന്നു. കഥാന്ത്യത്തില്, രണ്ടിലും നിരാശയുണ്ട്. ഈ കഥയുടെ കൈയെഴുത്തുപ്രതിയുടെ കോപ്പി പ്രിന്സ്റ്റണ് യൂണിവേഴ്സിറ്റിയിലെ സ്ക്രിബ്നര് ആര്ക്കീവിലും കണ്ടെത്തിക്കഴിഞ്ഞു. ഏണസ്റ്റ് എന്ന വ്യക്തിയാണ് കഥ പറയുന്നത്. ഏണസ്റ്റും സുഹൃത്ത് മിസ് ജോസിയുമാണ് പ്രധാന കഥാപാത്രങ്ങള്. 1933ലാണ് കഥ നടക്കുന്നത്.
അതിജീവന കഥ
"വൃദ്ധനും കടലും' എന്ന ചെറുനോവല് ഒരു ക്ലാസിക്കായി മാറിയത് ചരിത്രമാണ്. സാന്റിയാഗോ എന്ന അധ്വാനിയായ വൃദ്ധന്റെ അതിജീവനമാണത്. വൃദ്ധൻ എണ്പത്തിനാല് ദിവസമായി മീന് പിടിക്കാന് കഴിയാതെ നിരാശയില് കഴിയുകയായിരുന്നു. ഒരു വയസനു ചൂണ്ടയിടാന് കഴിഞ്ഞേക്കും; അതിൽ അദ്ഭുതമില്ല. ഒരു വലിയ മത്സ്യത്തെ കരയിലെത്തിക്കുന്നത് അയാളുടെ സ്വപ്നമായിരുന്നു. അതിലൂടെ തന്റെ സമീപത്തുള്ളവര്ക്കിടയില് താന് പരാജയപ്പെട്ടവനല്ലെന്നു തെളിയിക്കാനാകും. ഒരു ഘട്ടം കഴിയുമ്പോള് ജീവിതം എന്നാല് നിശ്ചലതയോ നിര്വികാരതയോ പിന്തിരിഞ്ഞുനോട്ടമോ ആകാം.
വയസാകല് മാനസികവ്യഥകളിലേക്കുള്ള പരിണാമ പ്രക്രിയയായി മാറാവുന്നതാണ്. എണ്പത്തിയഞ്ചാം ദിവസം വൃദ്ധന് തന്റെ വള്ളവുമായി ക്യൂബന് തീരത്തുനിന്ന് കടലിലേക്ക് കുതിച്ചു. കുറെ ദൂരം പിന്നിട്ടപ്പോഴാണ് ആ വലിയ മത്സ്യത്തെ കണ്ടത്. അയാള് അതിനെ തന്റെ കുന്തമെറിഞ്ഞ് പിടിക്കാന് ശ്രമിച്ചു. എന്നാല് അയാളെയും വലിച്ചുകൊണ്ട് ആ മത്സ്യം വീണ്ടും കടലിലേക്ക് കുതിച്ചു. രണ്ടു ദിവസമാണ് വൃദ്ധൻ മത്സ്യത്തിന്റെ പിന്നാലെ ചുറ്റിത്തിരിഞ്ഞത്. മൂന്നാംദിവസം മത്സ്യത്തെ അടുപ്പിച്ചു.
അയാള് മത്സ്യത്തെ കരയ്ക്കെത്തിക്കാനായി കഠിനമായി പരിശ്രമിച്ചുകൊണ്ടു തുഴഞ്ഞു. എന്നാല് മാര്ഗമധ്യേ, വലിയ മത്സ്യത്തെ സ്രാവുകള് ആക്രമിക്കുന്നതാണ് കണ്ടത്. സ്രാവുകള് വലിയ മീനിന്റെ മാംസം കൊത്തിത്തിന്നാന് തുടങ്ങിയിരുന്നു. ഏതാനും സ്രാവുകളെ വൃദ്ധന് വകവരുത്തിയെങ്കിലും അവയുടെ ആക്രമണത്തില്നിന്ന് വലിയ മത്സ്യത്തെ രക്ഷപ്പെടുത്താനായില്ല.
പുലര്ച്ചെ തീരത്ത് എത്തുമ്പോള് അയാൾ പിടിച്ച പതിനെട്ടടി നീളമുള്ള വലിയ മത്സ്യത്തിന്റെ മാംസമെല്ലാം നഷ്ടപ്പെട്ടിരുന്നു. തലയും നട്ടെല്ലും വാലും മാത്രമുള്ള അസ്ഥികൂടമാണ് അവശേഷിച്ചത്. വൃദ്ധൻ അതിനെ തീരത്ത് ഉപേക്ഷിച്ച് ഉറങ്ങാന് പോകുകയാണ്. പ്രത്യേകമായ ഒരു വിഷാദം അയാളെ ബാധിക്കുന്നില്ല.
സ്വപ്നങ്ങളുടെ പരിണാമം
ഹെമിംഗ്വേ നല്കുന്ന സൂചന വളരെ ആഴത്തില് ചെന്നുകൊള്ളുന്നു. ജീവിതത്തിന്റെ സാരമാണത്. നമ്മുടെ സ്വപ്നങ്ങളുടെ പരിണാമം. അതില് വാര്ധക്യത്തിന്റെയും മരണത്തിന്റെയും അര്ഥങ്ങളുണ്ട്. കാലത്തിന്റെ സ്വഭാവം ആ അസ്ഥികൂടമായ മത്സ്യത്തില് സ്പന്ദിക്കുകയാണ്. ആഗ്രഹങ്ങളുടെ നൈമിഷികമായ സാക്ഷാത്കാരത്തിനുശേഷം എല്ലാം ജഡതുല്യമായിത്തീരുന്നു. മനുഷ്യന് വിജയിക്കുന്നതിന്റെ ചിത്രമല്ല ഇവിടെയുള്ളത്. വിജയമാണെന്ന് തെറ്റിദ്ധരിച്ച് മൂല്യത്തിന്റെ ജഡത്തെ കെട്ടിവലിച്ചുകൊണ്ടു നടക്കരുതെന്നാണ് ഈ നോവൽ നൽകുന്ന സൂചന. വൃദ്ധൻ ക്രൂരത പ്രവർത്തിച്ചു. ആ തെറ്റ് മനസിലാക്കാൻ അയാളുടെ ഈഗോ അനുവദിക്കുന്നില്ല.
കടലിൽ നീന്തിത്തുടിച്ച ഒരു മത്സ്യത്തെ തന്റെ വിജയത്തിനും അഹന്തയ്ക്കും മത്സരത്തിനുമായി പിന്തുടർന്നു കൊല്ലുന്നത് ക്രൂരതയാണ്. എന്നാൽ മനുഷ്യൻ എല്ലായ്പോഴും, കുതിച്ചുപായാനാണ് കൊതിക്കുന്നത്. കൈവിട്ടുപോകുമെന്ന് അറിയാമെങ്കിലും സാഹസികമായി അത് നേടാന് നോക്കും.സാന്റിയാഗോ എന്ന മനുഷ്യന് അതിന്റെ ഉദാഹരണമാണ്. മിഥ്യയെ എതിര്വശത്തു നിര്ത്തിക്കൊണ്ടാണ് ആ മനുഷ്യൻ ജീവിതാവേശത്തിന്റെ സാന്റിയാഗോ ആകുന്നത്. ആ ചത്ത മീനിന്റെ എല്ലിന്കൂട് മനുഷ്യജീവിതത്തെ നോക്കുകയാണ്. വിഷണ്ണത ഒരു സ്വഭാവമല്ല, ഒരു താത്കാലിക പ്രതികരണമാണ്.
ഒരിക്കല് ഹെമിംഗ്വേയോട് ഒരാള് ചോദിച്ചു, എന്താണ് നല്ല എഴുത്തെന്ന്? അദ്ദേഹം പറഞ്ഞു: “സത്യസന്ധമായ എഴുത്താണ് നല്ല എഴുത്ത്. ഒരാൾ ഒരു കഥ ഭാവന ചെയ്യുകയാണെങ്കിൽ, തന്റെ ജീവിതാനുഭവങ്ങളെക്കുറിച്ചുള്ള അറിവിനും എത്രത്തോളം ആത്മാർഥതയോടെ അയാൾ അത് ചെയ്യുന്നുണ്ട് എന്നതിനും ആനുപാതികമായിരിക്കും ആ കഥയിലെ സത്യസന്ധത; അതുകൊണ്ട് അയാൾ എന്തെങ്കിലും കെട്ടിച്ചമയ്ക്കുമ്പോൾ, അത് യഥാർഥത്തിൽ എങ്ങനെയോ അതുപോലെ തന്നെയായിരിക്കും.” ജിവിതാനുഭവത്തെക്കുറിച്ച് ഒരാൾക്ക് എന്തുമാത്രം അറിവുണ്ടോ അത്രയും മാത്രമേ അയാളുടെ സത്യസന്ധതയ്ക്ക് കടന്നുചെല്ലാനാകൂ.