പാറേൽ പള്ളി പുതിയ രൂപത്തിൽ ഉയരുമ്പോൾ തീർഥാടകരുടെ ഹൃദയംതൊടുന്ന രണ്ടു ഘടകങ്ങളാണ് പള്ളി അങ്കണത്തിൽ സ്ഥാപിച്ചിരിക്കുന്ന കൽക്കുരിശും ഇവിടുള്ള അദ്ഭുത നീരുറവയും. കരിങ്കല്ലിൽ തീർത്ത ഒരു കുരിശ് എന്നതല്ല, വിശുദ്ധ ഗ്രന്ഥത്തിന്റെയും സഭയുടെയും മുഴുവന്‍ ആത്മീയ പാരന്പര്യവും കോർത്തിണക്കിയ ഒരു പ്രതീകമായിട്ടാണ് ഇവിടെ കൽക്കുരിശ് ഒരുക്കിയിരിക്കുന്നത്.
ഇസ്രായേലിന്റെ 12 ഗോത്രങ്ങളുടെ പ്രതീകങ്ങളും സഭയുടെ അടിസ്ഥാന തൂണുകളായ 12 ശ്ലീഹന്മാരുടെയും ചിഹ്നങ്ങളും ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ലോകത്തിനു ജീവന്റെ വചനം പകർന്ന നാലു സുവിശേഷകരെയും കുരിശിന്റെ ചുവട്ടില്‍ മൗനമായി നിന്ന പരിശുദ്ധ അമ്മയുടെ മാതൃസാന്നിധ്യത്തെയും കല്‍ക്കുരിശില്‍ അതിമനോഹരമായി ഉൾച്ചേർത്തിരിക്കുന്നു.
അദ്ഭുത നീരുറവ
പള്ളി അങ്കണത്തിനു തൊട്ടുതാഴെയായി സ്ഥിതി ചെയ്യുന്ന ഈ നീരുറവയും കിണറും പാറേപ്പള്ളിയുടെ ചരിത്രത്തിലെ സജീവമായ ഒരു അദ്ഭുത സാക്ഷ്യമാണ്. ഇവിടെയെത്തുന്ന തീര്‍ഥാടകര്‍ക്കു വലിയ ആശ്വാസവും രോഗസൗഖ്യങ്ങളും ഈ തീര്ഥജലത്തിലൂടെ ലഭിച്ചിട്ടുണ്ട് എന്നതിനു നിരവധി സാക്ഷ്യങ്ങൾ ചരിത്രത്തിൽ കാണാം. തീർഥാടകർ ഇവിടെനിന്നു തീർഥജലം ശേഖരിച്ചു കൊണ്ടുപോകാറുണ്ട്. ആദ്യ കാലത്ത് തീർഥ ജലം കിണറിൽനിന്നു പാളയും കയറും ഉപയോഗിച്ചു കോരിയെടുക്കുകയായിരുന്നു. പിന്നീട് അതു സ്റ്റീൽ തൊട്ടിയായി മാറി.
പുതിയ പള്ളിയിൽ തീർഥാടകർക്കു കൂടുതൽ സൗകര്യപ്രദമായി തീർഥജലം ശേഖരിക്കാവുന്ന രീതിയിൽ നീരുറവയും പരിസരവും നവീകരിച്ചിട്ടുണ്ട്. ഗുഹയിൽ കാവൽക്കാരായി നിൽക്കുന്ന മാലാഖമാരുടെ കൈകളിലുള്ള പാത്രത്തിനടിയിൽനിന്നു ജലം പ്രവഹിക്കുന്ന രീതിയിലാണ് പുതിയ ആവിഷ്കരണം. ഇവിടെ തീർഥാടകർ കൈ ചേർത്തുപിടിക്കുന്പോൾ തനിയെ തീർഥജലം പ്രവഹിക്കും. സെൻസർ സംവിധാനമാണ് ഇതിനായി ക്രമീകരിച്ചിരിക്കുന്നത്.
മോൺ. ആന്റണി എത്തക്കാട്
മുഖ്യവികാരി ജനറാൾ,ചങ്ങനാശേരി അതിരൂപത)
(ചെറുപ്പകാലത്തു ഡിസംബർ എത്തിയാൽ മനസിൽ ആദ്യം ഓടിയെത്തുന്നതു ചങ്ങനാശേരി പാറേൽ പള്ളിയിലെ തിരുനാളും കുടുംബസമേതമുള്ള പെരുന്നാൾ യാത്രയുമാണ്. പള്ളിയിലെ കിണറ്റിൽ നിന്നുള്ള തീർഥജലം കുടിക്കാനും നേർച്ച നേടാനും അടിമ വയ്ക്കാനുമുള്ള ജനത്തിരക്ക് ഇന്നലെ കഴിഞ്ഞതുപോലെ ഓർക്കുന്നു.
അന്നു മാതാപിതാക്കൾ പകർന്നുനൽകിയ ആത്മീയ ശീലങ്ങളാണ് ജീവിതത്തിന്റെ വലിയ കരുത്ത്. ജാതിമത ഭേദമെന്യേ ആയിരങ്ങൾ അണിനിരക്കുന്ന പരിശുദ്ധ അമ്മയുടെ നഗരപ്രദക്ഷിണം മാനവ സഹോദര്യത്തിന്റെ വലിയ ആഘോഷമാണ്. ജനങ്ങളുടെ ശക്തമായ ആവശ്യപ്രകാരമാണ് ഒരു കാലത്ത് ഒഴിവാക്കിയിരുന്ന പ്രദക്ഷിണം പിന്നീട് അതിരൂപത പുനരാരംഭിച്ചത്.
ഈ നഗരത്തിലെ ജനങ്ങളെ പാറേൽ പള്ളിയും ഇവിടുത്തെ ആഘോഷങ്ങളും എത്രത്തോളം ഒന്നിപ്പിക്കുന്നു എന്നതിന്റെ തെളിവാണിത്. പുതിയ പള്ളിയും സംവിധാനങ്ങളും വിശ്വാസത്തിന്റെയും പരസ്പര ആദരവിന്റെയും പ്രകാശഗോപുരമായി എന്നും നിലനിൽക്കട്ടെ.