തിരുവില്വാമല: തിരുവില്വാമല ഗ്രാമീണവായനശാലയുടെ വാർഷികത്തോടനുബന്ധിച്ച് വികെഎൻ സ്മാരക വായനശാല ഹാളിൽ ‘വില്വധ്വനി 2026’ന് തിരശീല ഉയർന്നു. ഇന്നലെ വായനശാലയിലെ ബാലവേദി കുട്ടികൾ അവതരിപ്പിച്ച പാവക്കൂത്ത് എന്ന നാടകമാണ് ആദ്യം അരങ്ങിലെത്തിയത്.
വാർഷികാഘോഷത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം സാഹിത്യകാരൻ കെ.വി. അഷ്ടമൂർത്തി ഉദ്ഘാടനം ചെയ്തു . വായനശാല പ്രസിഡന്റ് കെ.പി. ഉമാശങ്കർ അധ്യക്ഷനായി. സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ധർമരാജ് അടാട്ട് മുഖ്യപ്രഭാഷണം നടത്തി. യു.ആർ. പ്രദീപ് എംഎൽഎ മുഖ്യാതിഥിയായി.
വായനശാല സെക്രട്ടറി ബാബു പരശുറാം, പഞ്ചായത്ത് പ്രസിഡന്റ് പി. കൃഷ്ണപ്രസാദ്, വൈസ് പ്രസിഡന്റ്് ഷീല പണിക്കർ, എഴുത്തുകാരായ മാനസി, അരുൺ എഴുത്തച്ഛൻ, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് സി. ഉണ്ണികൃഷ്ണൻ, വി.ടി.ജയന്തി, ബേബി രജിത, എൻ. രാംകുമാർ, പി. നാരായണൻകുട്ടി, ഗിരീഷ് രാധാകൃഷ്ണൻ, ഹരിപ്രസാദ് എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ വിവിധ മേഖലകളിൽ അവാർഡിനർഹരായവരെ ആദരിച്ചു.
ഇന്ന് ഹരിപ്രസാദ് സംവിധാനം ചെയ്യുന്ന അഭിജ്ഞാനശാകുന്തളം, നാളെ ഏഴിന് ജ്യോതി കൃഷ്ണകുമാറിന്റെ സംവിധാനത്തിൽ ജ്വാല, 7.40ന് നാട്ടകം കലാസാംസ്കാരിക വേദി അവതരിപ്പിക്കുന്ന റേഡിയോ നാടകം മഴ നനഞ്ഞെത്തിയ അഥിതി, 14ന് വൈകീട്ട് 7-10ന് വേണു പി നായർ സംവിധാനം ചെയ്യുന്ന നീലി, 15ന് സുരേഷ് ബാബുവിന്റെ സംവിധാനത്തിൽ വെയിലാറും നേരം, 16ന് വൈകീട്ട് ഏഴിന് കെ. ഗോപകുമാർ സംവിധാനം ചെയ്യുന്ന ബോധി വൃക്ഷത്തണലിൽ എട്ടിന് ഗിരിഷ് രാധാകൃഷ്ണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഏക പാത്ര നാടകം ചാപ്പ എന്നീ നാടകങ്ങളാണ് അരങ്ങിലെത്തുക.
17ന് വൈകീട്ട് അഞ്ചിന് സമാപന സമ്മേളനം സാഹിത്യകാരൻ എസ്.പി. ശരത് ഉദ്ഘാടനം ചെയ്യും. തുടർന്ന് ഗസൽ സന്ധ്യയും ഉണ്ടാകും.