കൂത്താട്ടുകുളം: ഓട്ടത്തിനിടെ ഓട്ടോറിക്ഷയുടെ പിൻചക്രം ഊരിത്തെറിച്ച് അപകടം. വാഹനം വേഗത കുറഞ്ഞിരുന്നതിനാലും മറ്റ് യാത്രക്കാർ ഇല്ലാതിരുന്നതിനാലും വൻ ദുരന്തം ഒഴിവായി. കൂത്താട്ടുകുളം – പാലക്കുഴ റോഡിൽ ഹൈസ്കൂൾ ഗ്രൗണ്ടിന് സമീപം ഇന്നലെ ഉച്ചയ്ക്ക് 2.15ഓടെ ആയിരുന്നു സംഭവം.
കൂത്താട്ടുകുളം ഭാഗത്തുനിന്ന് പാലക്കുഴയിലേക്ക് പോകുകയായിരുന്ന പാസഞ്ചർ ഓട്ടോറിക്ഷയുടെ പിൻഭാഗത്തെ ആക്സിൽ ബോൾട്ട് ഒടിഞ്ഞതാണ് ചക്രം ഊരിത്തെറിക്കാൻ ഇടയാക്കിയത്. നിയന്ത്രണം വിട്ട ഓട്ടോറിക്ഷ റോഡിൽ അപകടകരമായ രീതിയിൽ നിന്നെങ്കിലും ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
അപകടം നടന്നയുടൻ സമീപത്തെ സ്കൂൾ ഗ്രൗണ്ടിന് സമീപം നിന്നിരുന്ന നഗരസഭാ കൗൺസിലർമാരായ ബിജു ജോൺ, സനൂപ് കുളമ്പാടം എന്നിവർ സംഭവസ്ഥലത്തേക്ക് ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തി. തുടർന്ന് ഇവരുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെ അപകടത്തിൽപ്പെട്ട വാഹനം റോഡരികിലേക്ക് തള്ളിമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.