Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TheLastWomanHangedInBritain

ബ്രി​ട്ട​നി​ൽ തൂ​ക്കി​ലേ​റ്റ​പ്പെ​ട്ട അ​വ​സാ​ന വ​നി​ത റൂ​ത്ത് എ​ല്ലി​സി​ന് 71 വ​ർ​ഷ​ത്തി​നുശേ​ഷം രാ​ജ​കീ​യ മാ​പ്പ്

28-ാം വ​യ​സി​ലാ​ണ് റൂ​ത്ത് എ​ല്ലി​സ് ല​ണ്ട​നി​ലെ ഹോ​ളോ​വേ ജ​യി​ലി​ൽ വ​ധ​ശി​ക്ഷ​യ്ക്ക് ഇ​ര​യാ​യ​ത്. 1955 ജൂ​ണി​ൽ ല​ണ്ട​നി​ലെ ഓ​ൾ​ഡ് ബെ​യ്‌​ലി കോ​ട​തി​യി​ൽ ന​ട​ന്ന വി​ചാ​ര​ണ​യി​ൽ വെ​റും ഇ​രു​പ​തു മി​നി​റ്റ് കൊ​ണ്ടാ​ണ് റൂ​ത്ത് കു​റ്റ​ക്കാ​രി​യാ​ണെ​ന്ന് ജൂ​റി വി​ധി​ച്ച​ത്.

ല​ണ്ട​ൻ: ബ്രി​ട്ട​നി​ൽ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധേ​യ​യാ​ക്ക​പ്പെ​ട്ട അ​വ​സാ​ന​ത്തെ വ​നി​ത റൂ​ത്ത് എ​ല്ലി​സി​ന് 71 വ​ർ​ഷ​ത്തി​നു​ശേ​ഷം ചാ​ൾ​സ് രാ​ജാ​വി​ന്‍റെ മ​ര​ണാ​ന​ന്ത​ര മാ​പ്പ്. സ്വ​ന്തം കാ​മു​ക​നെ വെ​ടി​വ​ച്ചു​കൊ​ന്ന കേ​സി​ൽ 1955 ജൂ​ലൈ 13-ന് ​തൂ​ക്കി​ലേ​റ്റ​പ്പെ​ട്ട റൂ​ത്തി​ന് അ​ന്നു നേ​രി​ടേ​ണ്ടി​വ​ന്ന ഗു​രു​ത​ര​മാ​യ നീ​തി​കേ​ട് തി​രു​ത്തി​ക്കൊ​ണ്ടാ​ണു ച​രി​ത്ര​പ​ര​മാ​യ ന​ട​പ​ടി. ബ്രി​ട്ടീ​ഷ് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും നീ​തി​ന്യാ​യ സെ​ക്ര​ട്ട​റി​യു​മാ​യ ഡേ​വി​ഡ് ലാ​മിയാണ് പാ​ർ​ല​മെ​ന്‍റിൽ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

28-ാം വ​യ​സി​ലാ​ണ് റൂ​ത്ത് എ​ല്ലി​സ് ല​ണ്ട​നി​ലെ ഹോ​ളോ​വേ ജ​യി​ലി​ൽ വ​ധ​ശി​ക്ഷ​യ്ക്ക് ഇ​ര​യാ​യ​ത്. 1955 ജൂ​ണി​ൽ ല​ണ്ട​നി​ലെ ഓ​ൾ​ഡ് ബെ​യ്‌​ലി കോ​ട​തി​യി​ൽ ന​ട​ന്ന വി​ചാ​ര​ണ​യി​ൽ വെ​റും ഇ​രു​പ​തു മി​നി​റ്റ് കൊ​ണ്ടാ​ണ് റൂ​ത്ത് കു​റ്റ​ക്കാ​രി​യാ​ണെ​ന്ന് ജൂ​റി വി​ധി​ച്ച​ത്. കൊ​ല​പ്പെ​ടു​ത്ത​ണ​മെ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ​യാ​ണ് താ​ൻ വെ​ടി​യു​തി​ർ​ത്ത​തെ​ന്ന് റൂ​ത്ത് കോ​ട​തി​യി​ൽ സ​മ്മ​തി​ച്ചി​രു​ന്നു. ഇ​ത് പ്രോ​സി​ക്യൂ​ഷ​ന്‍റെ ജോലി എ​ളു​പ്പ​മാ​ക്കി​യെ​ങ്കി​ലും, റൂ​ത്ത് നേ​രി​ട്ട ക്രൂ​ര​മാ​യ ഗാ​ർ​ഹി​ക പീ​ഡ​ന​ങ്ങ​ളും മാ​ന​സി​ക അ​തി​ക്ര​മ​ങ്ങ​ളും അ​ന്ന് കോ​ട​തി ഒ​ട്ടും പ​രി​ഗ​ണി​ച്ചി​ല്ല.

1926 ഒക്‌ടോബർ ഒന്പതിന് വെയ്ൽസിലാണ് റൂത്ത് ജനിക്കുന്നത്. ഇംഗ്ലീഷുകാരനാണ് റൂത്തിന്‍റെ അച്ഛൻ, അമ്മ ബെൽജിയം സ്വദേശിനിയും. പതിനാലാം വയസിൽ പഠനം ഉപേക്ഷിച്ച റൂത്ത് ബാറിലും നൈറ്റ് ക്ലബിലും ജോലിചെയ്തു. 1941-ൽ റൂത്തും കുടുംബവും ലണ്ടൻ നഗരത്തിലേക്കു താമസം മാറ്റി. നൈ​റ്റ് ക്ല​ബ്ബ് മാനേജർ ആയി പ്രവർത്തിക്കുന്പോഴാണ് റൂത്ത് എല്ലിസും ഡേവിഡ് ബ്ലെയ്ക്കിലിയും പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും ഒന്നിച്ചുതാമസമാരംഭിച്ചു. റേ​സിംഗ് ഡ്രൈ​വ​റാ​യ കാ​മു​ക​ൻ ബ്ലെയ്ക്കിലിയിൽനിന്നു നി​ര​ന്ത​ര​മാ​യ ശാ​രീ​രി​ക ഉ​പ​ദ്ര​വ​ങ്ങ​ളാ​ണ് റൂ​ത്തി​നു നേ​രി​ടേ​ണ്ടിവ​ന്ന​ത്. ക്രൂ​ര​മ​ർ​ദ​നം കാ​ര​ണം റൂ​ത്തി​ന് തന്‍റെ ഗ​ർ​ഭ​സ്ഥ ശി​ശു​വി​നെ ന​ഷ്ട​പ്പെ​ടു​ന്ന അ​വ​സ്ഥവ​രെ​യു​ണ്ടാ​യി. ഈ ​സം​ഭ​വ​ത്തി​ന് പ​ത്തു ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷം, ല​ണ്ട​നി​ലെ ഹാം​പ്‌​സ്റ്റെ​ഡി​ലു​ള്ള മ​ദ്യ​ശാ​ല​യ്ക്ക് മു​ന്നി​ൽവ​ച്ച് ബ്ലെയ്ക്കിലിക്കുനേരേ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്, അ​വ​ർ പോ​ലീ​സി​നു കീ​ഴ​ട​ങ്ങു​ക​യും ചെ​യ്തു.

അ​ക്കാ​ല​ത്തെ നി​യ​മ​വ്യ​വ​സ്ഥ​യും സ​മൂ​ഹ​വും സ്ത്രീ​സു​ര​ക്ഷ, ഗാ​ർ​ഹി​കപീ​ഡ​നം തുടങ്ങിയവ മനസിലാക്കുന്നതിൽ വീഴ്ച വരുത്തിയെന്ന് ഡേ​വി​ഡ് ലാ​മി വ്യ​ക്ത​മാ​ക്കി. റൂ​ത്ത് അ​നു​ഭ​വി​ച്ച ക്രൂ​ര​ത​ക​ൾ പ​രി​ഗ​ണി​ച്ചി​രു​ന്നു​വെ​ങ്കി​ൽ അ​ന്ന് വ​ധ​ശി​ക്ഷ​യ്ക്ക് പ​ക​രം കേ​സ് മ​നഃ​പൂ​ർവ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​യാ​യി ചു​രു​ക്കാ​മാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. റൂ​ത്തി​ന്‍റെ കൊ​ച്ചു​മ​ക്ക​ൾ ന​ട​ത്തി​യ നീ​ണ്ട നി​യ​മ​പോ​രാ​ട്ട​ത്തി​നൊ​ടു​വി​ലാ​ണ് ഇ​പ്പോ​ൾ ​ച​രി​ത്ര​പ​ര​മാ​യ മാ​പ്പ് പ്ര​ഖ്യാ​പ​നമുണ്ടാ‍യത്.

ത​ങ്ങ​ളു​ടെ മു​ത്ത​ശി​ക്ക് ഒ​ടു​വി​ൽ നീ​തി ല​ഭി​ച്ചെന്ന് റൂ​ത്തിന്‍റെ കൊ​ച്ചു​മ​ക​ൾ ലോ​റ എ​ൻ​സ്റ്റ​ൺ പ്ര​തി​ക​രി​ച്ചു. ​മാ​പ്പ്, 71 വ​ർ​ഷം മു​മ്പു ത​ക​ർ​ന്ന ജീ​വി​ത​ങ്ങ​ളെ തി​രി​ച്ചു​ത​രി​ല്ലെ​ങ്കി​ലും, അ​ന്ന​ത്തെ നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യ്ക്കു സം​ഭ​വി​ച്ച വ​ലി​യൊ​രു വീ​ഴ്ച ഔ​ദ്യോ​ഗി​ക​മാ​യി സ​മ്മ​തി​ക്കാ​ൻ കാ​ര​ണ​മാ​യെ​ന്ന് ലോ​റ പ​റ​ഞ്ഞു.

1964 ഓ​ഗ​സ്റ്റി​ലാ​ണ് ബ്രി​ട്ട​നി​ൽ അ​വ​സാ​ന​മാ​യി വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി​യ​ത്. കുപ്രസിദ്ധ കുറ്റവാളികളായ പീറ്റർ ആന്‍റണി അലൻ, ഗൈനി ഓവൻ ഇവാൻസ് എന്നിവരുടെ വധശിക്ഷയാണ് അവസാനമായി നടപ്പാക്കിയത്. പി​ന്നീ​ട് 1973-ൽ ​വ​ധ​ശി​ക്ഷ രാ​ജ്യം പൂ​ർ​ണ​മാ​യും നി​ർ​ത്ത​ലാ​ക്കി.

Latest News

Corehub Up