28-ാം വയസിൽ ലണ്ടനിലെ ഹോളോവേ ജയിലിൽ വധശിക്ഷയ്ക്ക് ഇരയായ റൂത്ത് എല്ലിസ്.
28-ാം വയസിലാണ് റൂത്ത് എല്ലിസ് ലണ്ടനിലെ ഹോളോവേ ജയിലിൽ വധശിക്ഷയ്ക്ക് ഇരയായത്. 1955 ജൂണിൽ ലണ്ടനിലെ ഓൾഡ് ബെയ്ലി കോടതിയിൽ നടന്ന വിചാരണയിൽ വെറും ഇരുപതു മിനിറ്റ് കൊണ്ടാണ് റൂത്ത് കുറ്റക്കാരിയാണെന്ന് ജൂറി വിധിച്ചത്.
ലണ്ടൻ: ബ്രിട്ടനിൽ വധശിക്ഷയ്ക്ക് വിധേയയാക്കപ്പെട്ട അവസാനത്തെ വനിത റൂത്ത് എല്ലിസിന് 71 വർഷത്തിനുശേഷം ചാൾസ് രാജാവിന്റെ മരണാനന്തര മാപ്പ്. സ്വന്തം കാമുകനെ വെടിവച്ചുകൊന്ന കേസിൽ 1955 ജൂലൈ 13-ന് തൂക്കിലേറ്റപ്പെട്ട റൂത്തിന് അന്നു നേരിടേണ്ടിവന്ന ഗുരുതരമായ നീതികേട് തിരുത്തിക്കൊണ്ടാണു ചരിത്രപരമായ നടപടി. ബ്രിട്ടീഷ് ഉപപ്രധാനമന്ത്രിയും നീതിന്യായ സെക്രട്ടറിയുമായ ഡേവിഡ് ലാമിയാണ് പാർലമെന്റിൽ പ്രഖ്യാപനം നടത്തിയത്.
28-ാം വയസിലാണ് റൂത്ത് എല്ലിസ് ലണ്ടനിലെ ഹോളോവേ ജയിലിൽ വധശിക്ഷയ്ക്ക് ഇരയായത്. 1955 ജൂണിൽ ലണ്ടനിലെ ഓൾഡ് ബെയ്ലി കോടതിയിൽ നടന്ന വിചാരണയിൽ വെറും ഇരുപതു മിനിറ്റ് കൊണ്ടാണ് റൂത്ത് കുറ്റക്കാരിയാണെന്ന് ജൂറി വിധിച്ചത്. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് താൻ വെടിയുതിർത്തതെന്ന് റൂത്ത് കോടതിയിൽ സമ്മതിച്ചിരുന്നു. ഇത് പ്രോസിക്യൂഷന്റെ ജോലി എളുപ്പമാക്കിയെങ്കിലും, റൂത്ത് നേരിട്ട ക്രൂരമായ ഗാർഹിക പീഡനങ്ങളും മാനസിക അതിക്രമങ്ങളും അന്ന് കോടതി ഒട്ടും പരിഗണിച്ചില്ല.
1926 ഒക്ടോബർ ഒന്പതിന് വെയ്ൽസിലാണ് റൂത്ത് ജനിക്കുന്നത്. ഇംഗ്ലീഷുകാരനാണ് റൂത്തിന്റെ അച്ഛൻ, അമ്മ ബെൽജിയം സ്വദേശിനിയും. പതിനാലാം വയസിൽ പഠനം ഉപേക്ഷിച്ച റൂത്ത് ബാറിലും നൈറ്റ് ക്ലബിലും ജോലിചെയ്തു. 1941-ൽ റൂത്തും കുടുംബവും ലണ്ടൻ നഗരത്തിലേക്കു താമസം മാറ്റി. നൈറ്റ് ക്ലബ്ബ് മാനേജർ ആയി പ്രവർത്തിക്കുന്പോഴാണ് റൂത്ത് എല്ലിസും ഡേവിഡ് ബ്ലെയ്ക്കിലിയും പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും ഒന്നിച്ചുതാമസമാരംഭിച്ചു. റേസിംഗ് ഡ്രൈവറായ കാമുകൻ ബ്ലെയ്ക്കിലിയിൽനിന്നു നിരന്തരമായ ശാരീരിക ഉപദ്രവങ്ങളാണ് റൂത്തിനു നേരിടേണ്ടിവന്നത്. ക്രൂരമർദനം കാരണം റൂത്തിന് തന്റെ ഗർഭസ്ഥ ശിശുവിനെ നഷ്ടപ്പെടുന്ന അവസ്ഥവരെയുണ്ടായി. ഈ സംഭവത്തിന് പത്തു ദിവസങ്ങൾക്കു ശേഷം, ലണ്ടനിലെ ഹാംപ്സ്റ്റെഡിലുള്ള മദ്യശാലയ്ക്ക് മുന്നിൽവച്ച് ബ്ലെയ്ക്കിലിക്കുനേരേ വെടിയുതിർക്കുകയായിരുന്നു. തുടർന്ന്, അവർ പോലീസിനു കീഴടങ്ങുകയും ചെയ്തു.
അക്കാലത്തെ നിയമവ്യവസ്ഥയും സമൂഹവും സ്ത്രീസുരക്ഷ, ഗാർഹികപീഡനം തുടങ്ങിയവ മനസിലാക്കുന്നതിൽ വീഴ്ച വരുത്തിയെന്ന് ഡേവിഡ് ലാമി വ്യക്തമാക്കി. റൂത്ത് അനുഭവിച്ച ക്രൂരതകൾ പരിഗണിച്ചിരുന്നുവെങ്കിൽ അന്ന് വധശിക്ഷയ്ക്ക് പകരം കേസ് മനഃപൂർവമല്ലാത്ത നരഹത്യയായി ചുരുക്കാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റൂത്തിന്റെ കൊച്ചുമക്കൾ നടത്തിയ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ഇപ്പോൾ ചരിത്രപരമായ മാപ്പ് പ്രഖ്യാപനമുണ്ടായത്.
തങ്ങളുടെ മുത്തശിക്ക് ഒടുവിൽ നീതി ലഭിച്ചെന്ന് റൂത്തിന്റെ കൊച്ചുമകൾ ലോറ എൻസ്റ്റൺ പ്രതികരിച്ചു. മാപ്പ്, 71 വർഷം മുമ്പു തകർന്ന ജീവിതങ്ങളെ തിരിച്ചുതരില്ലെങ്കിലും, അന്നത്തെ നീതിന്യായ വ്യവസ്ഥയ്ക്കു സംഭവിച്ച വലിയൊരു വീഴ്ച ഔദ്യോഗികമായി സമ്മതിക്കാൻ കാരണമായെന്ന് ലോറ പറഞ്ഞു.
1964 ഓഗസ്റ്റിലാണ് ബ്രിട്ടനിൽ അവസാനമായി വധശിക്ഷ നടപ്പാക്കിയത്. കുപ്രസിദ്ധ കുറ്റവാളികളായ പീറ്റർ ആന്റണി അലൻ, ഗൈനി ഓവൻ ഇവാൻസ് എന്നിവരുടെ വധശിക്ഷയാണ് അവസാനമായി നടപ്പാക്കിയത്. പിന്നീട് 1973-ൽ വധശിക്ഷ രാജ്യം പൂർണമായും നിർത്തലാക്കി.
Tags : TheLastWomanHangedInBritain RuthEllis DavidBlakely KingCharles LondonHollowayPrison DeputyPrimeMinisterDavidLammy