പ്രതി ഫോൺ മോഷ്ടിക്കുന്ന ദൃശ്യം
ബംഗളൂരു: കർണാടകയിലെ ബെളഗാവിയിൽ ഭിക്ഷക്കാരന്റെ വേഷത്തിലെത്തിയ യുവാവ് മൊബൈൽ ഷോപ്പിൽ നിന്ന് ഒന്നര ലക്ഷത്തോളം രൂപ വിലവരുന്ന ഫോൺ കവർന്നു. ബെളഗാവി നഗരത്തിലെ ഗോവസ് പ്രദേശത്തുള്ള മൊബൈൽ ഷോപ്പിലാണ് സംഭവം നടന്നത്.
ഭിക്ഷ ചോദിച്ചാണ് പ്രതി കടയ്ക്കുള്ളിൽ പ്രവേശിച്ചത്. തുടർന്ന് ജീവനക്കാരുടെ ശ്രദ്ധതിരിച്ച് വിലകൂടിയ ഫോണുമായി കടന്നുകളയുകയായിരുന്നു. പിന്നീട് ഫോൺ കാണാതായതിനെ തുടർന്ന് ജീവനക്കാർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണവിവരം പുറത്തറിഞ്ഞത്. പ്രതി ഫോൺ മോഷ്ടിക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതിയെ തിരിച്ചറിയാനും കണ്ടെത്താനുമുള്ള ശ്രമത്തിലാണ് പോലീസ്.
Tags : Deepika Thief Beggar Steal