യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, എഴുത്തുകാരി ഇ. ജീൻ കരോൾ.
1990-കളുടെ മധ്യത്തിൽ ന്യൂയോർക്കിലെ ആഡംബര ഡിപ്പാർട്ട്മെന്റ് സ്റ്റോറിലെ ഡ്രെസിംഗ് റൂമിൽവച്ച് ഡോണൾഡ് ട്രംപ് തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് എഴുത്തുകാരി ജീൻ കരോളിന്റെ വെളിപ്പെടുത്തൽ.
ന്യൂയോർക്ക്: അമേരിക്കൻ എഴുത്തുകാരി ഇ. ജീൻ കരോളിനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ നഷ്ടപരിഹാരം കൈമാറി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 54 കോടിയിലേറെ രൂപയാണ് ട്രംപ് പരാതിക്കാരിക്കു കൈമാറിയത്.
ട്രംപിനെതിരായ ലൈംഗികാതിക്രമ, അപകീർത്തി കേസിൽ 2023-ൽ കോടതി വിധിച്ച നഷ്ടപരിഹാരമാണിത്. ട്രംപിന്റെ ശക്തമായ എതിർപ്പുകൾ തള്ളിക്കൊണ്ട്, കഴിഞ്ഞ ദിവസം കരോളിന്റെ അഭിഭാഷകരുടെ അക്കൗണ്ടിലേക്കു തുക മാറ്റിയതെന്ന് കോടതി രേഖകൾ വ്യക്തമാക്കുന്നു.
2023-ലെ കോടതി വിധി അനുശാസിക്കുന്ന അഞ്ചു മില്യൺ ഡോളറും അതിന്റെ പലിശയും ചേർത്താണ് ഇപ്പോൾ 5.63 (ഏകദേശം 54.1 കോടി രൂപ) കൈമാറിയിരിക്കുന്നത്. കഴിഞ്ഞ മാസം അമേരിക്കൻ സുപ്രീം കോടതി ട്രംപിന്റെ അപ്പീൽ നിരസിച്ചതോടെയാണ് തുക കരോളിനു നൽകാൻ യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി ലൂയിസ് കപ്ലാൻ അനുമതി നൽകിയത്. തുക കൈമാറുന്നത് തടയാൻ ട്രംപിന്റെ അഭിഭാഷകർ അവസാന നിമിഷം വരെ അടിയന്തര ഉത്തരവുകൾക്കായി ശ്രമിച്ചെങ്കിലും കോടതി അതു നിരസിക്കുകയായിരുന്നു.
ട്രംപ് കുറ്റക്കാരനാണെന്ന് ഒൻപതംഗ ജൂറി ഒരുപോലെ വിധിച്ച കേസാണിതെന്നും, നീണ്ട കാത്തിരിപ്പിനൊടുവിൽ അർഹമായ നഷ്ടപരിഹാരം കരോളിനു ലഭിച്ചതിൽ സന്തോഷമുണ്ടെന്നും അവരുടെ അഭിഭാഷക പ്രസ്താവനയിലൂടെ അറിയിച്ചു.
1990-കളുടെ മധ്യത്തിൽ ന്യൂയോർക്കിലെ ആഡംബര ഡിപ്പാർട്ട്മെന്റ് സ്റ്റോറിലെ ഡ്രെസിംഗ് റൂമിൽവച്ച് ട്രംപ് തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് എഴുത്തുകാരി കൂടിയായ ജീൻ കരോൾ വെളിപ്പെടുത്തിയത്. തുടർന്ന് 2019-ൽ തന്റെ പുസ്തകത്തിലൂടെ ഈ വിവരം പുറത്തുവിട്ടപ്പോൾ, ട്രംപ് ഇതിനെ പരസ്യമായി നിഷേധിക്കുകയും തന്നെ അപകീർത്തിപ്പെടുത്തുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് അവർ കോടതിയെ സമീപിച്ചത്. ആരോപണങ്ങൾ പൂർണമായും വ്യാജമാണെന്നും പുസ്തകം വിറ്റഴിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നുമായിരുന്നു ട്രംപിന്റെ വാദം.
അതേസമയം, ട്രംപ് തുടർന്നും അപ്പീലുകളുമായി മുന്നോട്ടുപോകുമെന്ന് അദ്ദേഹത്തിന്റെ നിയമവിദഗ്ധർ അറിയിച്ചിട്ടുണ്ട്.
Tags : DonaldTrump USPresident E.JeanCarroll SexualAbuseJudgment