കൊല്ലപ്പെട്ട ഓസ്ട്രേലിയൻ മിഷനറി ഗ്രഹാം സ്റ്റുവർട്ട് സ്റ്റെയിൻസ്, കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ദാരാ സിംഗ്
ന്യൂഡൽഹി: ഓസ്ട്രേലിയൻ മിഷനറി ഗ്രഹാം സ്റ്റുവർട്ട് സ്റ്റെയിൻസിനെയും മക്കളായ ഫിലിപ്പ്, തിമോത്തി എന്നിവരെയും കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന രവീന്ദ്ര പാൽ എന്ന ദാരാ സിംഗിനെ മോചിപ്പിക്കാൻ നീക്കം.
ജയിലിലെ 'നല്ല നടപ്പിന്റെ' അടിസ്ഥാനത്തിൽ ദാരാ സിംഗിനെ വിട്ടയക്കാൻ ഒഡീഷ സ്റ്റേറ്റ് സെന്റൻസ് റിവ്യൂ ബോർഡ് ശിപാർശ ചെയ്തു. 26 വർഷമായി ദാരാ സിംഗ് ജയിൽ ശിക്ഷ അനുഭവിച്ചു വരികയാണ്. കഴിഞ്ഞ ജൂലൈ ആദ്യം ചേർന്ന റിവ്യൂ ബോർഡ് യോഗത്തിലാണ് ഇദ്ദേഹത്തിന്റെ മോചനത്തിനുള്ള ശിപാർശ അംഗീകരിച്ചത്. കേസ് മുൻപ് ബോർഡ് മാറ്റിവെച്ചിരുന്നു. ദാരാ സിംഗിന്റെ സ്വദേശമായ ഉത്തർപ്രദേശിലെ ഔറയ്യ ജില്ലയിലെ അധികാരികളിൽ നിന്ന് പുതുക്കിയ റിപ്പോർട്ട് ലഭിക്കുന്നതിനായി നടപടികൾ വൈകുകയായിരുന്നു. ഈ റിപ്പോർട്ടുകൾ പരിശോധിച്ച ശേഷമാണ് ഇപ്പോൾ മോചനത്തിന് വഴിയൊരുങ്ങിയത്.
1999 ജനുവരി 22-ന് കിയോഞ്ജാർ ജില്ലയിലെ മനോഹർപൂരിലാണ് സംഭവം നടന്നത്. ഗ്രഹാം സ്റ്റെയിൻസും മക്കളായ ഫിലിപ്പും തിമോത്തിയും തങ്ങളുടെ വാഹനത്തിൽ ഉറങ്ങിക്കൊണ്ടിരിക്കെ, ദാരാ സിംഗിന്റെ നേതൃത്വത്തിലുള്ള സംഘം വാഹനം പുറത്തുനിന്ന് പൂട്ടി തീകൊളുത്തുകയായിരുന്നു. മതം മാറ്റം ആരോപിച്ച് നടത്തിയ ഈ കൊലപാതകം ആഗോളതലത്തിൽ വലിയ പ്രതിഷേധത്തിനാണ് കാരണമായത്.
സംഭവത്തിൽ 51 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതിൽ സിബിഐ കോടതി ദാരാ സിംഗ് ഉൾപ്പെടെയുള്ളവരെ ശിക്ഷിച്ചു. ഒഡീഷ ഹൈക്കോടതി ചിലരുടെ വധശിക്ഷ ജീവപര്യന്തമായി ഇളവുചെയ്തിരുന്നു. ദാരാ സിംഗ് ഇപ്പോൾ കിയോഞ്ജാർ ജില്ലാ ജയിലിലാണ് കഴിയുന്നത്. ഇദ്ദേഹത്തിന്റെ മോചനം സാധ്യമായാൽ, സ്റ്റെയിൻസ് വധക്കേസിൽ ശിക്ഷിക്കപ്പെട്ടവരായി ആരും ജയിലിൽ ഉണ്ടാകില്ല. ഇക്കാര്യത്തിൽ സുപ്രീംകോടതിയുടെ തുടർന്നുള്ള നടപടികൾ നിർണായകമായിരിക്കും.
Tags : Graham Sataines Dara Singh Supreme Court Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash