പ്രതീകാത്മക ചിത്രം
കോൽക്കത്ത: ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി 1,025 ഏക്കർ ഭൂമി ബോർഡർ സെക്യൂരിറ്റി ഫോഴ്സിന് കൈമാറി പശ്ചിമ ബംഗാൾ സർക്കാർ. അധികാരമേറ്റ് 65 ദിവസത്തിനുള്ളിൽ സർക്കാർ കൈക്കൊണ്ട നിർണായകമായ നടപടിയാണിതെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി വ്യക്തമാക്കി. അതിർത്തിയിലെ നുഴഞ്ഞുകയറ്റം തടയുന്നതിനായി വേലി കെട്ടുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.
സാമൂഹിക മാധ്യമത്തിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. 172.6 കിലോമീറ്റർ നീളത്തിൽ വ്യാപിച്ചുകിടക്കുന്ന 1,024.75 ഏക്കർ ഭൂമിയാണ് കൈമാറിയിരിക്കുന്നത്. ഒൻപത് ജില്ലകളിലായാണ് ബിഎസ്എഫിനായി ഭൂമി വിട്ടുനൽകിയത്. ഇതിൽ മുർഷിദാബാദ് ജില്ലയിലാണ് ഏറ്റവും കൂടുതൽ ഭൂമി (337 ഏക്കർ) കൈമാറിയത്. ജൽപൈഗുരിയിലാണ് ഏറ്റവും കുറവ് ഭൂമി കൈമാറിയത് (2.17 ഏക്കർ).
മുൻ സർക്കാർ അതിർത്തി വേലിക്കെട്ടുന്നതിന് ആവശ്യമായ ഭൂമി കൈമാറാൻ വിമുഖത കാണിച്ചിരുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരത്തെ ആരോപിച്ചിരുന്നു. എന്നാൽ നിലവിലെ സർക്കാർ അധികാരത്തിൽ വന്ന് 65 ദിവസത്തിനുള്ളിൽ 1,000 ഏക്കറിലധികം ഭൂമി ബിഎസ്എഫിന് കൈമാറി ഈ പ്രതിസന്ധിക്ക് പരിഹാരം കണ്ടു. അതിർത്തി സുരക്ഷ ഉറപ്പാക്കുന്നതിന് സർക്കാരിന്റെ എല്ലാ സഹായവും തുടരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Tags : West Bengal Border Fencing Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash