ഇ20 പെട്രോൾ പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ഇ-20 എഥനോൾ പെട്രോൾ ഉപയോഗത്തോട് ഭൂരിഭാഗം ഉപഭോക്താക്കൾക്കും എതിർപ്പ്. സി-വോട്ടർ നടത്തിയ പുതിയ സർവേയിലാണ് ഇക്കാര്യം വ്യക്തമായത്. എൻഡിഎ വോട്ടർമാരിൽ പോലും 53 ശതമാനം പേർ തങ്ങളുടെ വാഹനങ്ങളിൽ ഇ-20 ഉപയോഗിക്കാൻ താത്പര്യപെടുന്നില്ല.
ഇ-20 പെട്രോൾ ഉപയോഗിക്കുന്നത് വാഹനങ്ങളുടെ മൈലേജ് കുറയ്ക്കുമെന്നും എൻജിന് തകരാറുകൾ വരുത്തുമെന്നും ജനങ്ങൾ ഭയപ്പെടുന്നു. സാധാരണ പെട്രോളും എഥനോൾ കലർത്തിയ പെട്രോളും ഒരേസമയം ലഭ്യമാക്കണമെന്നാണ് 76 ശതമാനം പേരും ആവശ്യപ്പെടുന്നത്. കുറഞ്ഞ വിലയ്ക്ക് ഇ-20 ലഭിച്ചാലും 40.8 ശതമാനം പേർ മാത്രമേ അത് ഉപയോഗിക്കാൻ തയ്യാറുള്ളൂ.
വേണ്ടത്ര ഗവേഷണമില്ലാതെയാണ് സർക്കാർ ഈ പദ്ധതി നടപ്പിലാക്കുന്നതെന്ന് 60 ശതമാനത്തോളം പേരും വിശ്വസിക്കുന്നു. മതിയായ വിവരങ്ങൾ സർക്കാർ നൽകുന്നില്ലെന്നും പരാതിയുണ്ട്. പഴയ വാഹനങ്ങളിൽ ഇ-20 നിർബന്ധമാക്കുന്നത് അനീതിയാണെന്ന് 56.3 ശതമാനം പേർ അഭിപ്രായപ്പെടുന്നു.
Tags : E20 Petrol Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash