സാന്ദ്രയുടെ കൈ വിരലിൽ പരിക്കേറ്റ നിലയിൽ
തിരുവനന്തപുരം: ഒന്നാം ക്ലാസ് വിദ്യാർഥിനിയെ അധ്യാപിക ചൂരൽകൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചതായി പരാതി. കവലയൂർ ഗവ. എച്ച്എസ്എസിലെ സാന്ദ്രയ്ക്കാണ് അധ്യാപികയുടെ മർദനമേറ്റത്.
കോണത്തുവീട്ടിൽ സുനിൽ-സന്ധ്യ ദമ്പതികളുടെ മകളാണ് സാന്ദ്ര. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. ഇംഗ്ലീഷ് ക്ലാസിൽ അക്ഷരങ്ങൾ വേഗത്തിൽ എഴുതിത്തീർത്തില്ലെന്ന് ആരോപിച്ചായിരുന്നു അധ്യാപികയുടെ ക്രൂരത.
കൈവിരലുകളിൽ അസാധാരണമായ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ശനിയാഴ്ച കുട്ടിയെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ വിരലിന് ഗുരുതരമായി ചതവേറ്റതായി കണ്ടെത്തിയതിനെ തുടർന്ന് പിന്നീട് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
മർദനമേറ്റതിനു പിന്നാലെ കുട്ടിക്ക് കടുത്ത പനി പിടിപെട്ടതായും പിതാവ് അറിയിച്ചു. സംഭവത്തിൽ സ്കൂൾ അധികൃതർ, ചൈൽഡ് വെൽഫെയർ കമ്മിറ്റി, പോലീസ്, പഞ്ചായത്ത് എന്നിവർക്ക് രക്ഷിതാക്കൾ പരാതി നൽകിയിട്ടുണ്ട്.
അതേസമയം, ക്ലാസിൽ ബഹളം വച്ചതിനെ തുടർന്ന് എല്ലാ കുട്ടികളെയും നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അടിച്ച കൂട്ടത്തിൽ സാന്ദ്രയ്ക്കും അടി കൊള്ളുകയായിരുന്നുവെന്നാണ് സ്കൂൾ ഹെഡ്മിസ്ട്രസ് എ.പി. ശ്രീകലയുടെ വിശദീകരണം. സംഭവിച്ച കാര്യങ്ങൾ കൃത്യമായി പരിശോധിക്കുമെന്നും, ഇന്ന് ഇതുസംബന്ധിച്ച് കുട്ടിയുടെ രക്ഷിതാക്കളുമായി സ്കൂളിൽ പ്രത്യേക കൂടിക്കാഴ്ച നടത്തുമെന്നും ഹെഡ്മിസ്ട്രസ് അറിയിച്ചു
Tags : Child Cruelty Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs NewsFlash