ഇവാനിയ മരിയ സജേഷ്
മൂവാറ്റുപുഴ: മാറാടി പഞ്ചായത്തിലെ അഞ്ചാം വാർഡായ അവറാച്ചൻ ഉന്നതിയിൽ പുതിയ കള്ളുഷാപ്പ് തുറക്കുന്നതിനെതിരെ മുഖ്യമന്ത്രിക്ക് കത്തയച്ച് അഞ്ചാം ക്ലാസുകാരി. മൂവാറ്റുപുഴ നിർമല ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയായ ഇവാനിയ മരിയ സജേഷാണ് നാട്ടുകാരുടെ ജനകീയ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി.ഡി.സതീശന് കത്തെഴുതിയത്.
അന്‍പതിലധികം കുട്ടികൾ വൈകുന്നേരങ്ങളിൽ ഓടിക്കളിച്ചു വളരുന്ന പ്രദേശത്താണ് ഇപ്പോൾ കള്ളുഷാപ്പ് തുടങ്ങാൻ അധികൃതർ അനുമതി നൽകിയിരിക്കുന്നതെന്ന് ഇവാനിയ കത്തിൽ ചൂണ്ടിക്കാണിക്കുന്നു. ഷാപ്പിനെതിരെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശവാസികളും കുട്ടികളുടെ മാതാപിതാക്കളും ചേർന്ന് വലിയ സമരത്തിലാണ്. കഴിഞ്ഞ ദിവസം സ്കൂളിൽ ക്ലാസില്ലാതിരുന്നതിനാൽ തങ്ങളും സമരപ്പന്തലിൽ പോയിരുന്നുവെന്ന് കത്തിൽ പറയുന്നു.
എന്നാൽ അവിടെ പോലീസും കള്ളുഷാപ്പുകാരുടെ ആളുകളും നാട്ടുകാരും തമ്മിൽ വലിയ സംഘർഷമാണ് ഉണ്ടായത്. ഇത് കണ്ട് തങ്ങളെല്ലാം വല്ലാതെ ഭയന്നുപോയെന്നും കുട്ടി മുഖ്യമന്ത്രിയെ അറിയിച്ചു.
'സർ, കള്ളുഷാപ്പ് ഇവിടെനിന്നും മാറ്റിത്തരുവാൻ വേണ്ട നടപടികൾ ചെയ്യണമെന്ന് അപേക്ഷിക്കുകയാണ്. അങ്ങേയ്ക്ക് മാത്രമേ ഞങ്ങളെ സഹായിക്കാൻ കഴിയൂ എന്ന് വിശ്വസിച്ചുകൊണ്ടാണ് കത്ത് എഴുതുന്നത്.
അങ്ങ് ഇതിനൊരു പരിഹാരം ഉണ്ടാക്കിത്തരുമെന്ന് ആത്മാർത്ഥമായി ഞാൻ വിശ്വസിക്കുന്നു," എന്ന വൈകാരികമായ വരികളോടെയാണ് ഇവാനിയ കത്ത് അവസാനിപ്പിക്കുന്നത്. പ്രദേശത്ത് ജനകീയ സമിതിയുടെ സമരം ശക്തമായി തുടരുന്നതിനിടയിലാണ് മുഖ്യമന്ത്രിയുടെ ശ്രദ്ധ ക്ഷണിച്ചുകൊണ്ട് അഞ്ചാം ക്ലാസുകാരി കത്തയച്ചത്.
Tags : Toddy Shop Student Protest VDSatheesan Deepika DeepikaNewspaper NewsUpdate Headlines CurrentAffairs NewsFlash