ബംഗളൂരു മെട്രോയിലെ കമിതാക്കൾ എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽനിന്ന്.
ബംഗളൂരു: രാജ്യതലസ്ഥാനമായ ഡൽഹിയിലെ മെട്രോ ട്രെയിനുകൾക്കു പിന്നാലെ സിലിക്കൺ സിറ്റിയായ ബംഗളൂരുവിലെ നമ്മ മെട്രോയിലും മോശം പെരുമാറ്റങ്ങളും പരസ്യ പ്രണയരംഗങ്ങളും ആവർത്തിക്കുന്നു. മെട്രോ കോച്ചിനുള്ളിൽ സഹയാത്രികർക്കിടയിലിരുന്ന് പ്രണയിതാക്കൾ കാട്ടിക്കൂട്ടിയ ലീലകളുടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വ്യാപക വിമർശനമാണ് ഉയരുന്നത്.
പൊതുസ്ഥലത്തു നടത്തിയ പ്രണയലീലകൾക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാർ രംഗത്തെത്തിയിട്ടുണ്ട്. കെ.ആർ. പുരം ലക്ഷ്യമാക്കി നീങ്ങുകയായിരുന്ന മെട്രോ ട്രെയിനിന്റെ കോച്ചിനുള്ളിലാണു സംഭവം അരങ്ങേറിയത്. ട്രെയിനിൽ യാത്രക്കാരുടെ തിരക്കുണ്ടായിരുന്നിട്ടും, ഗൗനിക്കാതെ, പൊതുമര്യാദകൾ ലംഘിച്ച് യുവകമിതാക്കൾ പരസ്പരം കെട്ടിപ്പിടിക്കുകയും ചുംബിക്കുകയുമായിരുന്നു. കമിതാക്കളുടെ പെരുമാറ്റത്തിൽ അസ്വസ്ഥനായ സഹയാത്രികനാണു തന്റെ മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുകയും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തത്.
പൊതുഗതാഗത സംവിധാനങ്ങൾ പ്രണയിതാക്കൾക്കുവേണ്ടിയുള്ള സ്വകാര്യ ഇടങ്ങളാക്കി മാറ്റുകയാണോ എന്ന് ചോദിച്ച് ഒരു വിഭാഗം ആളുകൾ രോഷം പ്രകടിപ്പിച്ചു. സംഭവത്തിൽ ബംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിനും പോലീസിനുമെതിരേ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ശക്തമാണ്. പൊതുസ്ഥലങ്ങളിൽ ഇത്തരം അച്ചടക്കമില്ലാത്ത പെരുമാറ്റങ്ങൾ തടയുന്നതിനായി സുരക്ഷാ ജീവനക്കാർ കൂടുതൽ ജാഗ്രത പുലർത്തണമെന്നു യാത്രക്കാർ ആവശ്യപ്പെടുന്നു.
Tags : PDAInsideBengaluruMetro BengaluruMetro IntimateBehaviour