ബംഗളൂരു: ബംഗളൂരു മെട്രോയുടെ പിങ്ക് ലൈൻ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. ഉദ്ഘാടനത്തിന് പിന്നാലെ പ്രധാനമന്ത്രി മെട്രോയിൽ ടിക്കറ്റ് എടുത്ത് യാത്രയും ചെയ്തു. എസ്ജി പാളയ സ്റ്റേഷനിൽനിന്ന് ബംഗളൂരു ഐഐഎമ്മിലേക്കാണ് മോദി യാത്ര നടത്തിയത്. മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
താവരക്കരെ സ്റ്റേഷൻ എന്ന് അറിയപ്പെട്ടിരുന്ന സ്റ്റേഷൻ എസ്ജി പാളയ എന്ന പേരിൽ പുനർനാമകരണം ചെയ്ത ശേഷമാണ് ഉദ്ഘാടനച്ചടങ്ങ് നടത്തിയത്. ഇവിടെനിന്ന് മെട്രോയ്ക്ക് ഫ്ലാഗ് ഓഫ് നൽകിയ പ്രധാനമന്ത്രി തുടർന്ന് അതേ പാതയിലൂടെ യാത്ര ചെയ്യുകയും ചെയ്തു. ബംഗളൂരു-മംഗളൂരു-ഗോവ റൂട്ടിലുള്ള വന്ദേ ഭാരത് എക്സ്പ്രസിനും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് നിർവഹിച്ചു.
ഇതിന് പിന്നാലെ വിവിധ മേഖലകളിലായി 15,600 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവഹിച്ചു. ബംഗളൂരുവിലെ പരിപാടികൾക്കുശേഷം മൈസൂരുവിലെത്തിയ പ്രധാനമന്ത്രി രാജ്യത്തെ ആദ്യത്തെ എൽഇഡി ഡോം പ്ലാനറ്റേറിയം ഉദ്ഘാടനം ചെയ്തു. അതിനിടെ മെട്രോ പിങ്ക് ലൈൻ സമർപ്പണത്തിനെത്തിയ പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് രാഷ്ട്രീയ നിറവും കൈവന്നു.
മോദിയെ ബിജെപി പ്രവർത്തകർ ആർപ്പുവിളികളോടെയും മുദ്രാവാക്യങ്ങളോടെയുമാണ് സ്വീകരിച്ചത്. മോദി, മോദി എന്ന വിളികൾ ഉയർന്നപ്പോൾ മറുഭാഗത്ത് കോൺഗ്രസ് പ്രവർത്തകർ രാഹുൽ, രാഹുൽ എന്ന് വിളിച്ചായിരുന്നു പ്രതികരിച്ചത്.