അറസ്റ്റിലായ മിമിക്രിക്കാരൻ
തിരുവനന്തപുരം: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയിൽ നിന്ന് പണംതട്ടിയെടുത്തെന്ന കേസിൽ, മിമിക്രി കലാകാരനായ തൃശൂർ സ്വദേശി അറസ്റ്റിൽ. അരനാട്ടുകര ഒളരിക്കര സ്വദേശി സതീഷ് ഒളരിയെന്ന വി.ബി.സതീഷി (47)നെയാണ് വിഴിഞ്ഞം പൊലിസ് പിടികൂടിയത്.
വിഴിഞ്ഞം കോട്ടപ്പുറം സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ ഡിസംബർ മുതൽ ഫെബ്രുവരി വരെ പലപ്പോഴായി 1.25 ലക്ഷം രൂപ യുപിഐ വഴി വാങ്ങിയെന്നാണ് പരാതി. 20,300 രൂപയുടെ ഇലക്ട്രോണിക്സ് മുതലും വിമാനടിക്കറ്റ് എടുത്ത വകയിൽ 20,400 രൂപയും തട്ടിയെടുത്തുവെന്നു പൊലിസ്
പറഞ്ഞു.
പണം തിരികെ ചോദിച്ചപ്പോൾ മോർഫ് ചെയ്ത ചിത്രം ബന്ധുക്കൾക്കും ജോലി ചെയ്യുന്ന സ്ഥാപനത്തിലും അയച്ചു കൊടുക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. സ്വകാര്യതയെ ബാധിക്കുന്ന തരത്തിൽ ചിത്രങ്ങൾ ദുരുപയോഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് യുവതി പൊലിസിനെ സമീപിച്ചത്.
ഇയാളുടെ സഹോദരിയായ രണ്ടാം പ്രതി ശബ്ദസന്ദേശത്തിലൂടെ ഭീഷണിപ്പെടുത്തിയെന്നും ഇവർക്കെതിരെയും കേസുണ്ടെന്നും പൊലിസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Tags : Mimicry artist social media misuse remand police young woman complaint