ആലപ്പുഴ വലിയ ചുടുകാട് (File photo)
ആലപ്പുഴ: പുന്നപ്ര- വയലാർ രക്തസാക്ഷികളുടെ സ്‌മരണകൾ ഉറങ്ങുന്ന ആലപ്പുഴ വലിയ ചുടുകാട്ടിൽ മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനും പുന്നപ്ര- വയലാർ സമരനായകൻ ടി.വി. തോമസിനും സ്‌മാരകങ്ങൾ ഉയരുന്നു.
രക്തസാക്ഷികളുടെ മണ്ണിൽ വ്യക്തിഗത സ്മാരകങ്ങൾ വേണ്ടെന്ന തീരുമാനം മാറ്റിയാണ് സിപിഎമ്മിന്‍റെയും സിപിഐയുടെയും സംയുക്ത ഉടമസ്ഥതയുള്ള സ്ഥലത്ത് ഇരു നേതാക്കളുടെയും സ്മാരകങ്ങൾ ഉയരുന്നത്.
വിഎസിനെ അടക്കം ചെയ്തുകഴിഞ്ഞപ്പോൾ, മുഖ്യമന്ത്രിയായിരുന്നതിനാൽ മുൻ തീരുമാനത്തിൽ മാറ്റം വേണമെന്ന് സിപിഎം ആവശ്യപ്പെട്ടു. അങ്ങനെ രണ്ട് പാർട്ടികളും ചേർന്ന് യോഗം നടത്തി. തീരുമാനം മാറ്റുമ്പോൾ പുന്നപ്ര- വയലാർ സമരനായകനും സ്മാരകം വേണമെന്ന് സിപിഐ ആവശ്യപ്പെട്ടു. അതനുസരിച്ച് കഴിഞ്ഞ 12 നായിരുന്നു രണ്ടുപേരുടെയും സ്മാരകം നിർമിക്കാൻ അന്തിമ തീരുമാനം എടുത്തത്.
വി.എസിന്‍റെ സ്മാരകത്തിന്‍റെ രൂപരേഖ കൊണ്ടുവന്നത് മകൻ വി.എ. അരുൺകുമാറാണ്. ഇതിൽ സ്മാരകത്തിന് പിന്നിലായി ഒരു മതിൽ ഉൾപ്പെടുത്തിയിരുന്നു. ഈ മതിൽ വന്നാൽ പി.കൃഷ്ണപിള്ള, ടി.വി.തോമസ്, കെ.ആർ.ഗൗരിയമ്മ ഉൾപ്പടെയുള്ളവരെ അടക്കിയ സ്ഥലം കാഴ്ചയിൽ നിന്ന് മറയുമെന്ന ആശങ്ക സിപിഐ മുന്നോട്ട് വച്ചിരുന്നു.
സിപിഐയുടെ നേതൃത്വത്തിൽ നിർമിക്കുന്ന ടി.വി.തോമസ് സ്മാരകം വി.എസ് സ്മാരകത്തിന്‍റെ കാഴ്ച മറയ്ക്കുമെന്ന ആശങ്ക സിപിഎമ്മും ഉയർത്തി. ഒടുവിൽ വി.എസ്. സ്മാരത്തിന്‍റെ രൂപരേഖയിൽ ഉൾപ്പെടുത്തിയിരുന്ന മതിൽ ഒഴിവാക്കിയും ടി.വി.തോമസിന്‍റെ സ്മാരകത്തിന്‍റെ സ്ഥലം അൽപ്പം നീക്കിയും നിർമാണം നടത്താൻ തീരുമാനിക്കുകയായിരുന്നു.
ആദ്യം രണ്ടു പേരുടെയും സ്മാരകത്തിന്‍റെ ദർശനം വടക്കോട്ട് വയ്ക്കാനായിരുന്നു തീരുമാനം. എന്നാൽ വിഎസിന്‍റെ സ്മാരകത്തിന്‍റെ ദർശനം റോഡിനഭിമുഖമായി കിഴക്കോട്ടായിരിക്കണം എന്ന് ശിൽപികൾ പറഞ്ഞിരുന്നു. അങ്ങനെയെങ്കിൽ ടി.വി. തോമസിന്‍റെയും കിഴക്കോട്ട് ദർശനം വേണമെന്ന് സിപിഐ ആവശ്യപ്പെട്ടു. അതിനനുസരിച്ചാണ് ഇപ്പോൾ നിർമാണം നടക്കുന്നത്.
വി.എസിന്‍റെ മൃതദേഹം സംസ്‌കരിച്ച സ്ഥലത്താണ് സിപിഎം സ്‌മാരകം നിർമിക്കുന്നത്. വി.എസ് അനുസ്‌മരണ ദിനമായ 21ന് പൂർത്തിയാകുന്ന വിധത്തിലാണ്നിർമാണം പുരോഗമിക്കുന്നത്.
ടിവി തോമസിന്‍റെ 50-ാം ചരമ വാർഷിക ദിനമായ 2027 മാർച്ച് 26 നുമുൻപ് പൂർത്തിയാകത്തക്ക രീതിയിലോ, ഒക്ടോബർ 27 ന് പുന്നപ്ര- വയലാർ രക്തസാക്ഷി വാരാചരണത്തോടനുബന്ധിച്ച് തീരത്തക്ക രീതിയിലോ ആണ് ടി.വി. തോമസിന്‍റെ സ്മാരക നിർമാണം നടത്താൻ ഉദ്ദേശിക്കുന്നതെന്ന് സിപിഐ ജില്ലാ സെക്രട്ടറി സോളമൻ പറഞ്ഞു. പാർട്ടികമ്മിറ്റി ചേർന്നാണ് ഇതിൽ അന്തിമ തീരുമാനം എടുക്കേണ്ടത്.
Tags : CPIM CPI Decision Memorials Martyrs