പത്തനംതിട്ട: അത്തിക്കയം വില്ലേജിലെ തെക്കേത്തൊട്ടി നിവാസികളുടെ പട്ടയം സംബന്ധിച്ച് കൈവശരേഖകൾ അവഗണിച്ച് ജില്ലാ ഭരണകൂടം ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയെന്ന് ആക്ഷേപം. പതിറ്റാണ്ടുകളായി പട്ടയത്തിനുവേണ്ടി കാത്തിരിക്കുന്ന ജനവിഭാഗത്തെ അവഗണിച്ചുകൊണ്ടുള്ള സത്യവാങ്മൂലത്തിനെതിരേ പ്രദേശവാസികൾ കടുത്ത പ്രതിഷേധത്തിലാണ്.
തലമുറകളായി കൈവശംവച്ച് അനുഭവിച്ചുവരുന്ന ഭൂമിക്ക് പട്ടയം ലഭിക്കാനുള്ള നിയമനടപടികൾ അന്തിമഘട്ടത്തിലെത്തി നിൽക്കുന്പോഴാണ് 1977 ജനുവരി ഒന്നിനു മുന്പ് കൈവശാവകാശമുള്ള രേഖകൾ അവഗണിച്ച് സത്യവാങ്മൂലം നൽകിയിരിക്കുന്നത്. കൈവശഭൂമിക്കു പട്ടയം തേടി കർഷകർ ഹൈക്കോടതിയിൽ നൽകിയിട്ടുള്ള ഹർജിയുമായി ബന്ധപ്പെട്ടാണ് ജില്ലാഭരണകൂടം വസ്തുതകൾ മറച്ചുവച്ച് സത്യവാങ്മൂലം നല്കിയത്.
തെക്കേത്തൊട്ടിയിൽ 24 ഹെക്ടറോളമാണ് കൈവശഭൂമിയുള്ളത്. 214 പേരാണ് ഇതിന് അവകാശികൾ. അഞ്ച് സെന്റ് മുതൽ 1.50 ഏക്കർവരെയുള്ള കൈവശക്കാരുണ്ട്. കർഷകർ നൽകിയിട്ടുള്ള ഹർജിയിൽ ഹൈക്കോടതി ഉത്തരവുപ്രകാരം വനം, റവന്യു സംയുക്ത സർവേ നടത്തിയിരുന്നു. ഇതിനു തുടർച്ചയായി എല്ലാ കൈവശകർഷകരും 1977 ജനുവരി ഒന്നിനു മുന്പുള്ള കുടിയേറ്റമാണെന്നു തെളിയിക്കുന്നതിനുള്ള രേഖകൾ നൽകണമെന്ന് ആവശ്യപ്പെട്ട് ഭൂരേഖ തഹസിൽദാർ നോട്ടീസ് നൽകിയിരുന്നു.
രേഖകൾ സ്വീകാര്യമായില്ല
1977നു മുന്പ് നടത്തിയ നിർമാണങ്ങളുടെ രേഖകൾ, ഭൂനികുതി അടച്ച രസീത്, ഭൂമിയുടെ രജിസ്ട്രേഷൻ രേഖകൾ, പാട്ടച്ചീട്ട്, സെൻസസ് രേഖകൾ എന്നിവ ഹാജരാക്കി നിശ്ചിത കാലയളവിനു മുന്പുള്ള കുടിയേറ്റം സ്ഥിരീകരിക്കാമെന്ന റവന്യു ഉത്തരവ് പാലിക്കപ്പെട്ടിട്ടില്ലെന്നാണ് റവന്യു അധികൃതരുടെ പക്ഷം.
കൈവശക്കാരിൽ ഏറെപ്പേരും ഇതുമായി ബന്ധപ്പെട്ടു നൽകിയ രേഖകൾ അംഗീകരിക്കാൻ ജില്ലാ ഭരണകൂടം തയാറായില്ല. തെക്കേത്തൊട്ടിയിലേത് 1977 ജനുവരി ഒന്നിനുശേഷമുള്ള കുടിയേറ്റമെന്നാണ് ജില്ലാ ഭരണകൂടം ഇപ്പോൾ കണക്കാക്കിയിരിക്കുന്നത്. കേന്ദ്രാനുമതിയില്ലാതെ ഈ പ്രദേശങ്ങൾക്ക് പട്ടയം നൽകാനാകില്ലെന്ന നിലപാട് പ്രശ്നം സങ്കീർണമാക്കും.
കൈവശാവകാശ രേഖകളുമായി കർഷകർ
വനഭൂമി അതിരിടാത്ത പ്രദേശമാണ് തെക്കേത്തൊട്ടി. ഭക്ഷ്യോത്പാദനലക്ഷ്യവുമായി കുടിയേറിയ കർഷകരുടെ പിൻതലമുറക്കാരാണ് ഇപ്പോൾ ഈ പ്രദേശങ്ങളിൽ അധിവസിക്കുന്നത്. ഇതിന് ആധാരമായ നിരവധി രേഖകൾ കർഷകരുടെ കൈവശമുണ്ട്. ഇവയെല്ലാം അവഗണിച്ചാണ് ജില്ലാ ഭരണകൂടം റിപ്പോർട്ട് നൽകിയതെന്ന് പ്രദേശവാസികൾ കുറ്റപ്പെടുത്തി.
തെക്കേത്തൊട്ടിയിലേത് 1955നു മുന്പുള്ള കുടിയേറ്റമാണെന്ന് കൈവശകർഷകർ ചൂണ്ടിക്കാട്ടുന്നു. കർഷകരെ കുടിയൊഴിപ്പിക്കാൻ പാടില്ലെന്ന് 1955 മാർച്ചിൽ തിരുവിതാംകൂർ-കൊച്ചി സർക്കാരിലെ രാജപ്രമുഖൻ ഇറക്കിയ ഉത്തരവടക്കം കർഷകർ തെളിവായി ഹാജരാക്കിയിരുന്നു. 1955 മേയ് 16ന് തെക്കേത്തൊട്ടിയിലെ 200 കുടുംബങ്ങൾ രാജപ്രമുഖനു നൽകിയ ഹർജിയിൽ 1945 മുതൽ പ്രദേശത്തു തങ്ങൾ കൃഷി ചെയ്ത് ഉപജീവനം നടത്തിവരികയാണെന്നു വ്യക്തമാക്കിയിട്ടുണ്ട്.
പട്ടയത്തിനായി റാന്നി ഡിഎഫ്ഒ ആയിരുന്ന വർഗീസ് ഏബ്രഹാമിന് നൽകിയഅപേക്ഷയ്ക്കു മറുപടിയായി 1977 ജൂലൈ 13നു നൽകിയ കത്തും തെളിവായി ഹാജരാക്കിയിരുന്നു.
1933 ജൂൺ 21ന് അത്തിക്കയം വില്ലേജ് ഓഫീസർ നൽകിയിട്ടുള്ള റിപ്പോർട്ടിൽ സർവേ നന്പർ 781-1ലെ വനഭൂമി 1950-52 മുതൽ ഷെഡ്കെട്ടി കൈവശപ്പെടുത്തിയതായും പറയുന്നുണ്ട്.