രാജാക്കാട്: എല്ലക്കൽ- മുല്ലക്കാനം റോഡ് നിർമാണം വൈകിക്കുന്നതിനെതിരേ റോഡ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ തേക്കിൻകാനത്ത് റോഡ് ഉപരോധിച്ചു. മലയോര ഹൈവേയുടെ ഭാഗമായി എല്ലക്കൽ മുതൽ മുല്ലക്കാനംവരെ അഞ്ചു കിലോമീറ്റർ ദൂരം വരുന്ന റോഡും എല്ലക്കല്ലിൽ മുതിരപ്പുഴയാറിന് കുറുകെ പുതിയ പാലവും നിർമിക്കുന്നതിനായി 39 കോടി രൂപ അനുവദിച്ച് മൂന്ന് വർഷങ്ങൾക്ക് മുൻപ് നിർമാണം ആരംഭിച്ചതാണ്. രണ്ടു വർഷത്തിനുള്ളിൽ തീരേണ്ട പ്രവൃത്തി ഇഴഞ്ഞുനീങ്ങുന്നതിനാലാണ് പ്രത്യക്ഷസമരം ആരംഭിച്ചത്.
നിർമാണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് നിരവധി സമരങ്ങൾ നടത്തുകയും നിവേദനങ്ങൾ നൽകുകയും ചെയ്തിട്ടും പരിഹാരമുണ്ടാകാതെ വന്നതോടെയാണ് നാട്ടുകാർ യോഗം ചേർന്ന് കിങ്ങിണി രാജേന്ദ്രൻ ചെയർപേഴ്സനായും വി.കെ. മാത്യു ജനറൽ കൺവീനറായും മുല്ലക്കാനം - എല്ലക്കൽ റോഡ് സംരക്ഷണ സമിതി രൂപീകരിച്ച് പ്രത്യക്ഷസമരപരിപാടികൾ ആസൂത്രണം ചെയ്തത്.
പ്രത്യക്ഷ സമരത്തിന്റെ ആദ്യഘട്ടമായാണ് തേക്കിൻകാനം ജംഗ്ഷനിൽ ഉപരോധസമരം സംഘടിപ്പിച്ചത്. അടിയന്തരമായി നിർമാണം പൂർത്തിയാക്കിയില്ലെങ്കിൽ കരാറുകാരന്റെ വീട്ടുപടിക്കലേക്ക് സമരം നടത്തുമെന്നും സമരസമിതി നേതാക്കൾ അറിയിച്ചു.
അഞ്ചു കിലോമീറ്റർ ദൂരമുള്ള റോഡിൽ പല ഭാഗങ്ങളിലായി ഒന്നര കിലോമീറ്ററിൽ താഴെ ദൂരമാണ് ഭാഗികമായി ടാർ ചെയ്തത്. പാലത്തിന്റെ പണി ആരംഭിച്ചിട്ടില്ല. അടുത്ത മഴക്കാലത്തിന് മുമ്പ് തൂണുകൾ ഉയർത്തിയില്ലെങ്കിൽ പാലം പണിയും പ്രതിസന്ധിയിലാവും.
യാത്രാബസുകളും നിരവധി ടൂറിസ്റ്റുകളും കടന്നുപോകുന്ന മൂന്നാർ - തേക്കടി റോഡിന്റെ ഭാഗമായ ഈ റോഡിലൂടെ സർവീസ് ബസ് ഓടിയിട്ട് മൂന്നു വർഷമായി. ഗവ. ഐടിഐ, സാൻജോ കോളജ് എന്നിവിടങ്ങളിലെ വിദ്യാർഥികൾ ഗതാഗത സംവിധാനമില്ലാത്തതിനാൽ ഏറെ ബുദ്ധിമുട്ടുകയാണ്. ഗതാഗത സൗകര്യമില്ലാത്തത് ഈ സ്ഥാപനങ്ങളിലെ അഡ്മിഷനെയും കാര്യമായി ബാധിച്ചിട്ടുണ്ട്.
സമരസമിതി കൺവീനർ വി.കെ. മാത്യു അധ്യക്ഷത വഹിച്ച ഉപരോധസമരം രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റ് കിങ്ങിണി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. രാജാക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെന്നി പാലക്കാട്ട് സ്വാഗതവും സമിതി കൺവീനർ ബാബു കൊച്ചുപുര നന്ദിയും പറഞ്ഞു. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് അംഗം ബിബിൻ സി. അഗസ്റ്റിൻ, അടിമാലി ബ്ലോക്ക് പഞ്ചായത്ത് അംഗംടി.എം. രതീഷ്, സമിതി രക്ഷാധികാരി ഫാ. ജോബിൻ പേണാട്ടുകുന്നേൽ, ജോസഫ് വട്ടോത്ത്, ജോഷി കന്യാക്കുഴി, ബാബു വെട്ടിക്കാട്ട്, അജയൻ മാടപ്പിള്ളിൽ എന്നിവർ നേതൃത്വം നൽകി.