ന്യൂഡൽഹി: രാജ്യത്തെ താപവൈദ്യുത നിലയങ്ങളിലെ കൽക്കരി ക്ഷാമം അതീവ ഗുരുതരമായ പ്രതിസന്ധിയിലേക്ക് നീങ്ങുന്നു.
മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള സുരക്ഷിത സംഭരണ അളവിലും താഴെ കൽക്കരി ശേഖരമുള്ള നിലയങ്ങളുടെ എണ്ണം കേവലം അഞ്ചു ദിവസത്തിനുള്ളിൽ 51ൽനിന്ന് 57 ആയി ഉയർന്നു.
നിലവിൽ പ്രതിസന്ധിയില്ലെന്നു കേന്ദ്രസർക്കാർ ആവർത്തിക്കുമ്പോഴും വൈദ്യുതോത്പാദനം ഏതു നിമിഷവും തടസപ്പെടാവുന്ന അവസ്ഥയിലാണെന്ന് മേഖലയിലെ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
കഴിഞ്ഞ ഒരു മാസത്തിനിടെ താപനിലയങ്ങളിലെ കൽക്കരി ശേഖരത്തിൽ ഏകദേശം 29 ശതമാനത്തിന്റെ ഇടിവാണു രേഖപ്പെടുത്തിയത്. ജൂലൈ അവസാനത്തിൽ 38 ദശലക്ഷം ടണ്ണായിരുന്ന ആകെ ശേഖരം ഈ മാസം നാലോടെ 27.14 ദശലക്ഷം ടണ്ണായി കുത്തനെ കുറഞ്ഞു.
പ്രതിസന്ധിക്കു കാരണം മഴ; കൂടിയ ഉപയോഗവും
കൽക്കരി ഉത്പാദക സംസ്ഥാനങ്ങളായ ഒഡീഷ, ജാർഖണ്ഡ്, ഛ ത്തീസ്ഗഡ് എന്നിവിടങ്ങളിൽ ഓഗസ്റ്റിലുണ്ടായ കനത്ത മഴ ഖനനത്തെയും ഗതാഗതത്തെയും സാരമായി ബാധിച്ചു. മുൻകാലങ്ങളിൽ കാലവർഷത്തിനു മുന്നോടിയായി മതിയായ സംഭരണം ഉറപ്പുവരുത്തിയിരുന്നെങ്കിലും ഇത്തവണ അതിൽ വീഴ്ച സംഭവിച്ചതായുള്ള ആക്ഷേപവും ശക്തമാണ്.
ഇതോടൊപ്പം രാജ്യത്ത് വൈദ്യുതി ഉപയോഗം സർവകാല റിക്കാർഡിലെത്തിയതും ക്ഷാമം രൂക്ഷമാക്കി. ക്രിസിൽ ഇന്റലിജൻസിന്റെ കണക്കനുസരിച്ച് ജൂലൈയിൽ 171 ബില്യൺ യൂണിറ്റും ഓഗസ്റ്റിൽ 169.01 ബില്യൺ യൂണിറ്റുമായിരുന്നു ഊർജ ഉപഭോഗം.
എൽ നിനോ പ്രതിഭാസം മൂലം മഴ കുറയുകയും ചൂട് വർധിക്കുകയും ചെയ്തതോടെ കൂളിംഗ് ഉപകരണങ്ങളുടെ ഉപയോഗം കൂടിയതാണ് വൈദ്യുതി ആവശ്യകത റിക്കാർഡ് ഉയരത്തിലെത്തിച്ചത്.