തിരുവനന്തപുരം: നികുതി വെട്ടിപ്പിനെത്തുടർന്ന് സംസ്ഥാന ജിഎസ്ടി വകുപ്പ് പിടികൂടി കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന ലോറി കടത്തിക്കൊണ്ടുപോയ സംഭവത്തിൽ മൂന്നാമത്തെ വാഹനവും കർണാടകയിൽ പിടികൂടി.
17.9 ടണ് പേപ്പർ സ്ക്രാപ്പ് രാജസ്ഥാൻ രജിസ്ട്രേഷനുള്ള ലോറിയിൽ കൊണ്ടുപോകുന്നതിനിടെ കോഴിക്കോട് എൻഫോഴ്സ്മെന്റ് ഓഫീസർ ടി. രാജേഷിന്റെ നേതൃത്വത്തിൽ പിടികൂടിയ ലോറിയാണ് കടത്തിയത്.
പെരുന്പാവൂരിൽനിന്ന് ഗുജറാത്തിലെ സൂറത്തിലേക്കു ചരക്ക് കൊണ്ടുപോകുന്നതായാണ് ലോറിയുടെ ഇ-വേ ബില്ലിൽ രേഖപ്പെടുത്തിയിരുന്നത്. എന്നാൽ എറണാകുളം എൻഫോഴ്സ്മെന്റ് വിഭാഗം നടത്തിയ അന്വേഷണത്തിൽ രേഖകളിൽ കാണിച്ച വിലാസത്തിൽ അത്തരമൊരു സ്ഥാപനം പ്രവർത്തിക്കുന്നില്ലെന്നു കണ്ടെത്തി. ജിഎസ്ടി രജിസ്ട്രേഷനായി സമർപ്പിച്ച വാടകക്കരാറും വ്യാജമാണെന്നു വ്യക്തമായി. തുടർന്ന് സെപ്റ്റംബർ 12നു നിയമനടപടികൾക്കായി ലോറി എരഞ്ഞിപ്പാലത്തെ ജിഎസ്ടി കോംപ്ലക്സിലേക്ക് മാറ്റി.
സെപ്റ്റംബർ 28ന് പുലർച്ചെ ഇവിടെ നിന്ന് ലോറി കാണാതായി. രാത്രിയിൽ കേരള-കർണാടക അതിർത്തിയിലെ തലപ്പാടി ടോൾ പ്ലാസ വഴി വാഹനം കടന്നുപോയതായി വകുപ്പിന്റെ ഇ-വേ ബിൽ ഡാറ്റയിൽ നിന്നു വ്യക്തമായി. ഇതോടെ നടക്കാവ് പൊലിസിൽ പരാതി നൽകി. ടോൾ പ്ലാസകളിലെ വിവരം പരിശോധിച്ചു വാഹനത്തിന്റെ സഞ്ചാരപാത കണ്ടെ ത്തി.
മംഗളൂരു, ബെളഗാവി, ഹുബ്ബള്ളി എന്നിവിടങ്ങളിലെ കർണാടക വാണിജ്യനികുതി വകുപ്പ് എൻഫോഴ്സ്മെന്റ് ഡെപ്യൂട്ടി കമ്മിഷണർമാരുമായി ഏകോപനം നടത്തി വാഹനത്തിന്റെ തത്സമയ നീക്കം കൈമാറി. തുടർന്നുള്ള നടപടികളിൽ വാഹന ഉടമകൾ 12 ലക്ഷം രൂപ പിഴയും നികുതിയും അടച്ചു.സമാന രീതിയിൽ മൂന്നു തട്ടിപ്പു നടന്നതായി കണ്ടെത്തിയതായി ജിഎസ്ടി ഉദ്യോഗസ്ഥർ പറഞ്ഞു.
രാജസ്ഥാൻ രജിസ്ട്രേഷനുള്ള ലോറിയിൽ സ്ക്രാപ്പ് കൊണ്ടുവരിക, വ്യാജമെന്ന് കണ്ടെത്തിയ സപ്ലയർമാരുടെ പേരിലുള്ള രേഖകൾ ഉപയോഗിക്കുക, ജിഎസ്ടി വകുപ്പ് കസ്റ്റഡിയിലെടുത്ത ശേഷം സ്ക്വാഡ് മടങ്ങിയതിനു പിന്നാലെ ഡ്രൈവർ വാഹനം കടത്തിക്കൊണ്ടുപോകുക എന്നിവയാണ് കേസുകൾ. ജിഎസ്ടി നിയമപ്രകാരം നോട്ടീസ് നൽകിയ ശേഷം പിടിച്ചുവച്ച വാഹനം കസ്റ്റഡിയിലായിരിക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ വാഹനങ്ങൾക്കു കാവൽ നിർത്താൻ പ്രത്യേക സംവിധാനമില്ലാത്തത് തട്ടിപ്പുകാർ മുതലെടുക്കുന്നതായി ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.
ശക്തമായ അന്തർസംസ്ഥാന ഏകോപനവും ഡാറ്റ അടിസ്ഥാനമാക്കിയുള്ള ട്രാക്കിംഗും ഉപയോഗിച്ചതിനാലാണ് മൂന്ന് വാഹനങ്ങളും പിടിച്ചെടുക്കാനായത്.