എറണാകുളം തിരുമാറാടി പാടശേഖരം പച്ചപ്പിൽ കുളിച്ചു നിൽക്കുകയാണ്. കതിരിട്ട നെൽച്ചെടികളിൽനിന്നു നൂറുമേനി വിളവ് പ്രതീക്ഷയിലാണ് കർഷകർ. പാടശേഖര സമിതിയുടെ നേതൃത്വത്തിലാണ് കൃഷി.
പത്തു പാടശേഖസമിതികളാണ് ഉള്ളത്. തിരുമാറാടി, മണ്ണത്തൂർ, ഒലിയപ്പുറം, മൊടക്കുറ്റി, കാക്കൂർ എന്നിങ്ങനെ 150 ഹെക്ടർ പാടമാണുള്ളത്. ഇതിൽ 62 ഹെക്ടറിൽ മാത്രമാണ് കൃഷി. കർഷകസംഘങ്ങളുടെ നേതൃത്വത്തിൽ നെല്ലായും അരിയായുമാണ് വിപണനം.
പാരന്പരാഗതമായി നെൽകൃഷി ചെയ്യുന്ന കർഷകർ മാത്രമാണ് കൃഷി തുടരുന്നത്. ഒക്ടോബർ മുതൽ ഫെബ്രുവരി വരെയാണ് കൃഷി. വിത്ത് അനുസരിച്ച് 110 മുതൽ 150 ദിവസം വരെയാണ് നെല്ലിന്റെ വിളവ്. നടീലും വിതയുമാണ് പാടത്ത് നടുന്നത്. യന്ത്രം ഉപയോഗിച്ചും ഞാറ് നടുന്നുണ്ട്.
എആർ 5, ഉമ, കുഞ്ഞൂഞ്ഞ്, സൗപർണിക, മണിരത്ന വിത്തുകളാണ് സാധാരണ നടുന്നത്. യന്ത്രം ഉപയോഗിച്ചാണ് കൊയ്ത്ത് നടക്കുന്നത്. എറണാകുളം ജില്ലയുടെ നെല്ലറയാണ് തിരുമാറാടി.
കൊയ്ത്തിന്റെ വിജയാഘോഷമായാണ് കാക്കൂർ കാളവയൽ നടത്തുന്നത്. എന്നാൽ, പ്രദേശത്ത് നെൽകൃഷി വർഷാവർഷം കുറഞ്ഞുവരുകയാണ്. ഇരുപ്പൂകൃഷി ചെയ്തിരുന്ന പാടങ്ങളിൽ ഇപ്പോൾ ഒറ്റ കൃഷിയാണ് ഉള്ളത്.
കൃഷിച്ചെലവ് വർധിക്കുന്നതിന് അനുസരിച്ച് വരുമാനം ലഭിക്കാത്തതിനാൽ ആശങ്കയിലായ കർഷകർ കൃഷി കുറച്ചുകൊണ്ടുവരുകയാണ്. മാറി മാറി വരുന്ന സർക്കാരുകൾ കാർഷിക മേഖലയെ പാടേ അവഗണിച്ചു.
ഒരു കിലോ നെല്ല് ഉത്പാദിപ്പിക്കാൻ തിരുമാറാടി മേഖലയിൽ 50 മുതൽ 60 രൂപ വരെ ചെലവാകുന്നുണ്ട്. സർക്കാർ നെല്ല് സംഭരിക്കുന്നത് 30 രൂപ നിരക്കിലാണ്. കൊയ്ത് വൃത്തിയാക്കി, നെൽ സംഭരിച്ചു വച്ചാൽ സർക്കാർ സമയത്ത് എടുക്കില്ല.
പതിര്, ഉണക്കുകുറവ് എന്നിങ്ങനെ പല തൊടുന്യായങ്ങളും പറഞ്ഞ് തൂക്കത്തിൽ കിഴിവ് വരുത്തുന്നു. അവസാനം സംഭരിച്ച നെല്ലിന്റെ പണം വായ്പയായാണ് കർഷകർക്കു നൽകുന്നത്.
ഇങ്ങനെ വായ്പ നൽകുന്നത് കർഷരുടെ സിബിൽ സ്കോറിനെ ബാധിച്ചെന്നും കുട്ടികളുടെ വിദ്യാഭ്യാസത്തിനും മറ്റും വായ്പയ്ക്കു ബാങ്കുകളെ സമീപിക്കുന്പോൾ പണം ലഭിക്കുന്നില്ലെന്നും കർഷകനായ ഷാജി പുന്നമറ്റം പറഞ്ഞു.
കൃഷിക്ക് ആവശ്യമായ വളങ്ങൾ ലഭിക്കുന്നില്ലെന്നാണ് കർഷകരുടെ പ്രധാനപരാതി. ഭീമമായ വില കൊടുത്ത് കൂട്ടുവളങ്ങൾ ഇടാൻ സാധിക്കില്ല. യൂറിയ, പൊട്ടാഷ് തുടങ്ങിയ വളങ്ങൾ ആവശ്യമുള്ള സമയത്ത് ലഭിക്കുന്നില്ല.
ഇതു മൂലം വളപ്രയോഗ രീതിയിൽ മാറ്റം വരുത്തേണ്ടിവന്നു. സർക്കാർ പ്രഖ്യാപിക്കുന്ന സബ്സിഡികളും ആനുകൂല്യങ്ങളും സമയ ബന്ധിതമായി കർഷകർക്കു ലഭിക്കുന്നില്ല. ഉഴവൂർ, വാളിയപ്പാടം തോട്ടിലെ ജലനിരപ്പ് അനുസരിച്ചാണ് തിരുമാറാടി പാടശേഖരത്ത് കൃഷി ഇറക്കുന്നത്.
ഇരുതോടുകളിലും ചിറകൾ ശാസ്ത്രീയമായി നിർമിക്കാത്തതിനാൽ ജലസേചനത്തിന് ബുദ്ധിമുട്ടുണ്ട്. രണ്ടു വർഷമായി പണിനടക്കുന്ന ചിറയുടെ നിർമാണം പൂർത്തിയാക്കിട്ടില്ല. അതിനാൽ, മൊടക്കുറ്റി പാടശേഖരത്തിലെ കൃഷി അനിശ്ചിതത്വത്തിലാണെന്ന് കർഷകരനായ സിബി ജോസ് പറഞ്ഞു.