എറണാകുളം തിരുമാറാടി പാടശേഖരം പച്ചപ്പിൽ കുളിച്ചു നിൽക്കുകയാണ്. കതിരിട്ട നെൽച്ചെടികളിൽനിന്നു നൂറുമേനി വിളവ് പ്രതീക്ഷയിലാണ് കർഷകർ. പാടശേഖര സമിതിയുടെ നേതൃത്വത്തിലാണ് കൃഷി.
പത്തു പാടശേഖസമിതികളാണ് ഉള്ളത്. തിരുമാറാടി, മണ്ണത്തൂർ, ഒലിയപ്പുറം, മൊടക്കുറ്റി, കാക്കൂർ എന്നിങ്ങനെ 150 ഹെക്ടർ പാടമാണുള്ളത്. ഇതിൽ 62 ഹെക്ടറിൽ മാത്രമാണ് കൃഷി. കർഷകസംഘങ്ങളുടെ നേതൃത്വത്തിൽ നെല്ലായും അരിയായുമാണ് വിപണനം.
പാരന്പരാഗതമായി നെൽകൃഷി ചെയ്യുന്ന കർഷകർ മാത്രമാണ് കൃഷി തുടരുന്നത്. ഒക്ടോബർ മുതൽ ഫെബ്രുവരി വരെയാണ് കൃഷി. വിത്ത് അനുസരിച്ച് 110 മുതൽ 150 ദിവസം വരെയാണ് നെല്ലിന്റെ വിളവ്. നടീലും വിതയുമാണ് പാടത്ത് നടുന്നത്. യന്ത്രം ഉപയോഗിച്ചും ഞാറ് നടുന്നുണ്ട്.
എആർ 5, ഉമ, കുഞ്ഞൂഞ്ഞ്, സൗപർണിക, മണിരത്ന വിത്തുകളാണ് സാധാരണ നടുന്നത്. യന്ത്രം ഉപയോഗിച്ചാണ് കൊയ്ത്ത് നടക്കുന്നത്. എറണാകുളം ജില്ലയുടെ നെല്ലറയാണ് തിരുമാറാടി.
കൊയ്ത്തിന്റെ വിജയാഘോഷമായാണ് കാക്കൂർ കാളവയൽ നടത്തുന്നത്. എന്നാൽ, പ്രദേശത്ത് നെൽകൃഷി വർഷാവർഷം കുറഞ്ഞുവരുകയാണ്. ഇരുപ്പൂകൃഷി ചെയ്തിരുന്ന പാടങ്ങളിൽ ഇപ്പോൾ ഒറ്റ കൃഷിയാണ് ഉള്ളത്.
കൃഷിച്ചെലവ് വർധിക്കുന്നതിന് അനുസരിച്ച് വരുമാനം ലഭിക്കാത്തതിനാൽ ആശങ്കയിലായ കർഷകർ കൃഷി കുറച്ചുകൊണ്ടുവരുകയാണ്. മാറി മാറി വരുന്ന സർക്കാരുകൾ കാർഷിക മേഖലയെ പാടേ അവഗണിച്ചു.
ഒരു കിലോ നെല്ല് ഉത്പാദിപ്പിക്കാൻ തിരുമാറാടി മേഖലയിൽ 50 മുതൽ 60 രൂപ വരെ ചെലവാകുന്നുണ്ട്. സർക്കാർ നെല്ല് സംഭരിക്കുന്നത് 30 രൂപ നിരക്കിലാണ്. കൊയ്ത് വൃത്തിയാക്കി, നെൽ സംഭരിച്ചു വച്ചാൽ സർക്കാർ സമയത്ത് എടുക്കില്ല.
പതിര്, ഉണക്കുകുറവ് എന്നിങ്ങനെ പല തൊടുന്യായങ്ങളും പറഞ്ഞ് തൂക്കത്തിൽ കിഴിവ് വരുത്തുന്നു. അവസാനം സംഭരിച്ച നെല്ലിന്റെ പണം വായ്പയായാണ് കർഷകർക്കു നൽകുന്നത്.
ഇങ്ങനെ വായ്പ നൽകുന്നത് കർഷരുടെ സിബിൽ സ്കോറിനെ ബാധിച്ചെന്നും കുട്ടികളുടെ വിദ്യാഭ്യാസത്തിനും മറ്റും വായ്പയ്ക്കു ബാങ്കുകളെ സമീപിക്കുന്പോൾ പണം ലഭിക്കുന്നില്ലെന്നും കർഷകനായ ഷാജി പുന്നമറ്റം പറഞ്ഞു.
കൃഷിക്ക് ആവശ്യമായ വളങ്ങൾ ലഭിക്കുന്നില്ലെന്നാണ് കർഷകരുടെ പ്രധാനപരാതി. ഭീമമായ വില കൊടുത്ത് കൂട്ടുവളങ്ങൾ ഇടാൻ സാധിക്കില്ല. യൂറിയ, പൊട്ടാഷ് തുടങ്ങിയ വളങ്ങൾ ആവശ്യമുള്ള സമയത്ത് ലഭിക്കുന്നില്ല.
ഇതു മൂലം വളപ്രയോഗ രീതിയിൽ മാറ്റം വരുത്തേണ്ടിവന്നു. സർക്കാർ പ്രഖ്യാപിക്കുന്ന സബ്സിഡികളും ആനുകൂല്യങ്ങളും സമയ ബന്ധിതമായി കർഷകർക്കു ലഭിക്കുന്നില്ല. ഉഴവൂർ, വാളിയപ്പാടം തോട്ടിലെ ജലനിരപ്പ് അനുസരിച്ചാണ് തിരുമാറാടി പാടശേഖരത്ത് കൃഷി ഇറക്കുന്നത്.
ഇരുതോടുകളിലും ചിറകൾ ശാസ്ത്രീയമായി നിർമിക്കാത്തതിനാൽ ജലസേചനത്തിന് ബുദ്ധിമുട്ടുണ്ട്. രണ്ടു വർഷമായി പണിനടക്കുന്ന ചിറയുടെ നിർമാണം പൂർത്തിയാക്കിട്ടില്ല. അതിനാൽ, മൊടക്കുറ്റി പാടശേഖരത്തിലെ കൃഷി അനിശ്ചിതത്വത്തിലാണെന്ന് കർഷകരനായ സിബി ജോസ് പറഞ്ഞു.

തിരുമാറാടിയിൽ കഐൽഡിസി ഒരു കോടി രൂപയുടെ പദ്ധതി നടപ്പിലാക്കിയെങ്കിലും ഒറ്റത്തവണ മാത്രമാണ് കൃഷിനടന്നത്. ഒലിയപ്പുറം, മണ്ണത്തൂർ പാടത്തും കഐൽഡിസി പദ്ധതി നടപ്പിലാക്കിയെങ്കിലും അതും വിജയിച്ചില്ല.
കർഷകരുമായി ആലോചിക്കാതെ ഉദ്യോഗസ്ഥരും കോണ്ട്രാക്ടർമാരും അവരുടെ ഇഷ്ടപ്രകാരം ചിറകളുടെയും ലീഡിംഗ് ചാനലുകളുടെയും നിർമാണം നടത്തിയതിനാൽ കൃഷിക്ക് പ്രയോജനമില്ല. നേരത്തെ, കന്നികൃഷിയും മകരകൃഷിയുമാണ് നടത്തിയിരിക്കുന്നത്.
കനാൽ നിർമിച്ചതോടെ, പാടത്തേക്കു കൊയ്ത്ത് യന്ത്രം ഇറങ്ങാത്ത സാഹചര്യമായി. നിലത്തിന്റെ നിരപ്പിൽനിന്ന് ലീഡിംഗ് ചാനൽ താഴ്ന്നു നിന്നാൽ മാത്രമേ കൃഷി ചെയ്യാൻ സാധിക്കൂ. നിലവിലുള്ള ലീഡിംഗ് ചാനലിന് ആഴം കൂട്ടിയാൽ മാത്രമേ കൃഷി നടക്കൂ.
നിലത്തേക്കാൾ ഉയരത്തിലാണ് ലീഡിംഗ് ചാനൽ നിർമിച്ചിരിക്കുന്നത്. അതിനാൽ പാടത്തുനിന്ന് വെള്ളം വലിയുന്നില്ല. ഇപ്പോൾ കനാലിലെ വെള്ളം ശരിയായ നിയന്ത്രിച്ചു നിർത്തിയാൽ മാത്രമേ കൃഷി നടത്താൻ സാധിക്കൂ.
വെള്ളം ഉയർന്നുനിന്നതിനാൽ, അരയേക്കർ പാടത്തെ വിത്ത് പക്ഷി തിന്നു. പിന്നീട്, പണിക്കാരെ നിർത്തിയാണ് ഞാറു നട്ടത്. ഇതിലൂടെ കൂടുതൽ പണം ചെലവായി- വി.ജെ. പ്രിൻസ് വെള്ളാങ്കൽ പറഞ്ഞു.
നെല്ലിന് കിലോയ്ക്ക് 50 രൂപ ലഭിച്ചാൽ മാത്രമേ കൃഷി ലാഭകരമാകൂ. ഒന്നും രണ്ടും ഏക്കർ പാടമുള്ള കർഷകരാണ് കൂടുതലും. കൃഷിപ്പണികൾ സ്വയം ചെയ്യുന്നതിനാൽ വലിയ നഷ്ടമില്ല. പൂട്ടുന്നതിനും കൊയ്യാനും മാത്രമാണ് തൊഴിലാളികളെ പലരും ആശ്രയിക്കുന്നത്.
നിലവിൽ അന്യസംസ്ഥാന തൊഴിലാളികളാണ് പാടത്ത് പണിയെടുക്കുന്നത്. പുതുതലമുറ കർഷകർ കൃഷിയിലേക്ക് ഇറങ്ങുന്നില്ല. വ്യാവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്താൽ മാത്രമേ ലാഭമുള്ളൂ. കാലാവസ്ഥ അനുകൂലമായാൽ മാത്രമേ കൃഷി വിജയിക്കുകയുള്ളൂ.
കർഷകരിൽ പലരും നെൽകൃഷിക്കൊപ്പം തന്നെ കപ്പ, ഏത്തവാഴ, പച്ചക്കറി കൃഷികളും ചെയ്യുന്നു. മണ്ണത്തൂർ, കാക്കൂർ, കൂത്താട്ടുകളും മാർക്കറ്റുകളിലാണ് ഉത്പന്നങ്ങൾ വിൽക്കുന്നത്. കൊയ്ത്തിനുശേഷം പാടത്ത് വെള്ളരി, വെണ്ട, കുന്പളം, പയർ കൃഷികൾ ചെയ്യും.
മഞ്ഞൾ, ഇഞ്ചി കൃഷി, ചേന, ചേന്പ്, ചെറുകിഴങ്ങ് എന്നിവയും കൃഷി ചെയ്യുന്നുണ്ട്. കരഭൂമിയിൽ റബർ, വാഴ, തെങ്ങ്, കമുക്, കശുമാവ് തുടങ്ങിയവയുമുണ്ട്.
തിരുമാറാടി അഗ്രോ എന്ന ബ്രാൻഡിൽ പുന്നെല്ല് വിപണിയിൽ
ജൈവ അരി വിപണിയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ തിരുമാറാടി പാടശേഖരത്തിലെ 10 കർഷകർ ചേർന്നാണ് പുന്നെല്ല് ഫാർമർ പ്രൊഡ്യൂസർ കന്പനി രൂപീകരിച്ചത്. തിരുമാറാടി അഗ്രോ എന്ന ബ്രാൻഡിൽ ഫുൾബ്രാൻ, സെമി ബ്രാൻ, സാധാ അരി, തവിടില്ലാത്ത അരി എന്നിവയാണ് വിപണിയിൽ എത്തിക്കുന്നത്.
പരന്പര്യ രീതിയിൽ നെല്ല് പുഴുങ്ങി ഉണങ്ങി കുത്തി അരിയായി മാറ്റുകയാണ് ചെയ്യുന്നത്. ഒരു കിലോ, രണ്ടു കിലോ, അഞ്ചുകിലോ പായ്ക്കറ്റുകളിലാണ് വില്പന. 20 ലക്ഷം രൂപ വായ്പ എടുത്താണ് നെല്ലുകുത്തുന്നതിനുള്ള സംവിധാനങ്ങൾ തിരുമാറാടിയിൽ സ്ഥാപിച്ചിരിക്കുന്നത്.
കർഷകരുടെ കൈയിൽനിന്ന് സർക്കാർ പറയുന്ന വിലയ്ക്കാണ് നെല്ല് എടുക്കുന്നത്. കൃഷിക്കാരുടെ നെല്ല് പുഴുങ്ങി ഉണങ്ങി കൊടുക്കുന്നുണ്ട്. കിലോയ്ക്കു പത്തുരൂപ നിരക്കിലാണ് ഉണങ്ങി കൊടുക്കുന്നത്.
12 രൂപ നിരക്കിൽ നെല്ല് പുഴുങ്ങി ഉണങ്ങി കുത്തികൊടുക്കും. നെല്ലു കൂടാതെ, മഞ്ഞൾപൊടി, അരിപ്പൊടി എന്നിവയും വിപണിയിൽ എത്തിക്കുന്നു.
ചിത്രങ്ങൾ: അപ്പു കോട്ടയ്ക്കൽ
Tags : Thirumarady Rice Karshakan