തൃശൂർ: സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ തുടരും ഈ ഗാഥ എന്ന ദേശഭക്തിഗാനവുമായി നെല്ലിക്കുന്ന് സ്വദേശിയായ സംഗീതസംവിധായകൻ തോമസ് പൈനാടത്ത്.
അഞ്ഞൂറിലേറെ ക്രൈസ്തവ ഭക്തിഗാനങ്ങളിലൂടെ ശ്രദ്ധേയനായ തോമസ് പൈനാടത്ത്, രാജ്യസ്നേഹവും സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ ഓർമകളും പ്രമേയമാക്കിയാണ് ഈ പുതിയ സംഗീത ഉപഹാരം ഒരുക്കിയിരിക്കുന്നത്. പ്രവീൺ വിദ്യാനന്ദന്റേതാണ് വരികൾ. അടിമത്തത്തിന്റെ ഇരുളകറ്റി രാജ്യത്ത് സ്വാതന്ത്ര്യത്തിന്റെ വെളിച്ചം പരന്നതിനെയും, അതിനായി ആത്മത്യാഗം ചെയ്ത ധീരദേശാഭിമാനികളുടെ സ്മരണകളെയും ആധാരമാക്കിയാണ് വരികൾ രചിച്ചിരിക്കുന്നത്. പൈൻ മ്യൂസിക് മീഡിയയിലൂടെ ഗാനം ആസ്വാദകരിലേക്ക് എത്തും.
കെ.എസ്. ബിജോയ്, എ.കെ. ജിജേഷ്, പി.എ. ശിവറാം, ഷോബി തെക്കേക്കര, ലിജോ ജോസഫ്, സൗമ്യ ബെന്നി, ഗിൽമെറ്റ് അലക്സ്, ഷീന ലിൻസൺ, നിഷ ടിറ്റോ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്.