കൊച്ചി: സുഹൃത്തുക്കളുടെ അശ്ലീല ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസിൽ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാദിന് പോലീസ് വീണ്ടും നോട്ടീസ് അയച്ചു. ആലുവ റൂറൽ സൈബർ പോലീസാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരിക്കുന്നത്. അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം നൽകിയിട്ടുള്ളത്.
അഭിഭാഷകനായ ശ്രീജിത്ത് പെരുമന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഐടി നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം ആലുവ റൂറൽ സൈബർ പോലീസ് നിഹാദിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ ഒളിവിൽ പോയതിനെ തുടർന്ന് ഇയാൾക്കായി പോലീസ് ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയിരുന്നു. തൊപ്പി വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ നടപടി.
നേരത്തെ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഇയാൾ ചോദ്യം ചെയ്യലിൽ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു. മുഹമ്മദ് നിഹാദ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി അടുത്തിടെ തീർപ്പാക്കിയിരുന്നു. ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളതെന്ന് നിരീക്ഷിച്ചാണ് കോടതി ഹർജി തീർപ്പാക്കിയത്. ഇതിനിടയിലാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് പോലീസ് വീണ്ടും നോട്ടീസ് അയച്ചിരിക്കുന്നത്.