കുറുപ്പന്തറ: തോട്ടുവ-കുറുപ്പന്തറ-കല്ലറ പുത്തന്‍പള്ളി റോഡ് നവീകരണ പ്രവൃത്തികള്‍ക്ക് തുടക്കമായി. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 6.29 കോടി രൂപ വിനിയോഗിച്ച് നടപ്പാക്കുന്ന റോഡ് വികസന പദ്ധതിയുടെ നിര്‍മാണോദ്ഘാടനം മന്ത്രി മോന്‍സ് ജോസഫ് നിര്‍വഹിച്ചു.
വെള്ളക്കെട്ട് മൂലം നിരവധി കുഴികള്‍ രൂപപ്പെട്ട് തുടര്‍ച്ചയായി നിരവധി അപകടങ്ങള്‍ക്ക് ഇടവരുത്തിയിരുന്ന കാഞ്ഞിരത്താനത്തിന് സമീപമുള്ള മെയിന്‍ റോഡ് ഭാഗം കുഴികളടച്ച് മണ്ണിട്ടുയര്‍ത്തുന്ന നിര്‍മാണ ജോലികള്‍ക്കാണ് തുടക്കം കുറിച്ചത്. വെള്ളക്കെട്ട് പ്രതിസന്ധിക്ക് ശാശ്വത പരിഹാരമെന്ന നിലയിലാണ് റോഡ് മണ്ണിട്ടുയര്‍ത്തുന്നത്.
തുടര്‍ന്ന് ടൈല്‍ ഇട്ടു വിരിച്ചു റോഡിന്റെ പ്രധാന ഭാഗം നവീകരിക്കുന്ന പ്രവര്‍ത്തിയാണ് ആദ്യഘട്ടത്തില്‍ നടപ്പിലാക്കുന്നത്. ഇത്തരത്തില്‍ വെള്ളക്കെട്ട് പ്രതിസന്ധിയുണ്ടാകുന്ന വിവിധ സ്ഥലങ്ങളില്‍ വെറ്റ്മിക്സ് വിരിച്ചശേഷം ടൈല്‍ വിരിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്.
വെള്ളപ്പൊക്ക കെടുതിയില്‍ സ്ഥിരമായി റോഡില്‍ തകര്‍ച്ച ഉണ്ടാകുന്ന സ്ഥലങ്ങളില്‍ ഇപ്രകാരമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിലൂടെ തൃപ്തികരമായ സ്ഥിതിയില്‍ അപകടരഹിതമായി മെയിന്‍ റോഡ് സംരക്ഷിക്കാന്‍ കഴിയും.
ഉന്നത നിലവാരത്തിലുള്ള ബിഎം ആൻഡ് ബിസി ടാറിംഗും ബിസി ഓവര്‍ലേ ടാറിംഗും സംയോജിപ്പിച്ചാണ് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കുന്നത്. ജനത്തിരക്കുള്ള പ്രധാന കവലകളില്‍ റോഡിന്റെ വീതികൂട്ടി ടാറിംഗ് നടത്തുന്നതിനൊപ്പം വെള്ളക്കെട്ട് ഒഴിവാക്കാന്‍ ഓട നിര്‍മിച്ചു കോണ്‍ക്രീറ്റ് സ്ലാബുകള്‍ സ്ഥാപിക്കുന്ന ഡ്രെയിനേജ് സൗകര്യവും പദ്ധതിയിലുണ്ട്. 21 മുതല്‍ ഇപ്രകാരമുള്ള രണ്ടാംഘട്ട പ്രവൃത്തികളും ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ചതായി മന്ത്രി അറിയിച്ചു.
സര്‍ക്കാരിന്റെ നൂറുദിനകര്‍മ പരിപാടിയിലുള്‍പ്പെടുത്തിയാണ് റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുള്ളത്. മുഖ്യമന്ത്രി വി.ഡി. സതീശന്, മന്ത്രിമാരായ മോന്‍സ് ജോസഫ്, പി.കെ. ബഷീര്‍ എന്നിവര്‍ നടത്തിയ ഉന്നതതല ചര്‍ച്ചകളെത്തുടര്‍ന്നാണ് റോഡ് വികസനവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന പ്രതിസന്ധികള്‍ പരിഹരിച്ചത്. കാഞ്ഞിരത്താനത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച പരിപാടിയില്‍ ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാഞ്ഞൂര്‍ മോഹന്‍കുമാര്‍ അധ്യക്ഷത വഹിച്ചു.
മാഞ്ഞൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസി ജോസ് പാളിത്തോട്ടം, ജനപ്രതിനിധികളായ ലൂക്കോസ് മാക്കീല്‍, സി.എം. ജോര്‍ജ്, ശോഭ ജയിംസ് പുല്ലാപ്പള്ളില്‍, ജയിംസ് പുല്ലാപ്പള്ളില്‍, ജോസി മാത്യു, പി.വി. ജോസഫ് പാളിയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.