കുണ്ടറ: തൃക്കരുവ പഞ്ചായത്തിൽ പേപ്പട്ടി ശല്യം രൂക്ഷമാകുന്നു. വന്മള, വേളിക്കാട്, കാഞ്ഞാവെളി, പ്രാക്കുളം, ഗോസ്തലക്കാവ് എന്നീ പ്രദേശങ്ങളിലായി ഒറ്റ ദിവസം കൊണ്ട് 14 പേർക്ക് കടിയേറ്റു. കടിയേറ്റവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. വഴിയിലുണ്ടായിരുന്ന മറ്റ് തെരുവുനായ്ക്കളെയും നായ അക്രമിച്ചു. എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിന് മുന്നിൽ വച്ചും ഒരാൾക്ക് കടിയേറ്റു. ആളുകളുടെ മുഖത്തും ശരീരത്തിന്റെ പ്രധാന ഭാഗങ്ങളിലും കടിക്കാൻ ശ്രമിച്ചിരുന്നു.
കൊച്ചുകുട്ടികളും വിദ്യാർഥികളും ഉൾപ്പെടെ നിരവധി പേർ സഞ്ചരിക്കുന്ന വഴിയിലാണ് നായയുടെ ആക്രമണം. തുടർച്ചയായി ആളുകൾക്ക് കടിയേറ്റിട്ടും അടിയന്തരമായി നായയെ പിടികൂടാനോ പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കാനോ പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്ന് കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. അധികൃതർ അടിയന്തരമായി ഇടപെട്ട് പേപ്പട്ടി ശല്യത്തിന് പരിഹാരം കാണണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.