തൃപ്രയാർ: കാത്തിരിപ്പിനു വിരാമമിട്ട് ചേർപ്പ് - തൃപ്രയാർ റോഡിൽ കനോലി കനാലിനു കുറുകെ നിർമിക്കുന്ന പുതിയ തൃപ്രയാർ പാലത്തിന്റെ നിർമാണക്കരാർ ഒപ്പുവച്ചു. 29.48 കോടി രൂപയുടെ പുതുക്കിയ സാമ്പത്തികാനുമതി ലഭിച്ച പദ്ധതിക്കായി കുറഞ്ഞ നിരക്ക് കോട്ട് ചെയ്ത എ. ആർ.എസ്. ജാസ്മിൻ കൺസ്ട്രക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡിനാണ് കരാർ നൽകിയത്.
നാട്ടിക നിയോജക മണ്ഡല ത്തിലെ പ്രധാന പദ്ധതിയായ തൃപ്രയാർ പാലം കിഫ്ബി 2016-17 പദ്ധതിയിൽ ഉൾപ്പെടുത്തിയാണു നടപ്പാക്കുന്നത്. 2016 ഒക്ടോബർ 31ന് 30 കോടി രൂപയുടെ ഭരണാനുമതിയും 2018 നവംബർ ഒമ്പതിന് 28.423 കോടി രൂപയുടെ സാമ്പത്തികാനുമതിയും ലഭിച്ചിരുന്നു. എന്നാൽ, തീരദേശ പരിപാലന അഥോ റിറ്റിയുടെ അനുമതി ലഭിക്കാൻ കാലതാമസം നേരിട്ടതിനാൽ ആദ്യം ടെൻഡർ നടപടികൾ പൂർത്തിയാക്കിയെങ്കിലും തുടർനടപടികൾ സ്വീകരിക്കാൻ സാധിച്ചില്ല. പിന്നീട് സി.ആർ. സെഡ് ക്ലിയറൻസ് ലഭിച്ചതോടെ 29.48 കോടി രൂപയുടെ പുതുക്കിയ സാമ്പത്തികാനുമതി നേടി റീ-ടെൻഡർ ചെയ്താണ് കരാർ ഉറപ്പിച്ചത്.
തിരുവനന്തപുരം പൊതുമരാമത്ത് ഡിസൈൻ വിഭാഗമായ പിഡബ്ല്യൂഡി ഡ്രിക് ബോർഡ് ആണ് ആധുനിക രീതിയിൽ പാലം രൂപകൽപന ചെയ്തത്. ആകെ ഏഴു സ്പാനുകളാണു പാലത്തിനുണ്ടാവുക. 25 മീറ്റർ നീളമുള്ള ആറ് സ്പാനുകളും മധ്യഭാഗത്തായി 44.18 മീറ്റർ നീളമുള്ള ബോസ്ട്രിംഗ് ആർച്ച് സ്പാനുമാണ് വിഭാവന ചെയ്തിട്ടുള്ളത്.
പാലം നിർമാണത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കാൻ കിഫ്ബി 1,09,38,302 രൂപ തഹസിൽദാർക്ക് കൈമാറുകയും ഭൂവുടമകൾക്ക് നഷ്ടപരിഹാരത്തുക വിതരണം ചെയ്ത് സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്. ഗീത ഗോപി എംഎൽഎയും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നിർദിഷ്ട സ്ഥലം സന്ദർശിച്ച് അവലോകനം നടത്തി.