തൃശൂർ: കോർപറേഷൻ മുൻമേയർ എം.കെ. വർഗീസ് കോൺഗ്രസിലേക്കു മടങ്ങുന്നു. സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് പാർട്ടിവിട്ടു സ്വതന്ത്രനായി മത്സരിക്കുകയും എൽഡിഎഫ് പിന്തുണയോടെ അഞ്ചുവർഷം മേയറാകുകയും ചെയ്ത വർഗീസ്, നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെയാണ് മാതൃപാർട്ടിയിലേക്കു തിരിച്ചെത്തുന്നത്. തൃശൂരിലെ യുഡിഎഫ് സ്ഥാനാർഥി രാജൻ പല്ലനെ പിന്തുണയ്ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
തന്റെ മടക്കം ഘർവാപ്പസി ആണെന്നും പഴയ കുടുംബത്തിലേക്കു തിരിച്ചുപോകുകയാണെന്നും വർഗീസ് പറഞ്ഞു. തന്നെ ആരും കോൺഗ്രസിൽനിന്നു പുറത്താക്കിയതല്ല. സാഹചര്യങ്ങൾകൊണ്ട് സ്വതന്ത്രനായി മത്സരിക്കേണ്ടി വന്നതാണ്. യാതൊരു നിബന്ധനകളും ഇല്ലാതെയാണ് തന്റെ മടക്കം. രാജൻ പല്ലൻ വൻഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും അദ്ദേഹം മന്ത്രിയാകുമെന്നും എം.കെ. വർഗീസ് പ്രതീക്ഷ പ്രകടിപ്പിച്ചു.
ഇടതുപിന്തുണയുള്ള മേയറായിരിക്കെ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ പ്രശംസിച്ചതും അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയതും തെരഞ്ഞെടുപ്പിൽ എൽഡിഎഫിനുവേണ്ടി പ്രചാരണത്തിനിറങ്ങാത്തതും ഉൾപ്പെടെ പല വിവാദങ്ങൾക്കും വഴിവച്ചിരുന്നു. തൃശൂരിൽ വർഗീസ് ബിജെപി സ്ഥാനാർഥിയാകുമെന്ന അഭ്യൂഹങ്ങളും ഉണ്ടായിരുന്നു.
നേരത്തേ കോൺഗ്രസ് സസ്പെൻഡ് ചെയ്തിരുന്ന കൗൺസിലർ ലാലി ജെയിംസും കഴിഞ്ഞദിവസം പാർട്ടിയിൽ തിരിച്ചെത്തി സജീവമായിരുന്നു. ഇരുവരുടെയും മടക്കം തൃശൂരിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ യുഡിഎഫിനു വലിയ ആവേശം പകർന്നിട്ടുണ്ട്.