തൃശൂർ: കഴിഞ്ഞ അഞ്ചുവർഷമായി കോർപറേഷൻ മേയറായി പ്രവർത്തിച്ചുവരുന്ന എം.കെ. വർഗീസിന്റെ രാഷ്ട്രീയനിലപാട് എൽഡിഎഫിനെയും ബിജെപിയെയും ഒരുപോലെ അനുകൂലിക്കുന്നതാണെന്നു വീണ്ടും തെളിഞ്ഞതായി മുൻ എംപി ടി.എൻ. പ്രതാപൻ ആരോപിച്ചു. അധികാരത്തിനും വ്യക്തിപരമായ നേട്ടങ്ങൾക്കുമായി എൽഡിഎഫ് മതനിരപേക്ഷതയെ ത്യജിച്ചു. മേയർക്കു ചോറ് എൽഡിഎഫ് കൂടാരത്തിലും കൂറ് ബിജെപി കൊട്ടാരത്തിലുമാണ്.
2019 മുതൽ 2024 വരെ എംപി ഫണ്ടിൽനിന്ന് 3.57 കോടി രൂപ കോർപറേഷന്റെ ആസ്തിവികസനത്തിനും സ്ഥാപനങ്ങളുടെ പുരോഗതിക്കുമായി വിനിയോഗിച്ചു. ആ പദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങുകളിൽ മേയർ അധ്യക്ഷനായോ ഉദ്ഘാടകനായോ പങ്കെടുത്തിട്ടുള്ളതാണ്. അന്ന് എംപിയെ പുകഴ്ത്തിയ മേയർ ഇപ്പോൾ രാഷ്ട്രീയ ആവശ്യങ്ങൾക്കായി പ്രസ്താവന മാറുകയാണ്. ഇത് ഓർമപ്പിശകിന്റെ പ്രശനമല്ല. കാര്യമായ തകരാറുണ്ട്. കാര്യമായ ചികിത്സയ്ക്കു വിധേയമാക്കണമെന്നും പ്രതാപൻ പരിഹസിച്ചു.
പാർലമെന്റ് തെരഞ്ഞെടുപ്പിൽ സിപിഎമ്മും ബിജെപിയും തമ്മിലുള്ള അന്തർധാര വ്യക്തമായിരുന്നു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മേയർ ബിജെപി സ്ഥാനാർഥിയാവാനാണ് തയാറെടുക്കുന്നത്. സിപിഎം തന്നെയാണ് മേയറെ ബിജെപിക്കു സമർപ്പിച്ചത്. സിപിഎം-കോൺഗ്രസ് വിരോധത്തിൽ അന്ധമായ നിലപാട് സ്വീകരിച്ചതാണ് മേയർ സ്ഥാനത്തു തുടരാൻ വഴിയൊരുക്കിയത്.
സംഘപരിവാറിന്റെ കൈയടികൾ കിട്ടാൻ സ്ഥാനം കിട്ടിയതുമുതൽ കോൺഗ്രസ് പ്രസ്ഥാനത്തെയും കൗൺസിലർമാരെയും മേയർ ഇകഴ്ത്തിക്കാട്ടുകയാണ്. ഐ ലവ് തൃശൂർ എന്ന പേരിൽ താൻ ഒരുകോടിയുടെ ഭരണാനുമതി ഉറപ്പുവരുത്തിയ പദ്ധതിയും 69 ഹൈമാസ്റ്റ്, മിനിമാസ്റ്റ് ലൈറ്റുകളുടെ പദ്ധതിയും എഗ്രിമെന്റ് വയ്ക്കാതെയും റിപ്പോർട്ട് നൽകാതെയും നഷ്ടപ്പെടുത്തിയതും കോർപറേഷന്റെ പിടിപ്പുകേടാണ്. എന്നിട്ടും തന്നെ പഴിക്കുന്ന സിപിഎം മേയർക്കു പൊളിറ്റിക്കൽ ഹെൽത്ത് ചെക്കപ്പ് ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതാപനുമുന്പ് അധികാരത്തിലുണ്ടായിരുന്ന സിപിഐ എംപി കോർപറേഷന് എന്തുനൽകിയെന്ന കാര്യത്തിൽ വെളിപ്പെടുത്തൽ വേണമെന്നും അരലക്ഷം രൂപയുടെ പ്രവർത്തനംപോലും കാഴ്ചവയ്ക്കാത്ത ഇടതുമുന്നണിയുടെ എംപിയെ കുറ്റപ്പെടുത്താതെ ഗർവിന്റെയും അഹങ്കാരത്തിന്റെയും മുഖമായ മേയർ ജനങ്ങൾക്കു ലഭിക്കേണ്ട വികസനപ്രവർത്തനങ്ങൾ തകിടം മറിച്ചുവെന്ന് കോർപറേഷൻ പ്രതിപക്ഷനേതാവ് രാജൻ ജെ. പല്ലൻ, കൗൺസിലർ ജോൺ ഡാനിയൽ എന്നിവരും ആരോപിച്ചു. കെപിസിസി സെക്രട്ടറി എ. പ്രസാദും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
വാതിൽ തുറന്നിട്ടിരിക്കുന്നു;
മേയർക്കു സ്വാഗതമെന്നു
ബിജെപി
തൃശൂർ: മേയർ എം.കെ. വർഗീസിനെ പരസ്യമായി ക്ഷണിച്ച് ബിജെപി. വർഗീസിനായി വാതിൽ തുറന്നിട്ടിരിക്കുന്നെന്നു ബിജെപി സിറ്റി ജില്ലാ അധ്യക്ഷൻ ജസ്റ്റിൻ ജേക്കബ്.
നരേന്ദ്ര മോദിയുടെ വികസന നയത്തെ സ്വാഗതംചെയ്യുന്നയാളാണു മേയർ. ഇടതുമുന്നണി അഞ്ചുവർഷം മേയറെ കൂച്ചുവിലങ്ങിട്ടു. ബിജെപിയിലേക്ക് എത്തിയാൽ പാർട്ടിനേതാക്കളുമായി ആലോചിച്ച് അർഹമായ പരിഗണന നൽകുമെന്നും ജസ്റ്റിൻ ജേക്കബ് വ്യക്തമാക്കി. ഇക്കുറി മത്സരിക്കാനില്ലെന്നും ഇടതുമുന്നണിക്കായി പ്രചരണത്തിന് ഇറങ്ങില്ലെന്നും വർഗീസ് നിലപാട് വ്യക്തമാക്കിയതിനു പിന്നാലെയാണ് ബിജെപിയുടെ ക്ഷണം.
മോദി സർക്കാരിന്റെ വികസനങ്ങളെ അംഗീകരിക്കുന്ന ഏവരെയും ബിജെപി സ്വാഗതം ചെയ്യും. തൃശൂർ മേയർ അത്തരത്തിൽ ഒരു നിലപാട് എടുക്കുന്ന മേയറാണ്. ആ മേയറെ തീർച്ചയായും സ്വാഗതം ചെയ്യുന്നുവെന്നും ജില്ല അധ്യക്ഷൻ പറഞ്ഞു.
തന്റെ ആശയവുമായി യോജിച്ചുപോകുന്നവർ നിയമസഭാ തെരഞ്ഞെടുപ്പിൽ പിന്തുണച്ചാൽ സഹകരിക്കുമെന്നു മേയർ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ ആരുമായും അത്തരത്തിലുള്ള ഒരു ചർച്ചയും നടന്നിട്ടില്ല.
അഞ്ചുവർഷം തന്നെ മേയറാക്കിയതിൽ ഇടതുപക്ഷത്തോടു നന്ദിയുണ്ടെന്നും മേയർ പറഞ്ഞിരുന്നു.തൃശൂർ എംപിയായിരുന്ന കാലത്തു ടി.എൻ. പ്രതാപൻ കോർപറേഷന്റെ വികസനത്തിന് ഒരു രൂപപോലും തന്നില്ല. അതേസമയം, എംപി അല്ലാത്ത കാലത്തും കോർപറേഷന്റ വികസനത്തിനു സുരേഷ് ഗോപി ഒരു കോടി രൂപ നൽകിയെന്നും എം.കെ. വർഗീസ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
തുടർച്ചയായി സുരേഷ് ഗോപിയെ പിന്തുണച്ച മേയർക്കെതിരേ സിപിഐ രംഗത്തെത്തിയിരുന്നു.
മേയർക്കുള്ള പിന്തുണ പിൻവലിക്കണമെന്നും സിപിഐ ആവശ്യപ്പെട്ടിരുന്നു. കോർപറേഷൻ ഭരണം നിലനിർത്താൻ എം.കെ. വർഗീസിന്റെ പിന്തുണ ആവശ്യമുള്ളതിനാൽ കടുത്ത നടപടികളിലേക്കു സിപിഎം കടന്നിരുന്നില്ല.
Tags : Thrissur Mayor nattuvisesham local news