ഓസ്ലോ: ലോക ഒന്നാം നന്പർ താരം മാഗ്നസ് കാൾസനെ വീണ്ടും അട്ടിമറിച്ച് ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ആർ. പ്രഗ്നാനന്ദ.
നോർവേ ചെസ് ടൂർണമെന്റിന്റെ എട്ടാം റൗണ്ടിൽ, കറുത്ത കരുക്കളുമായി കളിച്ച ഇരുപതുകാരനായ പ്രഗ്നാനന്ദ ക്ലാസിക്കൽ ചെസിൽ കാൾസനെ അട്ടിമറിക്കുകയായിരുന്നു. ഇതോടെ ഈ വർഷം ക്ലാസിക്കൽ ഫോർമാറ്റിൽ കാൾസനെ തുടർച്ചയായി രണ്ട് തവണ പരാജയപ്പെടുത്തുന്ന ആദ്യ താരം കൂടിയായി പ്രഗ്നാനന്ദ. ടൂർണമെന്റിൽ കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരനാകാനുള്ള പ്രഗ്നാനന്ദയുടെ സാധ്യതകൾ സജീവമായി.
വിജയത്തോടെ 12 പോയിന്റുമായി പ്രഗ്നാനന്ദ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. എട്ടാം നോർവേ ചെസ് കിരീടം ലക്ഷ്യമിട്ടിറങ്ങിയ കാൾസന്റെ പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടിയാണ് തോൽവി. രണ്ട് റൗണ്ടുകൾ മാത്രം ബാക്കിനിൽക്കേ നിലവിലെ ചാന്പ്യനായ കാൾസന് കിരീട നേട്ടം ആവർത്തിക്കലിന് വിരള സാധ്യതയാണുള്ളത്.
കളി കൈവിട്ടെന്ന് ഉറപ്പായതോടെ നിരാശയോടെ തലയാട്ടി പ്രഗ്നാനന്ദയ്ക്ക് കൈകൊടുത്ത് കാൾസൻ വേദി വിടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.
ജർമനിയുടെ വിൻസെന്റ് കീമറെ ടൈ-ബ്രേക്കറിൽ പരാജയപ്പെടുത്തിയ അമേരിക്കൻ ഗ്രാൻഡ്മാസ്റ്റർ വെസ്ലി സോ ആണ് 14 പോയിന്റുമായി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 13 പോയിന്റുമായി ഫ്രാൻസിന്റെ അലിരേസ ഫിരൂസ്ജയാണ് രണ്ടാം സ്ഥാനത്ത്.
അതേസമയം നിലവിലെ ലോക ചാന്പ്യനായ ഇന്ത്യയുടെ ഡി. ഗുകേഷ് തോൽവിയോടെ കിരീടപ്പോരാട്ടത്തിൽനിന്ന് പുറത്തായി. ഫ്രാൻസിന്റെ അലിരേസ ഫിരൂസ്ജയോടാണ് ഗുകേഷ് പരാജയപ്പെട്ടത്. ടൂർണമെന്റിലെ ഗുകേഷിന്റെ മൂന്നാമത്തെ ക്ലാസിക്കൽ തോൽവിയാണിത്.
Tags : Norway Chess Praggnanandhaa defeats Magnus Carlsen