ന്യൂഡൽഹി: ആരവല്ലി മലനിരകളുടെ നിർവചനവും അതിർത്തിനിർണയവും സംബന്ധിച്ച കേന്ദ്രസർക്കാർ റിപ്പോർട്ട് പരിശോധിക്കാൻ സുപ്രീംകോടതി വിദഗ്ധസമിതി രൂപീകരിച്ചു.
ഇന്ത്യൻ കൗണ്‍സിൽ ഓഫ് ഫോറസ്ട്രി റിസർച്ച് ആൻഡ് എഡ്യുക്കേഷൻ (ഐസിഎഫ്ആർഇ) ഡയറക്ടർ ജനറൽ കാഞ്ചൻ ദേവിയാണു സമിതിയുടെ അധ്യക്ഷ. ഓഗസ്റ്റ് 31നകം സമിതി സമഗ്ര റിപ്പോർട്ട് സമർപ്പിക്കണം.
ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യ മുൻ ഡയറക്ടർ ജനറൽ ഡോ. സുഭാഷ് അശുതോഷ്, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ മുൻ ഡയറക്ടർ ഡോ. രാജേന്ദ്ര കുമാർ ശർമ, പരിസ്ഥിതി മന്ത്രാലയത്തിലെ മുൻ ജോയിന്റ് സെക്രട്ടറി ബ്രിജ് മോഹൻ സിംഗ് റാത്തോഡ്, ഡൽഹി സർവകലാശാലാ സസ്യശാസ്ത്ര വിഭാഗം മുൻ മേധാവി പ്രഫ. അശോക് കെ. ഭട്നാഗർ തുടങ്ങിയവരാണ് സമിതിയിലെ മറ്റംഗങ്ങൾ.
ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹ്യൂമൻ സെറ്റിൽമെന്റിലെ പ്രഫ. ജഗദീഷ് കൃഷ്ണസ്വാമി, ഹരിയാന സെൻട്രൽ യൂണിവേഴ്സിറ്റിയിലെ പ്രഫ. ലക്ഷ്മികാന്ത് ശർമ എന്നിവർ പ്രത്യേക ക്ഷണിതാക്കളായിരിക്കും. സമിതിയുടെ മെംബർ സെക്രട്ടറിയായി ഡയറക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥനെ നാമനിർദേശം ചെയ്യണമെന്നു പരിസ്ഥിതി മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
2025 ഒക്ടോബറിൽ പരിസ്ഥിതി മന്ത്രാലയ സെക്രട്ടറി നേതൃത്വം നൽകിയ സമിതി തയാറാക്കിയ റിപ്പോർട്ട് നടപ്പിലാക്കുന്നത് സ്റ്റേ ചെയ്ത് ഡിസംബർ 29ന് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.