ന്യൂഡൽഹി: ഓണ്‍ലൈൻ വാതുവയ്പും ചൂതാട്ടവും പൊതുസമാധാനത്തിനും ജനങ്ങളുടെ മാനസികാരോഗ്യത്തിനും ഗുരുതരമായ ഭീഷണിയുയർത്തുന്നതായി സുപ്രീംകോടതിയുടെ നിരീക്ഷണം. സാങ്കേതികവിദ്യയുടെയും ഇന്റർനെറ്റിന്റെയും ഗണ്യമായ വളർച്ചയോടെ മൊബൈൽ ഫോണുകൾ വെർച്വൽ ചൂതാട്ടകേന്ദ്രവും ഗെയിമിംഗിനുള്ള ഉപകരണവുമായി മാറിയെന്ന് ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു.
ഓണ്‍ലൈൻ വാതുവയ്പും ചൂതാട്ടവും നിരോധിച്ചു നിയമം പാസാക്കിയ തമിഴ്നാട്, കർണാടക സർക്കാരുകളുടെ തീരുമാനം ശരിവച്ചുകൊണ്ടുള്ള വിധിയിലാണ് സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം. പണം നിക്ഷേപിച്ചു പണം നേടുന്ന തരത്തിലുള്ള നൈപുണ്യ ഗെയിമുകളാണെങ്കിൽപ്പോലും സംസ്ഥാനങ്ങൾക്കു നിയമനിർമാണം നടത്തി അത്തരം ഗെയിമുകൾ നിരോധിക്കാനുള്ള അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി.
ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലെ ലിസ്റ്റ് രണ്ടിൽ ഉൾപ്പെടുന്ന ’പൊതുസമാധാനം’ ഉറപ്പാക്കാനുള്ള നിയമനിർമാണ അധികാരം ഉപയോഗിച്ചു സംസ്ഥാനങ്ങൾക്ക് ഓണ്‍ലൈൻ ചൂതാട്ടം നിരോധിക്കാമെന്ന് കോടതി ചൂണ്ടിക്കാട്ടി. അക്രമങ്ങൾ മാത്രമല്ല ജനങ്ങളുടെ ആരോഗ്യത്തെ തകർക്കുന്നതും സാന്പത്തിക അസ്ഥിരത ഉണ്ടാക്കുന്നതുമായ കാര്യങ്ങൾ പൊതുസമാധാനത്തെ ബാധിക്കുന്ന വിഷയങ്ങളുടെ പരിധിയിൽ വരുമെന്ന് കോടതി പറഞ്ഞു.
പണം നിക്ഷേപിച്ചുള്ള ഓണ്‍ലൈൻ ഗെയിംമുകൾ തടയുന്നതിന് 2021ലാണ് തമിഴ്നാട് സർക്കാരും കർണാടക സർക്കാരും നിയമം ഭേദഗതി ചെയ്തത്. നൈപുണ്യം അടിസ്ഥാനമാക്കിയുള്ള ഗെയിമുകളിലെ വാതുവയ്പുകൾ ഉൾപ്പെടെ നിരോധിച്ചുകൊണ്ടായിരുന്നു ഭേദഗതി. അതിനെതിരേ ജംഗ്ലി ഗെയിംസ് എന്ന സ്ഥാപനം ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് നൈപുണ്യ ഗെയിമുകളെ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരാനാകില്ലെന്നു ചൂണ്ടിക്കാട്ടി ഇരു സംസ്ഥാനങ്ങളിലെയും ഹൈക്കോടതികൾ ബന്ധപ്പെട്ട വ്യവസ്ഥ റദ്ദാക്കി.
ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് ഇരുസർക്കാരും സുപ്രീംകോടതിയെ സമീപിച്ചു. എന്നാൽ, ഒരു ഗെയിം ബുദ്ധിപരമായതാണോ അതോ ഭാഗ്യത്തെ ആശ്രയിച്ചുള്ളതാണോ എന്നത് അതിൽ പണം നിക്ഷേപിച്ചു തുടങ്ങിയാൽ പിന്നെ പ്രസക്തമല്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. അതിനാൽ സംസ്ഥാനങ്ങൾക്കു നിയമനിർമാണം നടത്താമെന്നും ബെഞ്ച് വിധിയിൽ വ്യക്തമാക്കി.
ഡിജിറ്റൽ യുഗത്തിൽ ഓണ്‍ലൈൻ ചൂതാട്ടം വ്യക്തികളെ മാത്രമല്ല സമൂഹത്തെയാകെ ബാധിക്കുന്നു. മൊബൈൽ ഫോണുകളും ഇൻസ്റ്റന്റ് പേമെന്റ് സംവിധാനങ്ങളും എളുപ്പത്തിൽ ലഭ്യമായി തുടങ്ങിയ സാഹചര്യത്തിൽ ഗ്രാമീണ മേഖലകളിലുള്ളവരും കുറഞ്ഞ വരുമാനമുള്ളവരും ഇത്തരം ആസക്തിയിലേക്ക് ആകർഷിക്കപ്പെടുന്നു.
പെട്ടെന്ന് പണക്കാരനാകാമെന്ന വ്യാമോഹത്തിൽപ്പെട്ട് ആളുകൾ കടക്കെണിയിലാകുകയും പിന്നീട് വിഷാദ രോഗത്തിലേക്കും ആത്മഹത്യകളിലേക്കും എത്തിച്ചേരുന്നത് വലിയ പൊതുജനാരോഗ്യ പ്രശ്നമായി മാറിയിരിക്കുന്നു. കുട്ടികൾക്ക് ഇത്തരം സൈറ്റുകളിലേക്ക് എളുപ്പത്തിൽ പ്രവേശനം ലഭിക്കുന്നത് ഉൾപ്പെടെയുള്ള ഗുരുതരമായ സാഹചര്യമാണ് നിലവിലുള്ളതെന്നും ഗുജറാത്ത് ഹൈക്കോടതിയുടെ മുൻ ഉത്തരവുകൾ ഉദ്ധരിച്ച് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
Tags : Online betting gambling threat public peace