പത്തനംതിട്ട: നഗരസഭയിലെ ദുരന്തനിവാരണ-മുന്‍കരുതല്‍ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. നഗരസഭാ ഹാളില്‍ നടന്ന യോഗത്തില്‍ ചെയര്‍പേഴ്സണ്‍ സിന്ധു അനില്‍ അധ്യക്ഷത വഹിച്ചു.
നഗരസഭയില്‍ അടിയന്തര സാഹചര്യം നേരിടുന്നതിന് 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം സജ്ജമാക്കും. പൊതുജനങ്ങള്‍ക്ക് അപകട സാഹചര്യങ്ങളില്‍ കണ്ട്രോള് റൂമുമായി ബന്ധപ്പെടാം.
ശക്തമായ കാറ്റില്‍ വൈദ്യുതി ലൈനുകളിലേക്ക് വീഴാന്‍ സാധ്യതയുള്ള മരച്ചില്ലകള്‍ കെഎസ്ഇബിയുടെയും ഫയര്‍ഫോഴ്സിന്റെയും സഹായത്തോടെ വെട്ടിമാറ്റും. വൈദ്യുത പോസ്റ്റുകളുടെ സുരക്ഷ കെഎസ്ഇബി ഉറപ്പാക്കും.
നഗരത്തിലെ പ്രധാന ഓടകളിലെയും തോടുകളിലെയും തടസങ്ങള്‍ നീക്കി സുഗമമായ ഒഴുക്ക് ഉറപ്പാക്കാന്‍ പിഡബ്ല്യൂഡി, നഗരസഭ വിഭാഗങ്ങള്‍ക്ക് നിര്‍ദേശം നല്കി. പകര്‍ച്ചവ്യാധികള്‍ പടരാതിരിക്കാന്‍ ആരോഗ്യവകുപ്പും നഗരസഭ ആരോഗ്യവിഭാഗവും ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കും. മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തും.
വെള്ളപ്പൊക്ക ദുരന്ത സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരെ സുരക്ഷിതമായി മാറ്റിപ്പാര്‍പ്പിക്കുന്നതിന് ആവശ്യമായ ദുരിതാശ്വാസ ക്യാമ്പുകള്‍ മുന്‍കൂട്ടി കണ്ടെത്താന്‍ വില്ലേജ് ഓഫീസര്‍ക്ക് നിര്‍ദേശം നല്കി.
കാലവര്‍ഷക്കെടുതികള്‍ ലഘൂകരിക്കുന്നതിന് എല്ലാ കുപ്പുകളും പരസ്പരം ഏകോപനത്തോടെ പ്രവര്‍ത്തിക്കണമെന്നും അടിയന്തര ഘട്ടങ്ങളില്‍ നഗരസഭയുടെയും മറ്റ് സുരക്ഷാ സേനകളുടെയും നിര്‍ദേശം പൊതുജനങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ചെയര്‍പേഴ്സണ്‍ സിന്ധു അനില്‍ അറിയിച്ചു.
നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ ആശാ മോഹന്‍രാജ്, അന്‍സാര്‍ മുഹമ്മദ്, സജിനി മോഹന്‍, കൗണ്‍സിലര്‍മാരായ നെജീം രാജന്, എ സുരേഷ് കുമാര്‍, മുന്‍സിപ്പല്‍ സെക്രട്ടറി തുടങ്ങിയവര്‍ പങ്കെടുത്തു.