സിപിഎം മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ ഓഫീസിന് മുന്നിലേക്ക് നടത്തിയ ബഹുജന മാർച്ച്.
തൃപ്പൂണിത്തുറ: മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ ഉൾപ്പെടെ നിരവധി ജനകീയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ട തൃപ്പൂണിത്തുറ നഗരസഭാ ബിജെപി ഭരണസമിതിയുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് സിപിഎം മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭാ ഓഫീസിന് മുന്നിലേയ്ക്ക് ബഹുജന മാർച്ച് നടത്തി.
പുതിയ ബസ് സ്റ്റാൻഡിൽ നിന്നാരംഭിച്ച മാർച്ച് നഗരസഭാ ഓഫീസിൽ അവസാനിച്ചു. തുടർന്നു നടന്ന പ്രതിഷേധ യോഗം ഏരിയ സെക്രട്ടറി പി. വാസുദേവൻ ഉദ്ഘാടനം ചെയ്തു. അഡ്വ. എസ്. മധുസൂദനൻ അധ്യക്ഷത വഹിച്ചു.
ജില്ലാ കമ്മിറ്റിയംഗം സി.എൻ.സുന്ദരൻ, എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ കെ.ടി. അഖിൽദാസ്, ഷിനി ജയകുമാർ, കെ.ജെ. ജോഷി തുടങ്ങിയവർ പ്രസംഗിച്ചു.
മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ മുൻകൂട്ടി ആരംഭിക്കാൻ കഴിയാതിരുന്നതിനാൽ മഴ പെയ്തതോടെ കാനകളിൽ നിന്നും മലിനജലം റോഡിലേക്കും വ്യാപാരസ്ഥാപനങ്ങളിലേയ്ക്കും ഒഴുകുകയാണെന്നും ഹരിത കർമസേനാംഗങ്ങൾ ശേഖരിക്കുന്ന മാലിന്യങ്ങൾ ചാക്കിൽ കെട്ടി റോഡരികിൽ കൂട്ടിയിരിക്കുന്ന കാഴ്ച പതിവായി കഴിഞ്ഞെന്നും യോഗത്തിൽ ആരോപണമുയർന്നു.
Tags : Local News Nattuvishesham Ernakulam