പുത്തുമല പച്ചക്കാട് പ്രദേശത്ത് വനംവകുപ്പ് അധികൃതർ നിരീക്ഷണ കാമറ സ്ഥാപിക്കുന്നു.
മേപ്പാടി: 2019ലെ പുത്തുമല ഉരുൾപൊട്ടൽ ദുരന്തത്തിന് ശേഷം പൂത്തുമല, പച്ചക്കാട് പ്രദേശങ്ങളിൽ വന്യമൃഗശല്യം വർധിച്ചതായി പ്രദേശത്തുള്ളവർ പറയുന്നു. പ്രദേശത്തേക്കുള്ള റോഡുകൾ, വൈദ്യുതി പുനഃസ്ഥാപിച്ചിട്ടില്ല. ദുരന്തബാധിത മേഖലയിൽ കൃഷി നടത്താൻ മാത്രമാണ് അധികൃതർ അനുമതി നൽകിയിട്ടുള്ളത്. പച്ചക്കാട് പ്രദേശത്ത് ആൾ താമസമില്ല. അവിടെ ഭൂമിയുള്ളവർക്ക് കൃഷി ചെയ്യാൻ മാത്രമാണ് അനുമതി.
കാപ്പി, ഏലം, കുരുമുളക് മുതലായ കൃഷികൾ നിലവിലുണ്ട്. എന്നാൽ ആന, പുലി, കുരങ്ങ്, കാട്ടുപന്നി മുതലായ വന്യമൃഗങ്ങളുടെ ശല്യം ഇരട്ടിച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്കിടയിൽ മൂന്ന് പേർ പുലിയെ നേരിൽ കണ്ടതായി പറയുന്നു.
കഴിഞ്ഞ ദിവസം രാവിലെ ഒന്പതിനാണ് പച്ചക്കാട് ജുനൈദ് തന്റെ ഏലത്തോട്ടത്തിൽ പുലിയെ നേരിട്ടു കണ്ടത്. വിവരമറിയിച്ചതനുസരിച്ച് വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തുകയും പ്രദേശത്ത് നിരീക്ഷണ കാമറ സ്ഥാപിക്കുകയും ചെയ്തു.
പച്ചക്കാട് പ്രദേശത്ത് വൈദ്യുതി പുനഃസ്ഥാപിക്കുകയും തെരുവ് വിളക്കുകൾ സ്ഥാപിക്കുകയും ചെയ്താലെ വന്യമൃഗശല്യം പരിധി വരെയെങ്കിലും കുറയാനിടയുള്ളു എന്നാണ് അഭിപ്രായമുയരുന്നത്.
കൃഷി ചെയ്യാൻ അനുമതിയുണ്ടെങ്കിലും വന്യമൃഗങ്ങൾ വിളവെടുക്കുന്ന സ്ഥിതിയാണെന്ന് കർഷകർ പറയുന്നു. ഉരുൾപൊട്ടലിൽ തകർന്ന റോഡുകളും പുനഃസ്ഥാപിക്കണം. ഇടയ്ക്കിടെ വാഹനങ്ങൾ ഓടുന്നതുകൊണ്ടും വന്യമൃഗ സാന്നിധ്യത്തിന് കുറവ് വരും. ഇക്കാര്യങ്ങൾ കണക്കിലെടുത്ത് അധികൃതർ ഉടൻ തീരുമാനമെടുക്കണമെന്നാണ് ആവശ്യമുയർന്നിട്ടുള്ളത്.
Tags : Local News Nattuvishesham Wayanad