കുമളി: ഒട്ടകത്തലമേട് നിവാസികളുടെ ബസിനായുള്ള കാത്തിരിപ്പ് അനന്തമായി നീളുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാനകാലയളവില്‍ പുറപ്പെടുവിച്ച ഉത്തരവാണ് ഇവരുടെ സ്വപ്നങ്ങളില്‍ കരിനിഴല്‍ വീഴ്ത്തിയത്. പുതിയ ബസിനു മാത്രമേ പുതിയ പെര്‍മിറ്റ് നല്‍കാവൂ എന്ന ഉത്തരവാണ് വിനയായത്.
പുതിയ സര്‍ക്കാര്‍ അധികാരമേറ്റ സാഹചര്യത്തില്‍ ഈ ഉത്തരവ് റദ്ദാക്കുമെന്നും വൈകാതെ ബസ് സര്‍വീസിന് അനുമതി ലഭിക്കുമെന്നുമാണ് നാട്ടുകാരുടെ പ്രതീക്ഷ. കുമളി പഞ്ചായത്തിലെ ഏറ്റവും ഉയര്‍ന്ന പ്രദേശമായ ഒട്ടകത്തലമേട്ടില്‍ ബസ് എത്തിയാല്‍ നൂറുകണക്കിന് കുടുംബങ്ങള്‍ക്കും തോട്ടംതൊഴിലാളികള്‍ക്കും ഏറെ പ്രയോജനകരമാകും.
നേരത്തേ റോഡിന്റെ ശോച്യാവസ്ഥയായിരുന്നു ബസ് സര്‍വീസ് ആരംഭിക്കുന്നതിനുള്ള പ്രധാന തടസം. കഴിഞ്ഞ മാര്‍ച്ചില്‍ റോഡ് ടാറിംഗ് നടത്തിയതോടെ ഈ പ്രശ്നത്തിനും പരിഹാരമായി. ഇതേത്തുടര്‍ന്ന് നാട്ടുകാരുടേയും മുന്‍ എംഎല്‍എ വാഴൂര്‍ സോമന്റെയും ഇടപെടലിലൂടെ ബസ് സര്‍വീസ് ആരംഭിക്കാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലെത്തിയിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ കെഎസ്ആര്‍ടിസിയും സ്വകാര്യ ബസും പരീക്ഷണ ഓട്ടം നടത്തിയത് വിജയകരമായി. പെര്‍മിറ്റ് കിട്ടുന്ന മുറയ്ക്ക് ബസ് സര്‍വീസ് ആരംഭിക്കുമെന്നും ബന്ധപ്പെട്ടവര്‍ നാട്ടുകാര്‍ക്ക് ഉറപ്പും നല്‍കിയിരുന്നു. തുടര്‍ന്ന് പെര്‍മിറ്റിന് അപേക്ഷ നല്കി. ജില്ലാ ബോര്‍ഡ് യോഗം ചേര്‍ന്ന് പെര്‍മിറ്റ് നല്കാന് തീരുമാനിക്കുകയും ചെയ്തു.
ഇതിനിടെയാണ് കാര്യങ്ങള്‍ തകിടംമറിയുന്ന ഉത്തരവ് പുറത്തിറങ്ങിയത്. പുതിയ ബസ് വാങ്ങി ഇതുവരെ ബസ് സര്‍വീസ് ഇല്ലാത്ത പ്രദേശത്തേക്കു പെര്‍മിറ്റ് എടുക്കുന്നത് വലിയ വെല്ലുവിളിയാണെന്നാണ് അപേക്ഷ നല്കിയ സ്വകാര്യ ബസുടമകള്‍ പറയുന്നത്. കുമളിയില്‍നിന്ന് ഒട്ടകത്തലമേട് വഴി അണക്കരയ്ക്ക് ദിനംപ്രതി 10 സര്‍വീസുകള്‍ നടത്തുന്നതിനുള്ള അനുമതി തേടിയാണ് ഇവര്‍ അപേക്ഷ സമര്‍പ്പിച്ചത്. പെര്‍മിറ്റ് ലഭിച്ചാല്‍ അടുത്തദിവസം തന്നെ സര്‍വീസ് ആരംഭിക്കാന്‍ ഇവര്‍ തയാറാണ്.
ഇപ്പോള്‍ ഓട്ടോയാണ് പ്രദേശവാസികളുടെ ഏക ആശ്രയം. ഇതു വലിയ സാമ്പത്തിക ബാധ്യതയാണ് ഇവിടത്തുകാര്‍ക്ക് വരുത്തിവയ്ക്കുന്നത്.കുട്ടികളെ സ്കൂളില്‍ അയയ്ക്കാന്‍ ഉള്‍പ്പെടെ വലിയ സാമ്പത്തിക ബാധ്യതയാണ് ഇതുമൂലം ഉണ്ടാകുന്നത്. പ്രശ്നത്തിന് അടിയന്തര പരിഹാരം കാണാന്‍ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.