കാഞ്ഞങ്ങാട്: ദേശീയപാതയുടെ ഇരുവശങ്ങളിലുമുള്ള സര്‍വീസ് റോഡുകളെയും വിഷ്ണുമംഗലം റോഡിനെയും ബന്ധിപ്പിച്ചുകൊണ്ട് മൂലക്കണ്ടത്ത് നിര്‍മിച്ച അടിപ്പാത തുടര്‍ച്ചയായ രണ്ടാം വര്‍ഷവും വെള്ളക്കെട്ടില്‍ മുങ്ങി.
കഴിഞ്ഞദിവസം വൈകുന്നേരം പേരൂര്‍ സദ്ഗുരു സ്കൂളില്‍ നിന്ന് കുട്ടികളെയും വഹിച്ചുകൊണ്ട് ഇതുവഴി എത്തിയ ബസിന്റെ ടയറുകള്‍ അടിപ്പാതയിലെ ചെളിയില്‍ താഴ്ന്നിരുന്നു. സമീപത്തെ ഓട്ടോ ഡ്രൈവര്‍മാരും നാട്ടുകാരും എത്തിയാണ് കുട്ടികളെ സുരക്ഷിതമായി പുറത്തിറക്കിയതിനുശേഷം ബസ് ജെസിബി ഉപയോഗിച്ച് തള്ളിനീക്കിയത്.
കഴിഞ്ഞവര്‍ഷം ഇവിടെ വെള്ളക്കെട്ട് രൂപപ്പെട്ടപ്പോള്‍ അജാനൂര്‍ പഞ്ചായത്ത് അധികൃതരുടെ നിര്‍ദേശപ്രകാരം നിര്‍മാണ കരാറുകാര്‍ ഇവിടെ താത്കാലികമായി ഓവുചാല്‍ നിര്‍മിച്ച് വെള്ളം ഒഴുക്കിവിട്ടിരുന്നു. എന്നാല്‍, ഈ വര്‍ഷം പ്രവൃത്തികള്‍ കുറച്ചുകൂടി മുന്നോട്ടുപോയപ്പോള്‍ അടിപ്പാത ഈ ഓവുചാലിനേക്കാള്‍ താഴ്ന്ന നിലയിലായി. ഇനി വീണ്ടും ഓവുചാല്‍ താഴ്ത്തി കോണ്‍ക്രീറ്റ് ചെയ്താല്‍ മാത്രമേ പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കാന്‍ കഴിയൂ എന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
ചാലിങ്കാലിലെ നിര്‍ദിഷ്ട ടോള്‍ബൂത്തിനു സമീപം ദേശീയപാതയുടെ പടിഞ്ഞാറുഭാഗത്തും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ടോള്‍ ബൂത്ത് ഉള്ളതുകൊണ്ട് ഇവിടെ സര്‍വീസ് റോഡ് നിര്‍മിച്ചിട്ടില്ല. എന്നാല്‍, സമീപത്തെ വീടുകളില്‍ വെള്ളം കയറുന്ന സാഹചര്യത്തില്‍ ഓവുചാല്‍ നിര്‍മിക്കാമെന്ന് കഴിഞ്ഞവര്‍ഷം നിര്‍മാണ കമ്പനി അധികൃതര്‍ ഉറപ്പുനല്‍കിയിരുന്നു. ഇതിനായി എസ്റ്റിമേറ്റും തയാറാക്കിയിരുന്നതായി പറയുന്നു.
എന്നാല്‍, ഒരു വര്‍ഷം കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പ്രശ്നം ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞദിവസം പഞ്ചായത്ത് പ്രസിഡന്റ് സി.കെ. സബിതയുടെയും മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അരവിന്ദന്റെയും സാന്നിധ്യത്തില്‍ നാട്ടുകാരുടെ യോഗം വിളിച്ചുചേര്‍ത്തിരുന്നു.