ഇരിട്ടി: സ്ഥലപരിമിതിയിൽ വീർപ്പുമുട്ടി വികസനം കാത്ത് ഇരിട്ടിയിലെ പുതിയ ബസ് സ്റ്റാൻഡ്. തലൂക്ക് ആസ്ഥാനമായ ഇരിട്ടിയിലെ പുതിയ ബസ്സ്റ്റാൻഡിൽ സ്ഥലപരിമിതികളും ആധുനിക സൗകര്യങ്ങളുടെ അപര്യാപ്തതയും കാരണം യാത്രക്കാരും ബസ് ജീവനക്കാരും വലയുകയാണ്.
മലയോര പട്ടണമായ ഇരിട്ടിയിൽ നിന്ന് കേരളത്തിന് അകത്തും പുറത്തുമായി ദീർഘദൂര ബസുകളും പ്രാദേശിക റൂട്ടുകൾ ഉൾപ്പടെ നിരവധി ബസുകളാണ് ഇവിടെ നിന്ന് ദിവസവും സർവീസ് നടത്തുന്നത്. യാത്രക്കാർക്ക് സുരക്ഷിതമായി ബസ് കാത്തിരിക്കുന്നതിനുള്ള സൗകര്യം ഇവിടെ ഇല്ലെന്നു തന്നെ പറയാം. സൗകര്യങ്ങളോട് കൂടിയ ടോയ്ലെറ്റിന്റെ അപര്യാപ്തതയും യാത്രക്കാരെയും ബസ് ജീവനക്കാരെയും ബുദ്ധിമുട്ടിലാക്കുന്നു.
2014 ൽ ആരംഭിച്ച സ്റ്റാൻഡ്
കീഴൂർ-ചവശേരി പഞ്ചയത്തിൽ തലശേരി-മൈസൂർ അന്തർ സംസ്ഥാന പാതയിൽ ഇന്നത്തെ നഗരസഭയുടെ ഷോപ്പിംഗ് കോപ്ലക്സ് സ്ഥിതി ചെയ്യുന്ന സ്ഥലത്തെ പഴയ സ്റ്റാൻഡ് അവിടെനിന്നും മാറ്റി പഴശി റിസർവോയറിനോട് ചേർന്ന സ്ഥലത്ത് പ്രവർത്തനം ആരംഭിച്ചത് ഏറെ എതിർപ്പുകൾക്ക് ശേഷമാണ്. 2014 ജനുവരി 18നാണ് പുതിയ സ്റ്റാൻഡ് അന്നതെ കൃഷി മന്ത്രി കെ.പി. മോഹനൻ ഉദ്ഘാടനം ചെയ്തത്.
പിന്നീട് ഇരിട്ടി ആസ്ഥാനമായി പുതിയ താലൂക്കും, പഞ്ചായത്ത് മാറി നഗരസഭയും വന്നെങ്കിലും പുതിയ സ്റ്റാൻഡിന്റെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം മന്ദഗതിയിൽ തുടരുകയായിരുന്നു.പിന്നീട് പലപ്പോഴും അപ്രോച്ചു റോഡ് തകർന്ന് ബസുകൾ ഉള്ളിൽ പ്രവേശിക്കാതെ വരികയും ചെയ്തിരുന്നു.
250ൽ അധികം ബസുകൾ
2014 ൽ 55 ബസുകൾക്ക് ഉപയോഗിക്കാൻ തക്കവണ്ണം നിർമിച്ച ബസ്സ്റ്റാൻഡിൽ ഇന്ന് 250 ൽ അധികം ബസുകളാണ് 1000ൽ അധികം സർവീസുകൾ നടത്തുന്നത്. ട്രിപ്പ് ആരംഭിക്കാൻ 10 മിനിറ്റിൽ കൂടുതൽ സമയം ഉണ്ടെങ്കിൽ ബസുകൾക്ക് സ്റ്റാൻഡിൽ പാർക്കിംഗ് സൗകര്യം ലഭിക്കില്ല.
ഇതുമൂലം സ്റ്റാൻഡിന് പുറത്ത് കിലോമീറ്ററുകൾ ദൂരെ റോഡരികിലും മറ്റുമായി പാർക്ക് ചെയ്യേണ്ടി വരുന്നു. ഇങ്ങനെ ബസുകൾ റോഡരികിൽ പാർക്ക് ചെയുന്നത് ഗുരുതരമായ ട്രാഫിക് പ്രശനങ്ങൾക്ക് കാരണമാകുന്നു. കെഎസ്ആർടിസി ബസുകൾ ഉൾപ്പടെ റോഡരികിൽ തന്നെയാണ് പാർക്ക് ചെയ്യുന്നത്.
ഒരു ബസിന് 10 മിനിട്ട്
ട്രിപ്പ് ആരംഭിക്കുന്നതിന് 10 മിനിട്ട് മുന്പ് മാത്രമേ ബസുകൾ സ്റ്റാൻഡിൽ പ്രവേശിക്കാവൂ എന്ന് അസോസിയേഷൻ നിയമമുണ്ടെങ്കിലും ആരും പാലിക്കുന്നില്ലെന്നാണ് ബസ് ഒണേസ് അസോസിയേഷൻ പറയുന്നത്. പല ബസ് ജീവനക്കാരും നിയമം പാലിക്കാറില്ലെന്നാണ് അസോസിയേഷന്റെ പരാതി.
കൃത്യമായി പാർക്കിംഗ് സംവിധാനം ഇല്ലാത്തതുകൊണ്ട് ബസുകൾ തലങ്ങും വിലങ്ങും നിർത്തിയിടുന്നത് കാരണം ശുചിമുറിയിലേക്ക് പോലും നടന്നുപോകാൻ കഴിയില്ല. സ്റ്റാൻഡിൽ കീഴ്പള്ളി - ഉളിക്കൽ- -എടൂർ- കൂട്ടുപുഴ ഭാഗത്തേക്കുള്ള ബസുകൾ നിർത്തുന്ന സ്ഥലമാണ് കൂടുതൽ പ്രശ്നം നിറഞ്ഞത്. ഒരേ ലൈനിൽ രണ്ടും മൂന്നും ബസുകളാണ് നിർത്തിയിടുന്നത്. ആയിരകണക്കിന് ജനങ്ങൾ എത്തുന്ന ബസ്സ്റ്റാൻഡിൽ സ്ഥിരം പോലീസ് സംവിധാനമില്ല. ബസ് ജീവനക്കാർ പരസ്പരം സമയത്തെ കുറിച്ചുള്ള തർക്കം പലപ്പോഴും കൈയാങ്കളിയിൽ എത്തുന്നത് ഇവിടെ പതിവാണ്.
ദീർഘദൂര ബസിനും കെഎസ്ആർടിസിക്കും പ്രത്യേക ട്രാക്കില്ല
സംസ്ഥാനത്തിനകത്തും പുറത്തുമായി സർവീസ് നടത്തുന്ന സർക്കാർ, പ്രൈവറ്റ് ബസുകൾക്ക് പ്രത്യേക ട്രാക്കുകളില്ല. അന്തർ സംസ്ഥാന ബസുകൾ ഒന്നും സ്റ്റാൻഡിനുള്ളിൽ പ്രവേശിക്കാതെയാണ് പോകുന്നത്. രാത്രി ഏഴ് കഴിയുന്നത്തോടെ ബസുകൾ ഒന്നും സ്റ്റാൻഡിലേക്ക് കയറാതെ അന്തർസംസ്ഥാന പാതയിലാണ് നിർത്തിയിടുന്നത്. രാത്രി എട്ടാകുന്നതോടെ അന്യ സംസ്ഥാന തൊഴിലാളികളുടെ കേന്ദ്രമായി ബസ് സ്റ്റാൻഡ് മാറും.
നിലവാരമില്ലാത്ത ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ
ബസ്സ്റ്റാൻഡിനുള്ളിലെ കാത്തിരിപ്പ് കേന്ദ്രങ്ങൾ പലതും നിലവാരമില്ലാത്തതാണ്. മഴ പെയ്താൽ നനഞ്ഞൊഴുകുന്ന കാത്തിരിപ്പ് കേന്ദ്രങ്ങളിൽ പലതും തെരുവ് നായ്ക്കളുടെ പിടിയിലാണ്. ജനങ്ങൾക്ക് ബസ് കാത്തുനിൽക്കാൻ ഒരുക്കിയ സ്ഥലങ്ങൾ പലതും കച്ചവട സ്ഥാപനങ്ങൾ കൈയടക്കിയ നിലയിലാണ്. അതിവേഗം വളരുന്ന അന്തർ സംസ്ഥാന പട്ടണമായ ഇരിട്ടിയും അതിന്റെ ഭൗതിക സാഹചര്യങ്ങളും ഹൈടെക് ആവേണ്ടതുണ്ട്.
Tags : nattu vishesham New bus stand built