തിരുവനന്തപുരം: സംസ്ഥാനം അതിഗുരുതരമായ ധനപ്രതിസന്ധിയിലെന്ന് യുഡിഎഫ് സർക്കാർ പുറത്തുവിട്ട ധവളപത്രം. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർധിച്ചിരിക്കുകയാണെന്ന് ധവളപത്രം വ്യക്തമാക്കുന്നു.
സംസ്ഥാനത്തിന്റെ വരുമാനത്തിന്റെ ഏകദേശം 80 ശതമാനവും ശമ്പളം, പെൻഷൻ, പലിശ അടവ് എന്നിവയ്ക്കാണ് ചെലവാകുന്നത്. ഈ സാഹചര്യം ദീർഘകാലാടിസ്ഥാനത്തിൽ സാമ്പത്തികമായി നിലനിൽക്കുന്നതല്ലെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു.
സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം കേന്ദ്രസർക്കാരിന്റെ നിലവാരത്തിലേക്ക് ഉയർത്തണമെന്ന നിർദേശവും റിപ്പോർട്ടിലുണ്ട്. നിലവിലെ സാഹചര്യത്തിൽ ഉദ്യോഗസ്ഥർ അനുഭവസമ്പത്ത് പരമാവധി പ്രയോജനപ്പെടുത്താൻ കഴിയുന്ന പ്രായത്തിലാണു വിരമിക്കുന്നത്. വിരമിക്കൽ പ്രായം ഒരു വർഷം വർധിപ്പിക്കുമ്പോൾ സംസ്ഥാനത്തിന് ഏകദേശം 6,000 കോടി രൂപയുടെ വിരമിക്കൽ ആനുകൂല്യച്ചെലവ് ലാഭിക്കാനാകുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
സംസ്ഥാനം കടുത്ത ട്രഷറി പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും 2025-ൽ മാത്രം 262 ദിവസം വേയ്സ് ആൻഡ് മീൻസ് അഡ്വാൻസിനെയും 84 ദിവസം ഓവർഡ്രാഫ്റ്റിനെയും ആശ്രയിക്കേണ്ടി വന്നുവെന്നത് ഖജനാവിന്റെ ദയനീയാവസ്ഥ വെളിപ്പെടുത്തുന്നു.
സംസ്ഥാനത്തിന്റെ അടിസ്ഥാന വികസനത്തിനായുള്ള മൂലധന ചെലവ് രാജ്യത്തെ തന്നെ ഏറ്റവും താഴ്ന്ന നിരക്കിലാണെന്നത് ആശങ്കാജനകമാണ്. കിഫ്ബി (വഴി എടുത്തിട്ടുള്ള ഏകദേശം 21,000 കോടി രൂപയുടെ വായ്പാ ബാധ്യത യഥാർഥത്തിൽ സംസ്ഥാനത്തിന്റെ തന്നെ കടമാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഇതിന് പുറമെ കെഎസ്ആർടിസി, വാട്ടർ അതോറിറ്റി തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ ആകെ സഞ്ചിത നഷ്ടം 78,851 കോടി രൂപയായി ഉയർന്നു. സാമ്പത്തിക ഞെരുക്കം കാരണം പട്ടികജാതി, പട്ടികവർഗം, ന്യൂനപക്ഷ വിഭാഗങ്ങൾ എന്നിവർക്കായുള്ള പദ്ധതി വിഹിതത്തിൽ കഴിഞ്ഞ വർഷങ്ങളിൽ ഗണ്യമായ കുറവുണ്ടായതായും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.
Tags : kerala debt crisis report